ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിമാരായ അമിത് ഷായും സ്മൃതി ഇറാനിയും. ബംഗാളിൽ നിലവിലെ അവസ്ഥ മുൻപ് ഇടതുപാർട്ടികൾ ഭരിച്ചതിനേക്കാൾ കഷ്ടമാണ്. കഴിഞ്ഞ 10 വർഷക്കാലമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാൾ ജനത മാപ്പ് നൽകില്ലെന്ന് അമിത് ഷാ പറഞ്ഞു. ഹൗറയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ വീഡിയോ കോൺഫറസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

സംസ്ഥാനത്തെ ജനങ്ങളോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നൽകിയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തേക്ക് തിരിഞ്ഞുനോക്കൂ, എന്താണ് അവിടെ നടന്നത്. അതീവപ്രാധാന്യം നൽകേണ്ടുന്ന ഘടകങ്ങൾ ചിത്രത്തിൽ നിന്നുതന്നെ മറഞ്ഞുപോയി. ഇതിന് ബംഗാൾ ഒരിക്കലും മമതയോട് ക്ഷമിക്കില്ല. തൃണമൂൽ കോൺഗ്രസിലെ നിരവധി പ്രവർത്തകരും നേതാക്കളും പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നു. ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പ് ആവുന്നതോടെ മമത പാർട്ടിയിൽ ഒറ്റയ്ക്കാവുമെന്ന് അമിത് ഷാ പറഞ്ഞു.

മോദി സർക്കാർ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യമെന്നും ഷാ പരിഹസിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ബംഗാളിൽ നടത്തുന്നത്. ദേശീയ നേതാക്കളെല്ലാം ബംഗാളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട്.

ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാർട്ടിക്ക് ഒരിക്കലും സ്വന്തം പാർട്ടി അംഗങ്ങളെ നിലനിർത്താനാനാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജയ് ശ്രീറാം മുദ്രാവാക്യത്തെ നിങ്ങൾ ഉപേക്ഷിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാമക്ഷേത്രം നിർമ്മിക്കുന്നു, രാമരാജ്യം ബംഗാളിന്റെ വാതിൽക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി അല്ല, ഒരു സ്വകാര്യ കമ്പനിയാണ്. ഫെബ്രുവരി 28 ആവുന്നതോടെ കമ്പനി പോലും ഇല്ലാതാവും. ആരും പാർട്ടിയിൽ ബാക്കിയുണ്ടാവില്ലെന്ന് അടുത്തിടെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി പറഞ്ഞു.