കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കും. ഉംഫുൻ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും പ്രസംഗത്തിനിടയിൽ അദ്ദേഹം ഉയർത്തി.

മമതാ ബാനർജി നയിക്കുന്ന സർക്കാരിനെ നീക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നുള്ളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ 'സൊണാർ ബംഗ്ലാ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ബംഗാളിനെ 'സൊണാർ ബംഗ്ലാ' ആക്കാനുള്ള ബിജെപിയുടെ പോരാട്ടമാണ്. ഈ പോരാട്ടം ഞങ്ങളുടെ ബൂത്ത് പ്രവർത്തകരും തൃണമൂലിന്റെ സിൻഡിക്കേറ്റും തമ്മിലാണ്. മമതാ ബാനർജിയുടെ സർക്കാരിനെ നീക്കംചെയ്ത് ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നുള്ളതല്ല ഞങ്ങളുടെ ലക്ഷ്യം. പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളിൽ, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയിൽ, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം കൊണ്ടുവരിക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം', അമിത് ഷാ പറഞ്ഞു.