ഇറ്റാനഗർ: നിരന്തരം കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എട്ട് വർഷമായി മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസും ചോദിക്കാറുണ്ട്. കണ്ണടച്ചിരിക്കുന്നവർക്ക് രാജ്യത്തെ വികസനങ്ങൾ കാണാനാവില്ല. രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ എട്ട് വർഷത്തിനുള്ളിൽ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു.

ലണ്ടനിൽ നടന്ന 'ഐഡിയാസ് ഫോർ ഇന്ത്യ' പരിപാടിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ നേരത്തെ രാഹുൽഗാന്ധിക്കെതിരെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ വിമർശനം. അരുണാചൽ പ്രദേശിലെ നാംസായിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോൺഗ്രസുകാർ തുടർച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ എട്ടു വർഷമായി മോദി സർക്കാർ എന്തു ചെയ്തു എന്നാണ്. കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാൽ ഒരാൾക്ക് വികസനം കാണാൻ കഴിയുമോ കണ്ണടച്ചുപിടിച്ച് വികസനം കാണാൻ ശ്രമിക്കുകയാണ് കോൺഗ്രസുകാരെന്നും അമിത് ഷാ ആരോപിച്ചു.

' രാഹുൽ ബാബ, ദയവായി നിങ്ങളുടെ കണ്ണുകൾ തുറക്കുകയും ഇറ്റാലിയൻ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോൾ നിങ്ങൾക്കു കാണാം എട്ടുവർഷത്തിനിടയിൽ എന്താണ് സംഭവിച്ചതെന്ന്. ഈ എട്ടുവർഷംകൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞു. കഴിഞ്ഞ 50 വർഷമായി സാധിക്കാതിരുന്ന കാര്യങ്ങൾ നടപ്പാക്കാൻ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു', അമിത് ഷാ പറഞ്ഞു.

യു.കെ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി, അവിടെ ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയിരുന്നു. സംതൃപ്തവും സമാധാനപൂർണവുമായ ഒരു സാഹചര്യമല്ല ഇന്ത്യയിൽ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണം രാജ്യത്തിന്റെ ഭരണഘടനയെ തകിടംമറിച്ചിരിക്കുന്നു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും 'ഐഡിയാസ് ഫോർ ഇന്ത്യ' കോൺക്ലേവിൽ സംസാരിക്കവേ രാഹുൽ പറഞ്ഞിരുന്നു.