കോലാപൂർ: വിദേശയാത്രകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ മോദിയുടെ യാത്രകളെ ന്യായീകരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് നടത്തിയ യാത്രകളുമായി താരതമ്യപ്പെടുത്തിയാണ് അമിത് ഷാ മോദിയെ ന്യായീകരിച്ചത്.

വിദേശ യാത്രകളുടെ കാര്യത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും അത്ര പിന്നിലല്ലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മന്മോഹൻ സിങ് നടത്തിയ വിദേശയാത്രയുടെ അത്രതന്നെയേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയിട്ടുള്ളൂവെന്നും അമിത് ഷാ അവകാശപ്പെടുന്നു. മന്മോഹൻസിങ് നടത്തിയ വിദേശയാത്രകളൊന്നും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോലാപൂരിൽ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അമിത് ഷാ പ്രസ്താവന നടത്തിയത്.

മോദിയുടെ വിദേശയാത്രകളിൽ വിദേശ ഇന്ത്യക്കാർ ആവേശത്തോടെ ഒത്തുകൂടുകയും ലോകനേതാക്കൾ ഇന്ത്യയുമായി കരാറുകൾ ഒപ്പിടാൻ കാത്തിരിക്കുകയും ചെയ്തു. സർക്കാർ അധികാരമേറ്റ് ഒരു വർഷത്തിനകം സാമ്പത്തിക വളർച്ച 4.4 ശതമാനത്തിൽനിന്ന് 5.7 ശതമാനമായി ഉയർന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ കോടിക്കണക്കിനു ജനങ്ങൾക്കു തൊഴിൽ ലഭിക്കും. പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയിൽ ഏഴുകോടി ജനങ്ങൾ ഇതിനകം അംഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാനാവാത്തതിലാണ് പാർട്ടിയുടെ മുഖ്യ എതിരാളികൾ ഇത്തരം വിമർശനമുന്നയിക്കുന്നത്. യു.പി.എ ഭരണകാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയുണ്ടായിരുന്നു. ഇന്ന് രാജ്യത്തിന്റെ വളർച്ചാനിരക്ക് മികച്ച ഭരണത്തിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. അധികാരത്തിൽ എത്തി ഒരു വർഷം തികയുന്നതിനിടെ നരേന്ദ്ര മോദി 18 വിദേശരാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്.