- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ല; അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ വീണ്ടുമൊരു മിന്നാലാക്രമണത്തിന് മടിക്കില്ല; പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ; പരാമർശം, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ
പനജി: അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീണ്ടുമൊരു സർജിക്കൽ സ്‌ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ആക്രമണങ്ങൾ ഞങ്ങൾ സഹിക്കില്ല. നിങ്ങൾ അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ കൂടുതൽ മിന്നാലാക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന്റെയും പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.
'ഞങ്ങൾ ആക്രമണങ്ങൾ സഹിക്കില്ലെന്ന് സർജിക്കൽ സ്‌ട്രൈക്കുകൾ തെളിയിച്ചു. നിങ്ങൾ ലംഘിച്ചാൽ കൂടുതൽ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകും.' അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും കീഴിലുള്ള സർജിക്കൽ സ്‌ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്‌പ്പായിരുന്നു. ഇന്ത്യയുടെ അതിർത്തികൾ ആർക്കും തടസ്സപ്പെടുത്താനാകില്ലെന്ന് ഒരു സന്ദേശം നൽകാൻ കഴിഞ്ഞു. ചർച്ചകൾ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചടിക്കാനുള്ള സമയമാണ്.' അമിത് ഷാ കൂട്ടിച്ചേർത്തു.
#WATCH | "Another important step was surgical strike under PM Modi & former Defence Minister Manohar Parrikar. We sent out a message that one should not disrupt India's borders...There was a time when talks happened, but now is the time to reciprocate," says Home Min Amit Shah pic.twitter.com/BrMFUfzLRT
- ANI (@ANI) October 14, 2021
ഗോവയിലെ ധർബന്ധോരയിൽ നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം.
2016 സെപ്റ്റംബറിൽ ഇന്ത്യയിലെ ഉറി, പഠാൻകോട്ട്, ഗുരുദാസ്പുർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. ഉറി ആക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം 2016 സെപ്റ്റംബർ 29നാണ് സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്.
ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ കശ്മീരിൽ തടവിലാക്കി. ജവാന്മാരുടെ ത്യാഗത്തിന് രാജ്യം എന്നും സ്മരിക്കുന്നതായി സൈന്യം അറിയിച്ചു.
പൂഞ്ചിൽ പീർപഞ്ചാൾ മേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. വനമേഖല വഴി നുഴഞ്ഞ് കയറാൻ ശ്രമിക്കുകയായിരുന്നു ഭീകരർ. ഇതെതുടർന്നാണ് സൈന്യം മേഖലയിൽ തെരച്ചിൽ തുടങ്ങിയത്. വനത്തിനുള്ളിൽ പത്ത് കിലോമീറ്റർ ഉള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.
ന്യൂസ് ഡെസ്ക്