തിരുവനന്തപുരം: ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷായാത്രക്ക് ഉജ്ജ്വല സമാപനം. സി.പി.എം-ബിജെപി നേതാക്കളുടെ വാക്‌പോരു കൊണ്ടും വിവാദ പ്രസ്താവനകൾ കൊണ്ടും ശ്രദ്ധമായ ജനരക്ഷായാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ അണികളുടെയും നേതാക്കളുടെയും മികച്ച പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമായത്. സമാപന ദിവസം സമ്മേളനത്തിൽ പങ്കെടുക്കാനും പദയാത്രയ്ക്കും ബിജെപി അധ്യക്ഷൻ അമിത് ഷാ എത്തിയതാണ് അണികൾക്ക് ആവേശം പകർന്നത്. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും അമിത്ഷാ കടന്നാക്രമിച്ചു.

പ്രസംഗത്തിൽ ഉടനീളം പിണറായിയെയും സർക്കാറിനെയും വിമർശിച്ച അമിത്ഷാ വികസന കാര്യത്തെ കുറിച്ചും ഊന്നിപ്പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളെ കുറിച്ചായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസംഗത്തിൽ കൂടുതൽ ഊന്നൽ നൽകിയത്. വികസനത്തിന്റെയും ദാരിദ്ര്യ നിർമ്മാർജനത്തിന്റെയും കാര്യത്തിൽ തങ്ങളോട് ഏറ്റുമുട്ടാൻ സിപിഎമ്മിനെ അദ്ദേഹം വെല്ലുവിളിച്ചു. ഇക്കാര്യത്തിൽ പട്ടിക നിരത്താൻ തങ്ങൾ തയ്യാറാണെന്നും ഷാ പറഞ്ഞു.

കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 13 ബിജെപി പ്രവർത്തകർക്കാണ് ജീവൻ പോയത്. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണ്. അദ്ദേഹന്റെ നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ കൊല്ലപ്പെട്ടത്. അതുകൊണ്ട് ഈ കൊലപാതകങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി തയ്യാറാകണമെന്നും ഷാ ആവശ്യപ്പെട്ടു. കേരളത്തിൽ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ തങ്ങളുടെ പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എം അക്രമങ്ങൾ ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ട്. ജനരക്ഷായാത്രയുടെ പങ്കാളിത്തത്തിൽ ഭയന്നാണ് സോളാർ കേസ് സർക്കാർ എടുത്തിട്ടത്. ഇപ്പോൾ കേസ് മന്ദഗതിയിൽ ആക്കിയതും ജനരക്ഷായാത്രയെ ഭയന്നിട്ടാണെന്നു ഷാ പറഞ്ഞു. കേരളത്തിൽ മാത്രമല്ല സി.പി.എം സാന്നിധ്യമുള്ള ബംഗാൾ, തൃപുര എന്നിവിടങ്ങളിലും അക്രമവും അഴിമതിയുമാണ് നടക്കുന്നത്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അധികാരത്തിൽ നിന്ന് പുറത്തുപോയിട്ടുണ്ടോ അതിന്റെ കാരണം അഴിമതിയും കുടുംബ വാഴ്ചയുമായിരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാൻ പോകുന്നത് അഴിമതിയും അക്രമവും മുലമാകുമെന്നും ഷാ മുന്നറിയിപ്പും നൽകി.

കേരളത്തിൽ മാത്രമല്ല രാജ്യത്തെ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും ജനരക്ഷായാത്ര നടന്നു. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളും ജനരക്ഷായാത്ര നടന്നപ്പോൾ പാർട്ടിഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ല എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാൽ തങ്ങളുടെ ഓഫീസുകൾ ബോംബ് വെച്ച് തകർത്തവരാണ് പാർട്ടി ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ലെന്ന് പറയുന്നത്.  കേരളത്തിന്റ വികസനത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്ന് പിണറായി വിജയൻ പറയുന്നു.

വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സാഹചര്യം ഒരുക്കിയാൽ അതിന് തങ്ങൾ തയ്യാറാണ്. കേരളത്തിൻ കേന്ദ്രസർക്കാർ നൽകിയ സഹായങ്ങളെക്കുറിച്ച് ഞങ്ങൾ പറയാം. ഞങ്ങളുടെ പ്രവർത്തകരെ കൊന്നതിന്റെ കാരണം പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്നും അമിത് ഷാ ചോദിച്ചു. ബിജെപി- ആർഎസ്എസ് പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കേണ്ടിവന്നത്. ബിജെപിയെ അക്രമത്തിലൂടെ അടിച്ചമർത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനരക്ഷായാത്ര ചരിത്ര സംഭവമാണെന്നു കുമ്മനം രാജശേഖരൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും വച്ചുപൊറുപ്പിക്കില്ല എന്ന ജനവികാരമാണു യാത്രയിൽ കണ്ടത്. ഇരു പാർട്ടികൾക്കും ബിജെപിയെ എതിർക്കാൻ ആശയമില്ല. യാത്രയ്‌ക്കെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. കോൺഗ്രസ് തകർന്നു തരിപ്പണമായി. നേതാക്കൾ തലയിൽ മുണ്ടിട്ടു നടക്കുന്ന അവസ്ഥ. എൽഡിഎഫിൽ തോമസ് ചാണ്ടിയെ ചുമക്കുന്ന പിണറായി എങ്ങനെ ഇനി ആദർശ രാഷ്ടിയത്തെക്കുറിച്ചു പറയും. സി.പി.എം വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്നും കുമ്മനം വ്യക്തമാക്കി.

അമിത് ഷായ്‌ക്കൊപ്പം വേദിയിൽ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, വി. മുരളീധരൻ, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, അൽഫോൻസ് കണ്ണന്താനം, അശ്വിനികുമാർ ചൗരേ, രാംലാൽ, സുരേഷ് ഗോപി, റിച്ചാർഡ് ഹേ, സി.കെ. ജാനു, തുഷാർ വെള്ളാപ്പള്ളി, പി.സി. തോമസ്, എ.എൻ. രാജൻ ബാബു, ഒ. രാജഗോപാൽ എംഎൽഎ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരും സംസ്ഥാന ബിജെപി നേതാക്കളും അടക്കം നേതാക്കളുടെ വലിയ നിര തന്നെ സമാപന വേദിയിൽ എത്തിയിരുന്നു.

പാളയത്തു നിന്നും പ്രവർത്തകർക്കൊപ്പം നടന്ന് അമിത്ഷാ

നേരത്തെ പട്ടത്തു വച്ചാണ് അമിത്ഷാ ജനരക്ഷായാത്രയിൽ പങ്കാളിയായത്. പട്ടത്തു നിന്നും തുറന്ന ജീപ്പിൽ പാളയത്ത് എത്തിയ അദ്ദേഹം അവിടെ നിന്നും കാൽനടയാത്രയിൽല പങ്കാളിയായി. ഇവിടെ നിന്നുംത്രയുടെ അവസാന ഭാഗം പ്രവർത്തകർക്കൊപ്പം അമിത് ഷാ നടന്നു. പുത്തരിക്കണ്ടത്തെ വേദിയിൽ അദ്ദേഹ എത്തിയപ്പോഴേക്കും വലിയ ജനക്കൂട്ടം തന്നെ ഇവിടെയുണ്ടായിരുന്നു. അതിനിടെ പിണക്കങ്ങളെല്ലാം മറന്ന് ജാഥയ്ക്കൊപ്പം ബിഡിജെഎസ് പ്രവർത്തകരും അണിചേർന്നു.  അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയാണ് ബിഡിജെഎസ് പ്രവർത്തകർ യാത്രയുടെ ഭാഗമായത്. പാളയം മുതൽ അമിത് ഷായ്‌ക്കൊപ്പം തുഷാർ വെള്ളാപ്പള്ളിയും യാത്രയിൽ പങ്കെടുത്തു. നേരത്തെ യാത്രയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ബിഡിജെഎസിന്. പിന്നീട് അമിത് ഷാ നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് അവർ യാത്രയുടെ ഭാഗമാകാൻ തീരുമാനിച്ചത്.

ജിഹാദി- ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് കണ്ണൂർ പയ്യന്നൂരിൽ നിന്ന് ബിജെപി ജനരക്ഷാ യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ശ്രീകാര്യത്തു നിന്നാണ് യാത്ര ആരംഭിച്ചത്. പാർട്ടി കൊടികൾ കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ അലങ്കരിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള പ്രവർത്തകർ ജനരക്ഷായാത്രയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10.30നാണ് ശ്രീകാര്യത്തു നിന്നും കുമ്മനത്തിന്റെ നേതൃത്വത്തിൽ യാത്ര തുടങ്ങിയത്. ബലിദാനി ശ്രീകാര്യം ചെറുവയ്ക്കൽ ഗംഗാധരൻ നായർ നഗറിൽ രാവിലെ 10.30ന് കേന്ദ്ര തുറമുഖ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ യാത്ര ഉദ്ഘാടനം ചെയ്തു.

സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകൾ കുമ്മനം രാജശേഖരനും ദേശീയ നേതാക്കളും രാവിലെ സന്ദർശിച്ചിരുന്നു. സമാപന സമ്മേളനം മികച്ചതാക്കാൻ മികച്ച സംഘാടനമാണ് ബിജെപി നേതാക്കളും പ്രവർത്തകരും സംഘടിപ്പിച്ചിരിക്കുന്നത്. ഓറഞ്ച് ടീഷർക്കും വെള്ള മുണ്ടും ധരിച്ചും കാവി മുണ്ടും വെള്ള ഷർട്ടും ധരിച്ചുമാണ് പ്രവർത്തകർ ജാഥയിൽ അണിനിരക്കുന്നത്.

ജാഥയുടെ പ്രധാന മുദ്രാവാക്യം ജിഹാദി-ചുവപ്പ് ഭീകരതക്ക് എതിരെ എന്നാണ്. അതുകൊണ്ട് തന്നെ ജാഥക്കൊപ്പമുള്ള പാട്ടുകളും മുദ്രാവാക്യങ്ങളും ഇതേക്കുറിച്ചാണ്. ഇരുഭീകരതകളുടെയും വ്യാപ്തി കാണിക്കാൻ എന്ന ജാഥയ്ക്ക് മുമ്പേ രണ്ട് നിശ്ചല ദൃശ്യങ്ങളുമുണ്ട്. ഇനിയൊരു അമ്മയുടെ കണ്ണുനീർ വീഴരുത്... എന്ന മുദ്രാവാക്യങ്ങളുമായി വനിതാ പ്രവർത്തകരുമുണ്ട്. ലൗ ജിഹാദിനെ കുറിച്ച് പ്രതിഫലിപ്പിക്കാൻ ബൈക്കിൽ കണ്ണട വെച്ചിരിക്കുന്ന കാമുകനെയും മകൾക്ക് വേണ്ടി കരയുന്ന മാതാവിനെയും കാണിക്കുന്നു. ചുവപ്പുഭീകരതയെ പ്രതിഫലിപ്പിക്കാനുള്ള നിശ്ചലദൃശ്യം അക്രമം കണ്ട് ചുരുട്ട് വലിക്കുന്ന ചെഗുവേരയുടേതാണ്.