കൊൽക്കത്ത: ഇടതു പക്ഷത്തിന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ ഭരണം വേരോടെ പിഴുതെറിഞ്ഞ തൃണമൂൽ കോൺഗ്രസിനെ തറപറ്റിക്കാൻ ബിജെപി പശ്ചിമ ബംഗാളിൽ തേരോട്ടം തുടങ്ങി. മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായി മമത ബാനർജിയുടെ സ്വന്തം തട്ടകത്തിൽ കൂറ്റൻ റാലി സംഘടിപ്പിച്ചാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്റെ റാലിക്ക് തുടക്കമിട്ടത്. 2015-ൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റേയും 2016-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തുുടക്കമായിട്ടാണ് ഈ റാലി വിലയിരുത്തപ്പെടുന്നത്.

'എന്റെ പേര് അമിത് ഷാ; ഞാൻ ഒരു എളിയ ബിജെപി പ്രവർത്തകനാണ്; ഞാൻ ഇവിടെ എത്തിയത് തൃണമൂലിന്റെ വേരറുക്കാനാണ്' എന്നു പറഞ്ഞു തുടങ്ങിയാണ് അമി്ത് ഷാ പ്രസംഗം തുടങ്ങിയത്. ശാരദാ അഴിമതിക്കേസ്, ബർദ്വാൻ സ്‌ഫോടനം എന്നീ സമീപ കാല സംഭവങ്ങളും ബംഗ്ലാദേശി കുടിയേറ്റ പ്രശ്‌നവും ഉയർത്തിക്കാട്ടിയാണ് തൃണമൂൽ സർക്കാരിനെതിരേ അമിത് ഷാ ആഞ്ഞടിച്ചത്.

അതിനിടെ തൊട്ടടുത്ത മുസ്ലിം പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നപ്പോൾ ആറു മിനിറ്റ് നേരത്തേക്ക് അമിത് ഷാ പ്രസംഗം നിർത്തി വച്ചതും വലിയ കയ്യടി നേടിക്കൊടുത്തു. മുസ്ലിം സഹോദരങ്ങളെ പരിഗണിക്കുന്നില്ലെന്ന് മമതയ്ക്ക് കുറ്റം പറയാൻ ഒരു അവസരമുണ്ടാക്കിക്കൊടുക്കുന്നില്ലെന്നാണ് തുടർന്ന് അമിത് ഷാ പറഞ്ഞത്. കൊൽക്കത്തയിലെ വിക്ടോറിയ ഹൗസിനു മുന്നിൽ കൂറ്റൻ റാലിയാണ് സംഘടിപ്പിച്ചത്. 'അവർ തെറ്റുകാരാണെങ്കിൽ സിബിഐ കള്ളക്കേസ് ചുമത്തുകയാണെങ്കിൽ കോടതി തീരുമാനിക്കും. പാർട്ടി നേതാക്കൾക്ക് ഈ അഴിമതിക്കേസിൽ പങ്കില്ലെങ്കിൽ അവർക്ക് ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധമില്ലെന്നും അവർ സത്യസന്ധരാണെന്നും ദീദിക്ക് ഉറപ്പുണ്ടെങ്കിൽ അത് പരസ്യമായി പ്രഖ്യാപിക്കണം,' അമിത് ഷാ പറഞ്ഞു.

റാലിക്കുള്ള സ്ഥലം ദീദി വെട്ടിക്കുറച്ചെങ്കിലും ഇവിടെ എത്തിയ വലിയ ജനക്കൂട്ടം സൂചിപ്പിക്കുന്നത് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത മുനസിപ്പൽ കോർപറേഷൻ, ഫയർ ഫോഴ്‌സ്, പൊലീസ് തുടങ്ങിയവരുടെ പല എതിർപ്പുകളേയും തുടർന്ന് പാർട്ടി കൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ വർഷവും ജൂലൈ 21-ന് തൃണമൂൽ രക്തസാക്ഷി ദിന റാലി സംഘടിപ്പിക്കുന്ന വിക്ടോറിയ ഹൗസ് പരിസരിത്ത് ബിജെപി റാലി സംഘടപ്പിക്കാൻ കോടതിയാണ് അനുമതി നൽകിയത്. പാർലമെന്റിൽ കള്ളപ്പണത്തിനെതിരെ ശബ്ദിക്കുന്ന തൃണമൂൽ എംപിമാർ ഇവിടെ 17 ലക്ഷം ജനങ്ങളെ കൊള്ളയടിച്ച ശാരദ കേസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ഷാ ആരോപിച്ചു.

സിംഗൂരിൽ പ്രതിഷേധിച്ച പോലെ എന്തു കൊണ്ട് മമത ഇപ്പോൾ പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തൃണമൂൽ അധികാരത്തിലെത്തിയാൽ വികസനം വരുമെന്ന് ബംഗാളി ജനത കരുതി, പക്ഷേ മൂന്നര വർഷം കഴിഞ്ഞിട്ടും പുതിയൊരു നിക്ഷേപം പോലും കൊണ്ടു വരാൻ സർക്കാരിനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-ൽ നടക്കുന്ന കൊൽക്കത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഷാ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ തെരഞ്ഞെടുപ്പോടെ നമ്മുടെ രാഷ്ട്രീയ യാത്ര തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലുടനീളം മമതയ്‌ക്കെതിരേ രൂക്ഷമായാണ് അമിത് ഷാ ആഞ്ഞടിച്ചത്. ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരാണോ താങ്കളെ മുഖ്യമന്ത്രിയാക്കിയത് എന്നും ഷാ ചോദിച്ചു. ഉത്തരം പറയാൻ ചോദ്യങ്ങളൊരുപാട് ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.