ന്യൂഡൽഹി: ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിന്റെ വലംകൈയായി അമിത് ഷായുണ്ട്. മോദിയുടെ തട്ടകം ഡൽഹിയിലേക്ക് മാറിയപ്പോൾ ബിജെപി അധ്യക്ഷനായി ഷാ വീണ്ടുമെത്തി. ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിലെ കരുത്തനായി മാറിയ അമിത് ഷാ വീണ്ടും ഡൽഹിയിൽ തന്നെ ചുവടുറപ്പിച്ചു. അമിത് ഷായെ ബിജെപി ദേശീയ അധ്യക്ഷനായി രണ്ടാമൂഴവും നൽകിയിരിക്കയാണ് പാർട്ടി.

പാർട്ടി ഏകകണ്ഠമായി അമിത്ഷായെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും യോഗത്തിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ബിഹാർ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ദേശീയാധ്യക്ഷൻ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടവരാണ് അദ്വാനി ഉൾപ്പെടെയുള്ളവർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മറ്റ് ബിജെപി മന്ത്രിമാരും അധ്യക്ഷൻ സ്ഥാനത്തേക്ക് ഷായുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലെ ഏക നാമനിർദ്ദേശപ്പത്രികയും ഷായുടേതായിരുന്നു. 70 സെറ്റ് നാമനിർദ്ദേശപത്രികകളാണ് അമിത് ഷായ്ക്കു വേണ്ടി സമർപ്പിച്ചത്. 51കാരനായ അമിത്ഷാ 2014 ജൂലൈയിലാണ് ബിജെപി ദേശീയാധ്യക്ഷനാകുന്നത്. മുൻ അധ്യക്ഷൻ രാജ്‌നാഥ് സിങ് മന്ത്രിയായ ഒഴിവിലാണ് അദ്ദേഹം പ്രവേശിച്ചത്. മൂന്നു വർഷമാണ് ബിജെപി ദേശീയാധ്യക്ഷന്റെ കാലാവധി.

തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ പാർട്ടിയുടെ കേന്ദ്രസംസ്ഥാന നേതാക്കൾ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കാൻ പോയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. പുതിയ ദേശീയഭാരവാഹികളെ ഇന്ന് അമിത്ഷാ പ്രഖ്യാപിക്കും. രാജ്‌നാഥ് സിങിന്റെ ഒഴിവിലാണ് അമിത്ഷാ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തക്ക് എത്തിയത്.

ആദ്യ ഊഴത്തിൽ അമിത് ഷായുടെ പ്രവർത്തനരീതിയിൽ ആർഎസ്എസിനും പൂർണ തൃപ്തിയില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപൂർണ പിന്തുണ അമിത് ഷായ്ക്കുണ്ട്. ഇതും അടുത്തവരുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കാര്യമായ ചലനമുണ്ടാക്കാനാകില്ല എന്നതും കണക്കിലെടുത്ത് മുതിർന്ന നേതാക്കൾ പോലും പകരക്കാരനാകാൻ തയ്യാറാകാതിരുന്നതുമാണ് കാര്യങ്ങൾ അമിത് ഷായ്ക്ക് അനുകൂലമാക്കിയത്. അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കുമെതിരെ വിമതസ്വരമുയർത്തുന്ന യശ്വന്ത് സിൻഹ മൽസരിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.

ഉത്തർപ്രദേശിൽ അധികാരം പിടിക്കുകയും കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്നതുമാണ് അമിത് ഷായ്ക്ക് രണ്ടാമൂഴത്തിൽ തുടക്കത്തിൽ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയും വെള്ളാപ്പള്ളിയെ കൂടെകൂട്ടിയും മൂന്നാം മുന്നണി രൂപീകരിച്ചത് അമിത് ഷായുടെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു. ഇത് ഫലം കാണുമോ എന്നറിയാനുള്ള കാത്തിരിപ്പികാണ് കേരളം.