കൊച്ചി: വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് പാർട്ടിയുടെയും സഘ്യകക്ഷികളുടേയും അടിത്തറ വിപുലമാക്കുന്നതിനുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കൊച്ചിയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ, സംസ്ഥാന നേതൃത്വത്തിലെ പോരായ്മകളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ബിജെപിയുടെ കോർകമ്മറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തെ അതിരൂക്ഷമായി അമിത് ഷാ വിമർശിച്ചു. പവർപോയിന്റ് പ്രസന്റേഷനിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും അനുവദിച്ചില്ല. മുഖത്തോട് മുഖം നോക്കി കാര്യങ്ങൾ മതിയെന്നും പ്രസന്റേഷൻ വേണ്ടെന്നുമായിരുന്നു അമിത് ഷായുടെ പക്ഷം. കേന്ദ്രമന്ത്രിയെ കിട്ടിയാൽ കേരളത്തിൽ കരുത്തുകാട്ടാമെന്നും സംസ്ഥാന നേതാക്കൾ വ്യക്തമാക്കി. എന്നാൽ ലോക്‌സഭയിലേക്ക് ജയിച്ചാൽ മാത്രമേ കേന്ദ്രകാബിനെറ്റിൽ അംഗത്വം കിട്ടൂവെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കാൻ അനുവദിക്കാത്തതും മന്ത്രിസ്ഥാനാവശ്യം പരിഹസിച്ചു തള്ളിയതും ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. പാലക്കാട് നടന്ന കോർ കമ്മറ്റി യോഗ തീരുമാനങ്ങൾ അതേ പടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചായണ് മനോരമയിൽ അതേ പടി എത്തിയത്. ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിച്ച് അമിത് ഷാ ശാസിച്ചിരുന്നു. തെറ്റുകാരെ കണ്ടെത്തി നടപടിയെടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും സംസ്ഥാന നേതൃത്വത്തിന് പാലിക്കാനായില്ല. പകരം ശമ്പളം നൽകി ഉപദേഷ്ടാക്കളെ നിയമിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. ഇതിലൂടെ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചു കയറാൻ കുറുക്കു വഴികളില്ലെന്നുമുള്ള സന്ദേശമാണ് അമിത് ഷാ കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഇന്ന് നൽകിയത്.

അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനമോ വി മുരളീധരനോ കാബിനെറ്റിൽ എത്തുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുമാണ്. ഇതിനിടെയാണ് കോർ കമ്മറ്റിയിൽ കേന്ദ്ര മന്ത്രിപദമെന്ന ആവശ്യം ബിജെപി സംസ്ഥാന നേതൃത്വം ഉന്നയിച്ചത്. അതിരൂക്ഷമായാണ് ഇതിനോട് അമിത് ഷാ പ്രതികരിച്ചത്. ജയിച്ചിട്ടു പോരെ കേന്ദ്ര മന്ത്രിപദമെന്നായിരുന്നു ചോദ്യം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരാളെങ്കിലും ജയിച്ചെത്തിയാൽ മന്ത്രിയാക്കാമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയിലുടനീളം മോദി തരംഗം ആഞ്ഞെടിക്കുന്നു. എന്നാൽ ഗ്രൂപ്പിസം കാരണം കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഇത് മുതലെടുക്കാൻ കഴിയുന്നില്ല. അൽഭുതങ്ങൾ ഉണ്ടായാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂവെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ഇതിന് വേണ്ടി പ്രവർത്തിക്കുക. അല്ലാതെ കേന്ദ്ര മന്ത്രിപദം ആരും സ്വപ്‌നം കാണേണ്ടെന്ന സന്ദേശമാണ് അമിത് ഷാ പറയുന്നത്.

കേരളത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളുമാണ് പവർ പോയിന്റ് പ്രസന്റേഷനായി അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് അമിത് ഷാ അനുവദിക്കാത്തത്. ഇതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ മികവുകൾ ഉയർത്തിക്കാട്ടാനും ശ്രമമുണ്ടായി. ക്രമാതീതമായി ഉയരുന്ന വോട്ടുകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അപ്പോഴായിരുന്നു വോട്ട് കൂടുകയല്ല വേണ്ടത് ജയിക്കുകയാണ് രാഷ്ട്രീയത്തിൽ പ്രധാനമെന്ന അമിത് ഷായുടെ കമന്റ് എത്തിയത്. ഇതോടെ നേട്ടങ്ങൾ ഉയർത്തി പ്രതിരോധിക്കാനുള്ള നീക്കവും പൊളിഞ്ഞു. എൻ ഡി എ സംവിധാനം ശക്തിപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ മുന്നോട്ട് പോകാൻ കഴിയൂ. അതിന് പരമാവധി ആളുകളുമായി സഹകരിക്കണം. ബിജെപിയിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നവരെയെല്ലാം ഉൾക്കൊള്ളണമെന്ന സന്ദേശമാണ് ടീം കുമ്മനത്തിന് അമിത് ഷാ നൽകിയത്. അനാവശ്യ വിവാദങ്ങളിലൂടെ സമയം കളയരുതെന്ന മുന്നറിയിപ്പുമുണ്ട്. ഗ്രൂപ്പിസം അതിരുവിടുന്നുവെന്ന പരാതിയും കേരളത്തെ കുറിച്ച് ദേശീയ നേതൃത്വത്തിനുണ്ട്.

അമിത് ഷാ ഇന്ന് രാവിലെയാണ് കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു. പാർട്ടിയുടെ അടിത്തറ വിപുലമാക്കുക, എൻഡിഎ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് ബിഡിജെഎസ് ഉൾപ്പെടെയുള്ളവരിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ എൻഡിഎ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപിയും ബിഡിജെഎസും രണ്ടു വഴിക്കാണ് നീങ്ങുന്നത്. വേണ്ടത്ര ഏകോപനത്തിന് ബിജെപി നേതാക്കൾ ശ്രമിക്കുന്നില്ലെന്ന പരാതിയും അമിത് ഷായ്ക്ക് മുമ്പിലുണ്ട്. ഇതെല്ലാം തന്നെയാണ് കോർ കമ്മറ്റി യോഗത്തിൽ അമിത് ഷാ പ്രകടിപ്പിച്ചതും.

സംഘപരിവാറിനു പുറത്തുള്ളവരെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കും അമിത് ഷായ്ക്ക് പദ്ധതിയുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്തെ ഒരു ഹാളിലാണു കൂടിച്ചേരൽ. ക്ഷണിതാക്കളുടെ സംഗമമായിട്ടാണു പാർട്ടി വിശേഷിപ്പിക്കുന്നത്. സാംസ്‌കാരിക നായകർ, മതസമുദായ നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർക്കൊപ്പം ഇതര രാഷ്ട്രീയകക്ഷികളിലെ ചിലരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. എൻഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്കു നീക്കമുണ്ടായെങ്കിലും അതിനു സാധ്യത കുറവാണ്. ന്യൂനപക്ഷ പിന്തുണ ആർജിച്ചാൽ മാത്രമേ കേരളത്തിൽ മുന്നേറാൻ കഴിയൂവെന്നു വിലയിരുത്തുന്ന കേന്ദ്രനേതൃത്വം ഏതാനും നാളായി അതിനുള്ള പരിശ്രമത്തിലാണ്.

ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവർത്തകർ ഊഷ്മളമായ വരവേൽപ്പ് നൽകും. വിമാനത്താവളത്തിൽനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ഗസ്റ്റ് ഹൗസിലേക്ക് ആനയിക്കും. തുടർന്ന് 11 ന് വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ച നടത്തുന്ന അദ്ദേഹം 11.30 മുതൽ ഒരു മണിവരെ ഹോട്ടൽ ഹൈസിന്തിൽ സംസ്ഥാന ഭാരവാഹികളുമായുള്ള യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് സംഘപരിവാർ നേതാക്കളുമായി ചർച്ച നടത്തും. 3. 45 ന് ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്‌ച്ച , 5 മുതൽ 6 വരെ പാർലമെന്റ് മണ്ഡലങ്ങൂളുടെ ചുമതലയുള്ള നേതാക്കളുമായി ചർച്ച നടത്തും. 6.15 മുതൽ 7. 30 വരെ വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിൽ പ്രത്യേക ക്ഷണിതാക്കളുമായുള്ള കൂടിക്കാഴ്‌ച്ചയും സംവാദവും നടക്കും. 8 മുതൽ 8.45 വരെ ഹോട്ടൽ ഹൈസിന്തിൽ പ്രമുഖ നേതാക്കളുമായി സംവാദം ഉണ്ടായിരിക്കും.ഈ സംവാദം

4 ന് രാവിലെ 7 ന് ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപനം മാരാർജി ഭവനിൽ അമിത് ഷാ നിർവഹിക്കും. 8 ന് തൈക്കാട് 95 ാം നമ്പർ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടിൽനിന്ന് പ്രഭാത ഭക്ഷണം കഴിക്കും. 9ന് രാജാജി നഗറിലെ 96ാം നമ്പർ ബൂത്തിൽ ബൂത്ത് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കും. 10 മണിമുതൽ 11 മണിവരെ ഹോട്ടൽ ഹൈസിന്തിൽ ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകരുമായി കൂടിക്കാഴ്‌ച്ച നടത്തും. 11 മുതൽ 12 വരെ പ്രസ്മീറ്റ്, 12 ന് വിവിധവകുപ്പുകളുടെയും പദ്ധതികളുടെയും പ്രതിനിധികളുമായി ചർച്ച, 1 മുതൽ 2.30 വരെ എഡിറ്റർമാരുമായി കൂടിക്കാഴ്‌ച്ച,

3ന് ദീനദയാൽ ആഘോഷകമ്മിറ്റി മീറ്റിങ്, 5 ന് സംസ്ഥാന പ്രസിഡന്റുമായും ജനറൽ സെക്രട്ടറിയുമായുമുള്ള കൂടിക്കാഴ്‌ച്ചയുണ്ടാകും. 5.40 ന് ഗസ്റ്റ്ഹൗസിൽനിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെടുന്ന അമിത്ഷാ 6 ന് ഡൽഹിയിലേക്കു പോകും