- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനോഹർ ലാൽ ഖട്ടാറിനെ തള്ളി അമിത് ഷാ; രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല; സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന നിലപാട് തനിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ച് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ഉള്ളതാണെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വാദത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ. രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഹൈദരാബാദിൽ മാധ്യമങ്ങളോട് അമിത് ഷാ വ്യക്തമാക്കി. ഇപ്പോഴും അങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന് പിന്നിൽ ഹരിയാണയിലെ കർഷകരല്ലെന്നും, പഞ്ചാബിലെ കർഷകരാണെന്നും ആരോപിച്ച ഖട്ടാർ പ്രക്ഷോഭത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.
കർഷക സമരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോഴും ഹരിയാന മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഹരിയാനയിൽ കോവിഡ് 19 വ്യാപനം ശക്തമായാൽ അതിന് കാരണം പഞ്ചാബ് സർക്കാർ ആയിരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ തുറന്നടിച്ചു.ഇക്കാര്യം സംസാരിക്കാൻ വേണ്ടി താൻ പഞ്ചാബ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം ഫോൺ എടുത്തില്ല എന്നും ഘട്ടർ ആരോപിച്ചു. ഇതിനിടയിൽ ഹരിയാന - പഞ്ചാബ് മന്ത്രിമാരുടെ വാക്ക് പോരും ശക്തമായി.കർഷകർക്ക് എതിരെ ഹരിയാന സർക്കാർ സ്വീകരിച്ചത് ക്രൂര നടപടികൾ ആണെന്ന് ആരോപിച്ച് അമരീന്ദർ സിങ് രംഗത്തെത്തി. ഘട്ടർ തന്നെ വിളിച്ചിട്ട് താൻ പ്രതികരിച്ചില്ല എന്നത് നുണയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞിരുന്നു. തന്റെ കർഷകരോട് ചെയ്യേണ്ടതെല്ലാം ചെയ്തതിന് ശേഷം, ഇനി പത്തു തവണ വിളിച്ചാലും ഘട്ടറിന്റെ ഫോൺ എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കർഷകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തുകയും നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതായപ്പോഴാണ് ഹരിയാന സർക്കാർ അതിർത്തികൾ തുറന്നത്.
അതേസമയം പ്രക്ഷോഭം കേന്ദ്ര സർക്കാർ നിർദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റണമെന്ന് അമിത് ഷായുടെ നിർദ്ദേശം ഭാരതീയ കിസാൻ യൂണിയൻ പഞ്ചാബ് യൂണിറ്റ് അധ്യക്ഷൻ ജഗ്ജിത്ത് സിങ് തള്ളി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കർഷകരെ ഡിസംബർ മൂന്നിന് ചർച്ചയ്ക്ക് വിളിച്ചിരുന്നു. കർഷകരുടെ എല്ലാ ആവശ്യങ്ങളും പ്രശ്നങ്ങളും ചർച്ചചെയ്യാൻ തയ്യാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.അമിത് ഷാ ഉപാധിയോടെയാണ് കർഷകരെ ചർച്ചയ്ക്ക് വിളിച്ചതെന്നും അത് നല്ലകാര്യമല്ലെന്നും സിങ് പറഞ്ഞിരുന്നു. നിരുപാധികം തുറന്ന മനസോടെ കർഷകരെ ചർച്ചയ്ക്ക് വിളിക്കാൻ അദ്ദേഹം തയ്യാറാകേണ്ടതായിരുന്നു. യോഗം ചേർന്ന് അദ്ദേഹത്തിന് നൽകേണ്ട മറുപടി സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ജഗ്ജിത്ത് സിങ് പ്രതികരിച്ചിരുന്നു.കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.
മറുനാടന് ഡെസ്ക്