- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ മോശമായി ചിത്രീകരിക്കാൻ ആർക്കാണ് ആഗ്രഹം; ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉണ്ട്; വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ല; പെഗസ്സസ് വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡൽഹി: വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടും. ഇന്ത്യയുടെ വികസന യാത്രയെ ആർക്കും ഗൂഢാലോചനയിലൂടെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പെഗസ്സസ് വിവാദം ഉയർന്നുവന്നത് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടുമുൻപാണെന്നത് ഉയർത്തിക്കാട്ടി, കേന്ദ്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഇന്ത്യ വികസിക്കുന്നത് ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളുണ്ട്. ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്ത രാഷ്ട്രീയ പാർട്ടികളും ഉണ്ട്. ഇത് അത്തരം ആഗോള സംഘടനകൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തയ്യാറാക്കിയതാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്തരം കാലഗണനകളും ബന്ധങ്ങളും മനസിലാകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന റിപ്പോർട്ട് ഇന്ത്യയിൽ വികസനത്തിന് തടസം സൃഷ്ടിക്കുന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ്. ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്തവരാണ് ഇതിനു പിന്നിൽ. ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കാത്തവരാണ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നവർ.
ഇത്തരം പുറത്തുവിടലുകളുടെ കാലക്രമം മനസ്സിലാക്കൂ. ഈ കാലവും ബന്ധവും മനസ്സിലാക്കാൻ കഴിവുള്ളവരാണ് ഇന്ത്യൻ ജനത. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിന്റെ ഉദ്ദേശം ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണംകെടുത്തുക എന്നുള്ളതായിരുന്നു. ഇന്ത്യയുടെ വികസന യാത്രയെ തടസ്സപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. - അമിത് ഷാ പറഞ്ഞു.
പുതിയ മന്ത്രിസഭയെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷ പാർട്ടികൾ അനുവദിക്കാത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുടെ പുരോഗതി ദഹിക്കാത്ത ചില ശക്തികൾ ഉണ്ട്. എന്നാൽ ഇക്കൂട്ടർക്ക് ഇന്ത്യയുടെ വികസനയാത്രയെ തടസ്സപ്പെടുത്താൻ സാധിക്കില്ല.
ദേശീയ പുരോഗതിയെ തടസ്സപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ആരുടെ താളത്തിനൊത്താണ് ഇവർ പ്രവർത്തിക്കുന്നത്. ഇന്ത്യയെ മോശം പ്രതിച്ഛായയിൽ കാണാൻ ആഗ്രഹിക്കുന്നത് ആരാണ്. ഇന്ത്യയെ മോശമാക്കി കാണിക്കുന്നതിലൂടെ എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുക .
വർഷകാല സമ്മേളനത്തിൽ ഇന്ത്യൻ ജനതയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. കർഷകരുടെയും ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും പിന്നാക്ക വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയുള്ള നിരവധി പ്രധാന ബില്ലുകളിൽ ചർച്ചയും സംവാദവും നടക്കാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കേന്ദ്ര മന്ത്രിസഭ സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും മുൻഗണന നൽകി വികസിപ്പിച്ചത്. എന്നാൽ ഇത് ദഹിക്കാത്ത ശക്തികൾ ഇവിടെയുണ്ട്. അവർക്ക് രാജ്യത്തിന്റെ പുരോഗതിയുടെ ദിശ തെറ്റിക്കണം. ആരുടെ താളത്തിനാണ് ഇവർ നൃത്തം ചെയ്യുന്നത്, ആർക്കാണ് ഇന്ത്യയെ അപമാനിക്കേണ്ടത്? ഇങ്ങിനെ ചെയ്തിട്ട് ഇവർക്കൊക്കെ എന്ത് സന്തോഷമാണ് അതിൽ നിന്ന് കിട്ടുന്നത് എന്നും അദ്ദേഹം ചോദിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കോൺഗ്രസ് ഇതിൽ രോഷം കൊള്ളുന്നത് അപ്രതീക്ഷിതമല്ല. അവരുടെ സ്വന്തം വീട് പോലും ഇപ്പോൾ ദിശതെറ്റിയ നിലയിലാണ്. എന്നിട്ടും പാർലമെന്റിൽ എന്ത് പുരോഗമന വഷയം വരുമ്പോഴും ചർച്ച വഴിതിരിച്ച് വിടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിമാരടക്കം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഫോൺ ഇസ്രയേൽ ചാര സോഫ്റ്റുവെയർ പെഗസ്സസ് ചോർത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നിരുന്നു.
പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നത് തൊട്ടുമുൻപായി പുറത്തുവന്ന റിപ്പോർട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നാണ് അമിത് ഷാ
ആരോപിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്ന സമയം നോക്കണമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
അതേസമയം, ഫോൺ ചോർത്തലിൽപ്പെട്ട കൂടുതൽ പ്രമുഖരുടെ വിവരങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, തൃൺമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി, കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെൺകുട്ടി എന്നിവരുടെ പേരും പുറത്തുവന്ന പുതിയ പട്ടികയിലുണ്ട്.
ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗസ്സസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവ മുന്നൂറോളം പേരുടെ ഫോൺ ചോർത്തിയെന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക്