ന്യൂഡൽഹി: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാൻഡിലെ മൊൺ ജില്ലയിൽ സുരക്ഷാസേന ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഖേദ പ്രകടനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണെന്ന് വ്യക്തമാക്കിയ അമിത് ഷാ സൈന്യം വെടിവെപ്പിന് നിർബന്ധിതരായതാണെന്നും പാർലമെന്റിൽ വിശദീകരണം നൽകി. രാജ്യസഭയിൽ പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം ബഹളമുയർത്തി.

'തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് 21 കമാൻഡോകൾ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടർന്ന് അതിൽ തീവ്രവാദികളാണെന്ന സംശയത്തിൽ വെടിയുതിർക്കുകയായിരുന്നു' അമിത് ഷാ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറുപേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്ന് പിന്നീട് സൈന്യത്തിന് ബോധ്യപ്പെട്ടു. പരിക്കേറ്റ രണ്ടു പേരെ സൈന്യം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് ഗ്രാമീണർ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായി- ഷാ കൂട്ടിച്ചേർത്തു.

ഗ്രാമീണരുടെ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയുമുണ്ടായി. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കേണ്ടി വന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായി. മറ്റ് ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും പൊലീസും ശ്രമിക്കുകയാണ്.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. തിങ്കളാഴ്ച നാഗാലാൻഡ് ഡിജിപി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.

കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകുമെന്നും അമിത് ഷാ പാർലമെന്റിൽ അറിയിച്ചു.

സംഭവത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോൺസിറ്റിയിലെ അസം റൈഫിൾസ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അസംറൈഫിൾസ് ജവാന്മാർ വെടിയുതിർത്തു. ഇതിൽ ഒരു സാധാരണക്കാരൻ കൂടി കൊല്ലപ്പെടാൻ ഇടയാക്കിയെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളെയും രാവിലെ മുതൽ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചർച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇതോടെ ലോക്‌സഭ ബഹളത്തിൽ മുങ്ങി. രാവിലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗതതിന് ശേഷം കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്‌സഭയിൽ വിഷയം ഉന്നയിച്ചത്.

മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു രാജ്യസഭയിലെ നീക്കം. ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടുമണിവരെയും നിർത്തിവെച്ചു.

അമിത് ഷായുടെ മറുപടി തൃപ്തികരമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിൽനിന്ന് ഇറങ്ങിപ്പോയി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം മുതിർന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്തു.

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെവച്ച് സംഭവം അന്വേഷിക്കണമെന്ന് കോൺഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് എഎഫ്എസ്‌പിഎ പോലുള്ള വിവാദ നിയമങ്ങൾ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയുധമില്ലാതെയെത്തിയ സാധാരണക്കാരെ ആയുധധാരികളായ അക്രമകാരികളായി എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടെന്ന് മനസ്സിലായാൽ കൊള്ളാമെന്ന് ഗൗരവ് ഗൊഗോയ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്ക് നേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. കടകൾ തീയിട്ട് നശിപ്പിച്ചു. സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സൈന്യത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.