തിരുവനന്തപുരം: സംസ്ഥാന നേതാക്കൾക്ക് കർശന താക്കീത് നൽകിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ നിന്ന് മടങ്ങിയത്. അയ്യപ്പ ഭക്തരുടെ വികാരം അനുകൂലമാക്കി പാർട്ടി മുന്നോട്ട് പോയേ മതിയാകൂവെന്നാണ് സംസ്ഥാന അധ്യക്ഷന് പി എസ് ശ്രീധരൻ പിള്ളയ്ക്ക് അമിത് ഷാ നൽകിയ നിർദ്ദേശം. ചെറുമീനുകളെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തുകൊണ്ടു വന്ന് ആളാകാൻ ശ്രമിക്കരുതെന്ന നിർദ്ദേശവും അമിത് ഷാ നൽകിയിട്ടുണ്ട്. കണ്ണൂരിൽ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനിടെ ബിജെപി നേതാക്കളുമായി രാഷ്ട്രീയം ചർച്ചയാക്കി. അപ്പോഴാണ് ശ്രീധരൻപിള്ളയെ വിയർപ്പിക്കുന്ന തരത്തിൽ അമിത് ഷാ ക്ഷോഭിച്ചത്.

തിരുവനന്തപുരത്തെ ചർച്ചയ്ക്കിടെയാണ് ശ്രീധരൻപിള്ളയെ അമിത് ഷാ ശാസിച്ചത്. അഞ്ച് പേരാണ് ബിജെപിയിൽ പുതുതായി അംഗത്വമെടുത്തത്. ഐഎസ്ആർഒയുടെ മുൻ ചെയർമാൻ മാധവൻ നായരാണ് ബിജെപിയിൽ ചേർന്ന പ്രമുഖൻ. ഒപ്പം രാമൻ നായരും. ഏറെ നാളായി മാധവൻ നായർ പരിവാർ പ്രസ്ഥാനങ്ങൾക്കൊപ്പമാണുള്ളത്. അതുകൊണ്ട് തന്നെ രാമൻനായരെ സംഭവമായി അമിത് ഷായ്ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. കോൺഗ്രസിന്റെ സർവ്വാദരണീയ നേതാവാണ് രാമൻനായരെന്നും കേരളത്തിൽ ഏറെ സ്വാധീനമുള്ള നേതാവാണെന്നുമെല്ലാം പറഞ്ഞു വയ്ക്കാൻ ശ്രമിച്ചു. ഇതോടെയാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്. രാമൻനായർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ മാത്രമാണ് കേരളത്തിൽ അറിയപ്പെടുന്നതെന്ന വസ്തുത അമിത് ഷാ മനസ്സിലാക്കിയരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വിശദീകരണം വേണ്ടെന്നായിരുന്നു ശ്രീധരൻ പിള്ള അമിത് ഷാ പറഞ്ഞത്.

ഇതിനൊപ്പം ശാസനയും എത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിച്ചേ മതിയാകൂവെന്ന് പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെ പോയാൽ ഒരു സാഹായവും കിട്ടില്ലെന്നു അറിയിച്ചു. ഇതോടെ ശ്രീധരൻ പിള്ള പ്രതിരോധത്തിലായി. തിരുവനന്തപുരത്ത് ഉറപ്പായും ജയിക്കുമെന്ന് പറഞ്ഞാണ് അമിത് ഷായെ ആശ്വസിപ്പിച്ചത്. തിരുവനന്തപുരത്ത് ലോക്‌സഭയിൽ ജയിക്കുന്നതോടെ വലിയ മാറ്റം കേരളത്തിലുണ്ടാകും. ഇതിന് ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായി നിലപാട് എടുക്കണമെന്നും അഭ്യർത്ഥിച്ചു. എല്ലാ സഹായവും ചെയ്യാമെന്നും ലോക്‌സഭയിൽ കേരളത്തിൽ നിന്ന് ബിജെപി അംഗം ഉണ്ടായേ മതിയാകൂവെന്നും നിലപാട് അറിയിച്ചാണ് അമിത് ഷാ മടങ്ങുന്നത്. ശബരിമലയിൽ നിരന്തര പ്രക്ഷോഭം വേണമെന്നും ആവശ്യപ്പെട്ടു. പ്രധാന പ്രതിപക്ഷമെന്ന തോന്നൽ ഉണ്ടാക്കിയാൽ മാത്രമേ ജയിക്കാനാവൂവെന്നും അറിയിച്ചു. ഇതെല്ലാം ശ്രീധരൻ പിള്ള ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

വമ്പൻ സ്രാവുകളെ ബിജെപിയിൽ ചേർക്കുക. അതും തീർത്തും അപ്രതീക്ഷിതമായി. ഇതാണ് രാജ്യത്തെങ്ങും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാഷ്ട്രീയ നേട്ടത്തിനുണ്ടാക്കുന്ന തന്ത്രം. എന്നാൽ കേരളത്തിൽ മാത്രം പടിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിന് കഴിയുന്നില്ല. കേരളത്തിലെ സാമൂഹിക സാസ്‌കാരിക മേഖലയിൽ നിന്ന് വമ്പൻ വ്യക്തിത്വത്തെ ഇനിയും ബിജെപിക്ക് കിട്ടുന്നില്ല. നടൻ സുരേഷ് ഗോപിയും ക്രിക്കറ്റർ ശ്രീശാന്തും മാത്രാണ് ബിജെപിയോട് അടുത്ത സെലിബ്രട്ടികൾ. കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോഴും അമിത് ഷാ പ്രമുഖരെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചു. അന്ന് വെഞ്ഞാറമൂട് ശശിയെന്ന പ്രാദേശിക നേതാവിനെയാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം അമിത് ഷായെ പരിചയപ്പെടുത്തി. കേരളത്തിലെത്തുമ്പോഴും അമിത് ഷാ പലതും പ്രതീക്ഷിച്ചു. എന്നാൽ ഒന്നും നടന്നില്ല. ഇതിനിടെയാണ് രാമൻനായരുടെ മാഹാത്മ്യം വിളമ്പി ശ്രീധരൻ നായർ എത്തിയത്.

കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, മോഹൻലാൽ തുടങ്ങിയ വമ്പൻ പേരുകാരെ ബിജെപിയിൽ അടുപ്പിക്കാനാണ് കേരള നേതൃത്വത്തിന് അമിത് ഷാ നൽകിയ നിർദ്ദേശം. സജീവമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ആരും ബിജെപിക്കൊപ്പം ചേരാൻ തയ്യാറല്ല. ഇത് മറിച്ചു പിടിക്കാനാണ് രാമൻനായരെ ഉയർത്തി ശ്രീധരൻ പിള്ള ശ്രമിച്ചത്. ഇതോടെ ചെറുമീനുകളെ എത്തിച്ച് തന്നെ കേരളാ നേതൃത്വം പറ്റിക്കുകയാണെന്ന തോന്നൽ അമിത് ഷായിൽ സജീവമായി. കെ സുധാകരനെ പോലൊരു നേതാവിനെ അടിയന്തരമായി ബിജെപിയിൽ എത്തിക്കണമെന്നാണ് നേതാക്കൾക്ക് അമിത് ഷാ നൽകുന്ന നിർദ്ദേശം. ഏറെ നാളായി കോൺഗ്രസ് രാഷ്ട്രീയത്തിന് പുറത്താണ് രാമൻനായർ. ശബരിമല വിഷയം സമർത്ഥമായി ഉപയോഗിച്ച് ബിജെപി ലാവണം തേടുകയാണ് രാമൻനായർ ചെയ്തത്. എന്നാൽ കോൺഗ്രസിന് വേണ്ടി ശബരിമലയിൽ ഇടപെടൽ നടത്തുന്ന പ്രയാർ ഗോപാലകൃഷ്ണനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കവും നടന്നില്ല.

ശബരിമലയിൽ ദർശനത്തിന് പോലും അമിത് ഷാ സമ്മതിച്ചിട്ടുണ്ട്. ശബരിമലയിൽ സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരിൽ നടത്തിയത്. കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായി പാർട്ടി ഇപ്പോൾ ഇതിനെ കാണുന്നു. നവംബർ എട്ടു മുതൽ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ ശബരിമലയിൽ ദർശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും. പ്രതിഷേധ പരിപാടികൾ എൻഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എം.ഗണേശ് എന്നിവർക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഇന്നലെ കൂടിയാലോചനകളിൽ പങ്കെടുത്തു.

ശിവഗിരിയിൽ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തിൽ സഹകരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിർത്തി മറുപടി നൽകാനാണു തീരുമാനം. രഥയാത്രയ്ക്കു മുമ്പ് ന്യൂനപക്ഷ വിഭാഗത്തിലെ പ്രബലരെ സന്ദർശിച്ചു പിന്തുണ തേടണമെന്നും അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദർശിച്ചിരുന്നു.