തിരുവനന്തപുരം: സംഘടനാ പ്രവർത്തനത്തിൽ അലസത കാട്ടാൻ ആരേയും അനുവദിക്കില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കളോട് അമിത് ഷാ. മടികാട്ടുന്ന മുഴുവൻസമയ പ്രവർത്തകർക്ക് കടുത്ത ഭാഷയിൽത്തന്നെ ബിജെപി ദേശീയ അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. ആരും പാർട്ടിക്ക് അനിവാര്യരല്ല. പ്രവർത്തിക്കാൻ കഴിയാത്തവർക്ക് പുറത്തുപോകാമെന്ന നിർദ്ദേശവും അദ്ദേഹം നൽകി. പുറത്തുനിൽക്കുന്ന പ്രമുഖരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണാത്തതിനെ തുടർന്നായിരുന്നു വിമർശനം.

തിരുവനന്തപുരത്ത് നടന്ന പൗരസംഗമത്തിൽ ബിജെപി.യിൽ ചേരാമെന്ന് സമ്മതിച്ച് പുറത്തുനിന്നെത്തിയ ഒരാൾ വെഞ്ഞാറമൂട് ശശി മാത്രമാണ്. സിപിഐ.യുടെ മുൻ ജില്ലാ സെക്രട്ടറിയായ വെഞ്ഞാറമൂട് ശശി പാർട്ടിനടപടി നേരിട്ടയാളാണ്. കെ.എം.മാണിയെ കൂടെ കൊണ്ടുവരണം എന്ന അഭിപ്രായം അമിത് ഷായ്ക്കുണ്ട്. ഇതിനായി സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. എങ്ങനേയും മാണിയെ എൻ ഡി എയുമായി അടുപ്പിക്കണം. ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് നുഴഞ്ഞു കയറ്റാൻ കഴിയും. കൊച്ചിയിലും തിരുവനന്തപുരത്തും ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള ചർച്ച ഗുണം ചെയ്തു. ഈ സന്ദേശം സമൂഹത്തിലേക്ക് പടർത്തണം. മാണിയെ എൻ ഡി എ ക്യാമ്പിലെത്തിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണി ബിജെപി ക്യാമ്പിൽ ഉണ്ടാകണമെന്നതാണ് അമിത് ഷായുടെ ആഗ്രഹം.

ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുമായി കൊച്ചിയിൽ പ്രത്യേക കൂടിക്കാഴ്ച നടത്തിയ ഷാ, അദ്ദേഹത്തോടു ഡൽഹിയിലെത്തിച്ചേരാൻ ആവശ്യപ്പെട്ടു. ഡൽഹി ചർച്ചയിൽ തുഷാറിന് നൽകേണ്ട സ്ഥാനമാനങ്ങളിൽ തീരുമാനം എടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് മത്സരിക്കാൻ ആറ്റിങ്ങലും ആലപ്പുഴയും നൽകുമെന്നാണ് സൂചന. കേരളത്തിൽ പാർട്ടിക്കൊപ്പം നിൽക്കുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകാത്ത വിഷയം കേരളാ നേതാക്കൾ അമിത് ഷായെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാനുവിനും തുഷാറിനും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാനുള്ള അമിത് ഷായുടെ തീരുമാനം. ഇതു കഴിഞ്ഞാൽ അൽഭുതപ്പെടുത്തുന്ന പേരുകൾ ബിജെപിയിൽ എത്തണമെന്നാണ് നിർദ്ദേശം. ഇത്തവണ പ്രമുഖ നടനും നടിയും അമിത് ഷായുടെ കൈയിൽ നിന്ന് അംഗത്വം എടുക്കുമെന്ന് കേരള നേതാക്കൾ സൂചന നൽകിയിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല. ഇതും അമിത് ഷായെ അതൃപ്തനാക്കിയിട്ടുണ്ട്.

പൗരപ്രമുഖരുടെ യോഗത്തിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബാബു പോൾ, ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ, നടൻ ബാബു നമ്പൂതിരി, സംഗീതജ്ഞ ഓമനക്കുട്ടി, ഗായകൻ ജി. വേണുഗോപാൽ തുടങ്ങിയവർ എത്തിയിരുന്നു. ഒക്ടോബറിൽ താൻ വീണ്ടുമെത്തുമെന്നും എല്ലാ വീഴ്ചകളും അതിനുമുമ്പ് പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. ആദിവാസി ഗോത്രസഭാ നേതാവ് സി.കെ.ജാനുവിന് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പദവി നൽകുന്നതിൽ തീരുമാനമായി. ഇതിനൊപ്പം ബിഡിജെഎസിന് അഞ്ച് സ്ഥാനങ്ങളും ഉറപ്പു നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് രണ്ട് സീറ്റുകളും നൽകും. സഖ്യകക്ഷികളിൽ തുഷാർ വെള്ളാപ്പള്ളിക്കും സി കെ ജാനുവിനും മാത്രമാണ് അമിത് ഷാ ഉറപ്പുകൾ നൽകിയത്. ബിജെപി നേതാക്കളുടെ സ്ഥാനമാന ആവശ്യങ്ങളോട് അമിത് ഷാ പ്രതികരിച്ചതു പോലുമില്ല.

കേരളത്തിലെ ബിജെപി നേതൃത്വം അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ, സംസ്ഥാന ഘടകത്തെത്തന്നെ തഴയുമെന്നു അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്കു മറ്റു സംസ്ഥാനങ്ങളുണ്ടെന്നു രോഷത്തോടെ പറഞ്ഞുവെങ്കിലും കേരളം കൈവിടാൻ ഉദ്ദേശ്യമില്ലെന്നു വ്യക്തമാക്കിയാണു ഷാ മടങ്ങിയത്. ഒക്ടോബറിൽ വീണ്ടും വരും. തുടർന്നു മൂന്നു മാസം കൂടുമ്പോഴെല്ലാം സന്ദർശനമുണ്ടാകും. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടായേ തീരൂവെന്ന വ്യക്തമായ സംഘടനാദൗത്യവും നേതാക്കൾക്ക് അദ്ദേഹം നൽകി. കൊച്ചിയിൽ ശനിയാഴ്ച ചേർന്ന കോർകമ്മിറ്റി യോഗത്തിൽ ഉന്നത നേതൃത്വത്തിനു നൽകിയ മുന്നറിയിപ്പ് രണ്ടു ദിവസമായി തിരുവനന്തപുരത്തു ചേർന്ന വിവിധതല യോഗങ്ങളിൽ പല തരത്തിൽ അമിത് ഷാ ആവർത്തിച്ചു.

കേരളത്തിൽ ബിജെപി പ്രവർത്തനം പ്രസംഗത്തിലും നേതാക്കൾക്കുള്ള സ്വീകരണങ്ങളിലുമൊതുങ്ങുന്നു. പുറത്തുള്ള ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല. മടങ്ങിപ്പോകും മുമ്പ് സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിമാരെയും വിളിച്ചു കർശന താക്കീത് ഷാ ആവർത്തിച്ചു. ഓരോ നേതാക്കളെയും പ്രവർത്തകനെയും കൊണ്ടു പണിയെടുപ്പിക്കണം. പ്രസിഡന്റും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഓരോ ജില്ലയും അടിക്കടി സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കണം. രാഷ്ട്രീയേതര വിഷയങ്ങൾ മാറ്റിവച്ചു സംഘടനാ പ്രവർത്തനത്തിൽ മുഴുകാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നിർദ്ദേശം ലഭിച്ചു. ന്യൂനപക്ഷങ്ങളെ ആകർഷിക്കണമെന്നു പറയുമ്പോൾ തന്നെ ഭൂരിപക്ഷന്യൂനപക്ഷ വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളിലും ഇറങ്ങി പ്രവർത്തിക്കണം. ന്യൂനപക്ഷങ്ങൾക്കു ബിജെപിയോട് അകൽച്ചയുണ്ട് എന്ന മുൻവിധിയോടെ പെരുമാറുന്നതാണു കുഴപ്പമുണ്ടാക്കുന്നത് എന്നാണു പുതിയ വിലയിരുത്തൽ.

ഗുജറാത്തിൽ അധികാരത്തിലെത്തും മുമ്പുള്ള തിരഞ്ഞെടുപ്പിൽ 11% വോട്ടും മഹാരാഷ്ട്രയിൽ 8% വോട്ടുമാണു നേടിയത് എന്ന് എല്ലാ യോഗങ്ങളിലും ഷാ ആവർത്തിച്ചു. അതുകൊണ്ട്, 15% വോട്ട് നേടിയ കേരളത്തിലും അദ്ഭുതങ്ങൾ സംഭവിക്കാം. പക്ഷേ, കഠിനാധ്വാനത്തിനു തയാറാകണമെന്നാണ് കേരളാ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ഗൗരവത്തിലുള്ള ചർച്ച നടന്നിട്ടില്ലെന്ന് എഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചയിൽ അമിത് ഷാ പറഞ്ഞു.വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ബിഡിജെഎസ് ആണ് എൻഡിഎ ഘടകക്ഷിയെന്നു അതിന്റെ നേതാവ് തുഷാർ എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു അമിത് ഷായുടെ മറുപടി.

വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളാകുമ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അത് ചർച്ച ചെയ്ത് പരിഹരിക്കും. കന്നുകാലികളെ സംബന്ധിച്ച് അടുത്തിടെ ഇറക്കിയ വിജ്ഞാപനം രാഷ്ട്രീയ വിഷയമല്ലന്നും ദേശീയ മദ്യനയം ടൂറിസം നയത്തിന്റെ ഭാഗമായി കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.