കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരൻ കൂടിയായി അമിത് ഷാ. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ എത്തിയത്. നേരത്തെ കരിപ്പൂരിലിറങ്ങി കരമാർഗം കണ്ണൂരേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് അമിത്ഷാ വാടകയ്ക്ക് എടുത്തിട്ടുള്ള ഡൽഹിയിലെ വിമാനക്കമ്പനിയും, ബിജെപിയും കണ്ണൂർ വിമാനത്താവളത്തിലിറങ്ങാനുള്ള അനുമതി തേടുകയായിരുന്നു. അമിത്ഷാ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായത് വഴി ശക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ് ബിജെപി നൽകിയിരിക്കുന്നത്. വിമാനത്താവളത്തിലെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ ദക്ഷിണേന്ത്യൻ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ മാരാർജി ഭവൻ ഉദ്ഘാടനത്തിനായി തിരിച്ചു.

സെഡ് പ്ലസ് കാറ്റഗറിയിൽ പെടുന്ന നേതാവായതിനാൽ കണ്ണൂരിൽ സേന ശക്തമായ സുരക്ഷായാണ് അമിത് ഷായ്ക്കായി ഒരുക്കിയിരിക്കുന്നത്.ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തിൽ തലശേരി എഎസ്‌പി ചൈത്ര തെരേസ ജോൺ, ഡിവൈഎസ്‌പിമാരായ സികെ വിശ്വനാഥൻ, പിപി സദാനന്ദൻ, സിഐഎ കുട്ടികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനവേദിയായ താളിക്കാവിൽ സുരക്ഷാ വിലയിരുത്തി. സിആർപിഎഫ്, ക്യൂആർടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്. പിണറായിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രെമിത്തിന്റെ വീടും അമിത്ഷാ സന്ദർശിക്കും. പിന്നീട് 1.50 ഓടെ മട്ടന്നൂരിൽ എത്തി തിരുവനന്തപുരത്തേക്ക് തിരിക്കും.

ശബരിമല വിഷയത്തിൽ, സംഘപരിവാർ സംഘടനകളുടെ സമരത്തിനു അമിത്ഷായുടെ വരവ് കരുത്തുപകരും. സംസ്ഥാനത്ത് നാളുകൾ നീളുന്ന സമരമുഖത്തേക്കാണ് ബിജെപി നീങ്ങുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ ആവേശം നിലനിർത്തികൊണ്ടുപോകാനാണ് ബിജെപി തയ്യാറെടുക്കുന്നത്. പാർട്ടി നേതാക്കളുമായി കേരള കാര്യങ്ങൾ ചർച്ച ചെയ്യുന്ന അമിത് ഷാ എൻ.ഡി.എ യോഗത്തിലും പങ്കെടുക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന സമരമായിരിക്കും കേരള യാത്രയിലെ മുഖ്യ ചർച്ചാവിഷയം. ശബരിമല ക്ഷേത്രം തന്ത്രിയെയും അമിത് ഷാ കണ്ടേക്കും. തന്ത്രിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.

ബിജെപി. സംസ്ഥാന പ്രസിഡന്റായി പി.എസ്. ശ്രീധരൻപിള്ള ചുമതലയേറ്റശേഷം നടക്കുന്ന ആദ്യത്തെ ജനകീയ സമരമെന്ന നിലയ്ക്കാണ് ശബരിമല സമരത്തെ പാർട്ടി വിലയിരുത്തുന്നത്. െഹെന്ദവ വിശ്വാസികളുടെ വലിയ പിന്തുണ ഈ സമരത്തിന്റെ ആദ്യഘട്ടത്തിൽ നേടാനായത് പ്രധാന നേട്ടമായാണ് വിലയിരുത്തൽ. ശബരിമല സ്ത്രീപ്രവേശന വിധിയിൽ സുപ്രീം കോടതിയുടെ പുനഃപരിശോധനാ വിധി എന്തായാലും ശബരിമല ക്യാമ്പയിനുമായി ബിജെപി. മൂന്നോട്ടുപോകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ശബരിമല വിഷയത്തിൽ സിപിഎം. വീടുകയറി പ്രചാരണം നടത്തുമ്പോൾ വീടുകയറിയുള്ള കാമ്പയിനും ബിജെപി. ആലോചിക്കുന്നുണ്ട്.