തിരുവനന്തപുരം: ഗുജറാത്തിൽ തുടർച്ചയായി അധികാരത്തിലെത്തും മുമ്പ് ബിജെപി നേടിയത് വെറും 11 ശതമാനം വോട്ടുമാത്രമാണെന്നും എന്നാൽ കേരളത്തിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടു നേടിയിട്ടും സംസ്ഥാന നേതാക്കൾ ആത്മവിശ്വാസമില്ലാതെ പെരുമാറുന്നത് വലിയ വീഴ്ചയാണെന്നും വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. കേരളത്തിൽ നടത്തിയ സന്ദർശനത്തിൽ ഇക്കാര്യം വിശദീകരിച്ച് സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമർശനമാണ് അമിത്ഷാ ഉയർത്തിയത്.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കിയില്ലെങ്കിൽ സംസ്ഥാന ഘടകത്തെ തരംതാഴ്‌ത്തുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ദേശീയ നേതൃത്വത്തിന് പോകേണ്ടി വരുമെന്നും അമിത് ഷായുടെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞതായാണ് അറിയുന്നത്.

ഗുജറാത്തിലും മഹാരാഷ്ട്രയിലുമെല്ലാം കേരളത്തിലേതിനേക്കാൾ കുറഞ്ഞ വോട്ടുശതമാനമായി നിന്ന ബിജെപി അവിടെയെല്ലാം പിന്നീട് തകർപ്പൻ വിജയങ്ങളാണ് അടുത്തകാലത്തെ തിരഞ്ഞെടുപ്പുകൾ വരെ കാഴ്ചവച്ചത്. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി പുരോഗതിയിലേക്ക് നീങ്ങുന്നു. എ്ന്നാൽ കേരളത്തിൽ 15 ശതമാനം വോട്ടുനേടിയിട്ടും എൻഡിഎയെ മെച്ചപ്പെടുത്താനും മുന്നിൽ നിന്ന് നയിക്കാനും ബിജെപി സംസ്ഥാന നേതാക്കൾക്ക് കഴിയാത്തത് ലജ്ജാവഹമാണെന്ന് ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് അമിത്ഷാ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഗൂജറാത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപിയുടെ സംഘടനാപരമായ വളർച്ചയും തെരഞ്ഞെടുപ്പ് വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് അമിത്ഷാ സംസ്ഥാന നേതൃത്വത്തോട് കേരള രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഗുജറാത്തിൽ പാർട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ 11 ശതമാനവും മഹാരാഷ്ട്രയിൽ എട്ടു ശതമാനവും വോട്ട്്് നേടിയിരുന്ന സ്ഥിതിക്ക് 15ശതമാനം വോട്ട് നേടിയ കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ കഠിന പ്രയത്നം നടത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന നിഗമനത്തിലാണ് ബിജെപി ദേശീയ നേതൃത്വം.

നിലവിലെ സാഹചര്യത്തിൽ സംഘടനാപരമായ പാളിച്ചകളും ഗ്രൂപ്പിസവും നേതൃതലത്തിലെ പാകപ്പിഴകളുമെല്ലാം കേരളത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുന്നുണ്ടെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് അമിത് ഷായുടെ അന്ത്യശാസനം. കാച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയ അമിത് ഷാ പിന്നീട് നടന്ന കൂടിയാലോചനകളിലുമെല്ലാം ഇക്കാര്യം നേതാക്കളെ ധരിപ്പിച്ചതായാണ് സൂചന.

വോട്ട് ശതമാനത്തിന്റെ കണക്കുകാണിക്കലല്ല വിജയം തന്നെയാകണം ലക്ഷ്യം. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പുമുതൽ ഇക്കാര്യത്തിൽ വിജയം തന്നെയാവണം ലക്ഷ്യം. തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുന്ന പാർട്ടിയെന്ന നിലയിൽ കാര്യങ്ങൾ മാറണമെന്നും ദേശീയ അധ്യക്ഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ചുമതലകളിൽ വീഴ്ച വരുത്തുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. പാർട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കണം. ഇനി വിഭാഗീയത പാർട്ടിയിൽ തലപൊക്കരുതെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും അമിത്ഷാ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മുമ്പ് പല തവണ പാർട്ടിയുടെ കേരളത്തിലെ പ്രവർത്തന രീതികളോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും പലപ്പോഴായി പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കടക്കം താക്കീത് നൽകിയിട്ടും അതൊന്നും ഫലവത്തായിട്ടില്ലെന്ന തിരിച്ചറിവിലാണ് ബിജെപി ദേശീയ അധ്യക്ഷൻ.നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേട്ടം കൊയ്യാനായെങ്കിലും അതിന് ഒരു തുടർച്ചയുണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തിനായില്ലെന്ന് ദേശീയ നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

ഇക്കാര്യത്തിൽ സംസ്ഥാന ഘടകം നല്കുന്ന വിശദീകരണം മുഖവിലയ്ക്കെടുക്കാൻ തയ്യാറല്ലെന്ന സന്ദേശം തന്നെയാണ് അമിത്ഷാ നല്കുന്നത്.അതേസമയം ബിജെപിയിലെ പ്രശ്നങ്ങളെക്കുറിച്ച് സംഘപരിവാർ സംഘടനാ നേതാക്കളും അമിത്ഷായെ അതൃപ്തി അറിയിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സംസ്ഥാന സെക്രട്ടറിമാരെയും അമിത്ഷാ കാര്യമായി ശകാരിച്ചതായാണ് വിവരം. പ്രമുഖ നേതാക്കളുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.എന്തായാലും ഇനി ഒക്ടോബറിലാകും അമിത്ഷാ കേരളത്തിലെത്തുക.അപ്പോഴേക്കും കാര്യങ്ങൾ 'ഉഷാറാക്കണ'മെന്ന നിർദേശമാണ് അദ്ദേഹം നല്കിയിരിക്കുന്നത്.മാത്രമല്ല ഓരോ മൂന്നു മാസം കൂടുമ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ താനെത്തുമെന്നും സംസ്ഥാന നേതാക്കളെ ഓർമിപ്പിച്ചാണ് അമിത്ഷാ മടങ്ങിയത്.