മുംബൈ: അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും കൂടി സമ്പാദ്യം 1000 കോടിയിലേറെ രൂപ. രാജ്യസഭായിലേക്ക് ജയാ ബച്ചൻ മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നോമിനേഷൻ നൽകിയത്. ഇതിനായി ജയ ബച്ചൻ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവിവരങ്ങളുള്ളത്. എസ് പി സ്ഥാനാർത്ഥിയായാണ് ജയാ ബച്ചൻ രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നത്.

ജയയ്ക്ക് 198 കോടിയുടെയും അമിതാഭ് ബച്ചന് 803 കോടിയുടെയും സ്വത്താണുള്ളത്. പാരിസ്, ലണ്ടൻ, ദുബായ് തുടങ്ങി വിദേശ നഗരങ്ങളിലുൾപ്പെടെയായി ഇരുവർക്കും 19 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിൽ നാല് അക്കൗണ്ടുകളിലായി ജയയ്ക്ക് 6.59 കോടി രൂപയും 15 ബാങ്ക് അക്കൗണ്ടുകളിലായി ബച്ചന് 47.47 കോടി രൂപയുമാണു നിക്ഷേപം. മകൻ അഭിഷേക് ബച്ചന്റെയും മരുമകൾ ഐശ്വര്യ റായിയുടെയും സ്വത്തുവിവരങ്ങൾ സത്യവാങ്മൂലത്തിലില്ല.

അടുത്ത മാസം ജയാ ബച്ചന്റെ രാജ്യസഭാ കാലാവധി അവസാനിക്കും. നിലവിൽ യുപിയിൽ ബിജെപിക്കാണ് ഭരണമുള്ളത്. അതുകൊണ്ട് തന്നെ ജയാ ബച്ചന് വീണ്ടും രാജ്യസഭയിലെത്താനാകുമോ എന്ന സംശയമുണ്ടായിരുന്നു.

ഇതോടെ ബംഗാളിൽ നിന്ന് ജയാബച്ചനെ രാജ്യസഭയിലേക്ക് അയക്കാമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നിലപാട് എടുത്തു. ഇതിനിടെയാണ് ജയാ ബച്ചനെ വീണ്ടും നാമനിർദ്ദേശം ചെയ്യാൻ എസ് പി തീരുമാനിച്ചത്.