- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് രണ്ടാം തരംഗം: സഹായഹസ്തവുമായി അമിതാഭ് ബച്ചൻ; പോളണ്ടിൽനിന്ന് 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഡൽഹിയിൽ എത്തും
മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിൽ തുടരുന്നതിനിടെ മെഡിക്കൽ ആവശ്യങ്ങൾക്കായി അഞ്ച് ലീറ്റർ ശേഷിയുള്ള 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി നൽകുമെന്ന് നടൻ അമിതാഭ് ബച്ചൻ. ന്യൂഡൽഹിയിലെ ഗുരുദ്വാര റകാബ് ഗഞ്ചിലെ കോവിഡ് കേന്ദ്രത്തിനുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ആദ്യബാച്ച് തിങ്കളാഴ്ച അവിടെ എത്തുമെന്നും ബച്ചൻ തന്റെ ബ്ലോഗിലൂടെ അറിയിച്ചു.
'പോളണ്ടിൽനിന്നു ഞാൻ ഓർഡർ ചെയ്ത് വാങ്ങിയ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ആദ്യ ലോഡ് നാളെ (തിങ്കളാഴ്ച) രാവിലെ ആറോടെ ഡൽഹിയിൽ ലാൻഡ് ചെയ്യും' തന്റെ ബ്ലോഗിൽ ബച്ചൻ കുറിച്ചു. പോളണ്ടുമായി വ്യക്തിപരമായ ബന്ധമുള്ള താരമാണു ബച്ചൻ. കഴിഞ്ഞ വർഷം റോക്ലോ സിറ്റി കൗൺസിൽ ബച്ചന്റെ പിതാവും പ്രശസ്ത കവിയുമായ ഹരിവംശ് റായ് ബച്ചന്റെ പേര് ഒരു സ്ക്വയറിനു നൽകിയിരുന്നു
ദേശീയ തലസ്ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബച്ചൻ നേരത്തേ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂർ കോവിഡ് കെയർ സെന്ററിന് രണ്ടു കോടി രൂപ സംഭാവന നൽകിയിരുന്നു. 'ഇപ്പോൾ നൽകുന്നത് 10 ലീറ്റർ ഓക്സിജൻ കോൺസൻട്രേറ്ററുകളാണ്. പക്ഷേ ഗവേഷണങ്ങൾ പ്രകാരം 5 ലീറ്ററിന്റേതിനു കൂടുതൽ ഡിമാൻഡുണ്ട് എന്നറിയുന്നു. അതിനാൽ 5 ലീറ്റർ ശേഷിയിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി വാങ്ങിയിട്ടുണ്ട്' ബച്ചൻ വ്യക്തമാക്കി.
ജുഹുവിലെ ഒരു സ്കൂളിൽ തന്റെ സംഭാവന കൊണ്ടു 25 കിടക്കകളുള്ള പരിചരണ കേന്ദ്രം തയാറായെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പ്രശംസ ആവശ്യമില്ലെന്നു പറഞ്ഞ താരം, ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്ത് നാശം വിതയ്ക്കുന്നതിലെ ആശങ്കയും പങ്കുവച്ചു.
ന്യൂസ് ഡെസ്ക്