തിയേറ്ററുകളിൽ തരംഗമായി മുന്നേറുകയാണ് ഷാരൂഖ് ഖാന്റെ റായീസ്. റിലീസിന് മുൻപു വന്ന വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചിട്ടില്ല. ആദ്യ ദിവസം ചിത്രം സ്വന്തമാക്കിയത് 20.67 കോടി രൂപ. ആരാധക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയും പ്രശംസയുമായെത്തി.

റായീസ് കണ്ട ശേഷം തന്റെ ട്വിറ്ററിലൂടെയാണ് അമിതാഭ് ഷാരൂഖിനെ പ്രത്യേകം പരാമർശിച്ചത്. റായീസിന് എന്റെ എല്ലാവിധ ആശംസയും, ഷാരൂഖ് നിന്റെ ദേഷ്യമാണ് എനിക്കിഷ്ടമായതെന്ന് ബിഗ് ബി കുറിച്ചു. ബിഗ് ബിയുടെ ട്വീറ്റോടെ ഷാരൂഖ് ആരാധകർ കൂടുതൽ ആവേശത്തിലാണ്. ചോക്ലേറ്റ് ഇമേജാണ് ഷാരൂഖിന്. ഇത് മാറ്റുന്നതാണ് റായീസിലെ കഥാപാത്രം. ഇതാണ് അമിതാഭും കുറിക്കുന്നത്.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'റായീസ്' ഷൂട്ടിങ് സമയത്തു തന്നെ വൻ വിവാദങ്ങളിൽ പെട്ടിരുന്നു. പാക് നായിക മഹീറ ഖാൻ അഭിനയിക്കുന്നതിനെതിരെ നവ നിർമ്മാൺ സേന രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും നായികയെ മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നതിനാൽ നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെയുമായി ഷാരൂഖ് നേരിട്ട് ചർച്ചകൾ നടത്തി ഒത്തുതീർപ്പിലെത്തിയിരുന്നു.

നവാസുദീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷനെതിരെ റെയിൽവേ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും ഒരാൾ മരിച്ചതും പ്രശ്‌നമായിരുന്നു.