മുബൈ: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകളിൽ പേര് വന്നതോടെ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്റെ പ്രതിഛായയ്ക്ക് വൻ തിരിച്ചടി. ഇൻക്രെഡിബിൾ ഇന്ത്യ പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസഡർ പദവിയിൽ ബച്ചനെ നിയോഗിച്ചെങ്കിലും തൽക്കാലം അത് നിശ്ചലമായ അവസ്ഥയാണ്. ബച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനും കേന്ദ്രം ആലോചിക്കുന്നതായി സൂചനയുണ്ട്.

ബച്ചനെ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ബ്രാൻഡ് അംബാസഡർ നിയമനം മരവിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ പേരുവന്ന സ്ഥിതിക്ക് ബച്ചനെ അംബാസഡറാക്കുന്നത് ഇന്ത്യയുടെ പ്രതിഛായക്ക് കോട്ടം തട്ടിക്കുമെന്ന് നിലപാടിലാണ് കേന്ദ്രം.

പാനമയിലെ രണ്ട് ഷിപ്പിങ് കമ്പനികളുമായി ബന്ധപ്പെട്ടാണ് ബച്ചന്റെ പേര് ഉയർന്നുവന്നത്. എന്നാൽ, പാനമ രേഖകളിൽപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് ധനകാര്യ മന്ത്രാലയം സൂചിപ്പിക്കുന്നത്. ബച്ചന്റെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയാണെങ്കിൽ ബ്രാൻഡ് അംബാസഡർ പദവി അദ്ദേഹത്തിന് നഷ്ടമാകുമെന്നുറപ്പാണ്.

അസഹിഷ്ണുതാ പരാമർശം നടത്തിയതിനെത്തുടർന്ന് ബോളിവുഡ് നടൻ ആമിർ ഖാന് ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ പദവി അടുത്തിടെ നഷ്ടമായിരുന്നു. എന്നാൽ, ഇതൊരു സ്വകാര്യ ഏജൻസി നടത്തുന്ന പ്രചരണപരിപാടിയാണെന്നും കരാർ തീർന്നതുകൊണ്ടാണ് ആമിർ ഖാൻ ഒഴിവായതെന്നുമാണ് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടത്.