ന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ ഒരേ ചിത്രത്തിനായി നേർക്കുനേർ വരുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിന്റെ ബിഗ്‌ബി അമിതാബച്ചനും മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലുമാണ് ഏറ്റുമുട്ടുന്നത്. ഗുനാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാകും തെന്നിന്ത്യയിൽ ലാൽ അവതരിപ്പിക്കുക.

വമ്പൻ പ്രൊജക്ടിന്റെ ചർച്ചകൾ നടക്കുന്നതായി വിദ്യാബാലന്റെ കഹാനിയുടെ സഹനിർമ്മാതാവ് കൂടിയായ ജയന്തിലാൽ ഗാഢ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചതോടെ ആരാധകരും കാ്ത്തിരിപ്പിലാണ്.സിനിമയുടെ ചിത്രീകരണം മൗറീഷ്യസിലെ ഒരു ദ്വീപിലായിരിക്കും. അടുത്ത വർഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് സൂചന.

'ഗുംനാം' എന്നപേരിൽ വരുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആണ്. രണ്ടു താരങ്ങളെയും സിനിമയുടെ കഥയുമായി സമീപിച്ചെന്നും അവർ രണ്ടു പേരും കഥയോട് അനുകൂലമായി പ്രതികരിച്ചെന്നും എന്നാൽ ഇത് വരെ അന്തിമമായ കരാർ ഒപ്പിട്ടിട്ടില്ലെന്നുമാണ് ഗാഢ പറയുന്നത്.

1965ൽ ഗുംനാം എന്ന പേരിൽ ചിത്രം പുറത്തിറങ്ങിയിരുന്നു. ഇ. നിവാസ് ആണ് 'ഗുംനാം' സംവിധാനം ചെയ്തത്. എന്നാൽ മനോജ് കുമാറും നന്തയും ഒന്നിച്ച ഗുംനാം എന്ന ചിത്രത്തിന്റെ റീമേക്ക് അല്ല ഇതെന്നതും മറിച്ച് ഇത് ഒരു തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണെന്നും പറഞ്ഞ നിർമ്മാതാവ് അത് ഏത് സിനിമയുടെ റീമേക്ക് ആയിരിക്കുമെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

ഇതിനു മുമ്പ് മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാറിൽ ലാലും ബച്ചനും ഒന്നിച്ചിരുന്നു. ബിഗ് ബിയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു കാണ്ഡഹാർ. രാം ഗോപാൽ വർമ്മയുടെ കമ്പനി, ആഗ് എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെ ബോളിവുഡ് സിനിമകൾ.