മുംബൈ: എംടിയുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തിന്റെ സിനിമാ പതിപ്പിൽ അഭിനയിക്കാനില്ലെന്ന് ബിഗ് ബി അമിതാഭ് ബച്ചൻ. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രത്തിൽ ബിഗ്‌ബി ഭീഷമരായി എത്തുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽനിന്നുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാൽ ഭീമനായും അമിതാഭ് ബച്ചൻ ഭീഷ്മരായും വെള്ളിത്തിരയിൽ എത്തുമെന്ന് സംവിധായകൻ ശ്രീകുമാർ അറിയിച്ചിരുന്നു. ഐശ്വര്യറായ്, വിക്രം, നാഗാർജുന എന്നിവരടങ്ങിയ താരനിരയും രണ്ടാമൂഴത്തിൽ ഉണ്ടാകുമെന്ന വാർത്തയ്ക്കു പിന്നാലെയാണ് ബച്ചൻ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

600 കോടി രൂപയാണ് സിനിമയുടെ മുതൽമുടക്കായി പ്രതീക്ഷിക്കുന്നത്. മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച കല്യാൺ ജൂവലറിയുടെ പരസ്യചിത്രം സംവിധാനം ചെയ്തതും ശ്രീകുമാർ ആയിരുന്നു.