കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ- പാക് മത്സരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചത് ബോളിവുഡ് താരം അമിതാബ് ബച്ചൻ ആയിരുന്നു എന്നതായിരുന്നു ഈ പ്രത്യേകത. അമിതാബിന്റെ ഖനഗാംഭീര്യ ശബ്ദത്തിൽ ദേശീയ ഗാനം ആലപിച്ചത് ഇന്ത്യ മുഴുവൻ ഏറ്റുപാടുകയും ചെയ്തു. മത്സരം ഇന്ത്യ വിജയിക്കുക കൂടി ചെയ്തതോടെ ഇന്ത്യൻ ആരാധകർക്ക് അത് ഇരട്ടിമധുരം ആകുകയും ചെയ്തു.

എന്നാൽ, ബച്ചൻ ദേശീയ ഗാനം ആലപിച്ചതിന് കോടികൾ വാങ്ങിയോ? സോഷ്യൽ മീഡിയയിലും ചില മാദ്ധ്യമങ്ങളും ഈ ചോദ്യം ഉന്നയിച്ചിരുന്നു. ഇങ്ങനെ വിവാദം കൊഴുക്കുന്നതിനിടെ ദേശീയ ഗാനം ആലപിച്ചതിന് അമിതാബ് ബച്ചൻ കോടികൾ പ്രതിഫലം വാങ്ങിയെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തള്ളി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ഇന്ത്യയുടെ മുൻ നായകനുമായ സൗരവ് ഗാംഗുലി രംഗത്തെത്തി. ഈഡൻ ഗാർഡൻസിൽ ദേശീയ ഗാനം ആലപിക്കുന്നതിന് അദ്ദേഹം ചില്ലക്കാശ് പോലും വാങ്ങിയില്ലെന്നും സ്വന്തം കാശ് ചെലവാക്കിയാണ് അദ്ദേഹം കൊൽക്കത്തയിൽ എത്തിയതെന്നും ബംഗാളിലെ പ്രമുഖ ദിനപത്രമായ ആനന്ദബസാർ പത്രികയോട് ഗാംഗുലി വ്യക്തമാക്കി.

'നിങ്ങൾക്ക് ഒന്ന് വെറുതെ ചിന്തിക്കാനാകുമോ 30 ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കി ഒരു കലാകാരൻ ഒരു പരുപാടി അവതരിപ്പിക്കുന്നതിനെ കുറിച്ച്. ബച്ചൻ സ്വയം കാശ് മുടക്കി വിമാന ടിക്കറ്റെടുക്കകയും ഹോട്ടൽ ബില്ലടക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തോട് കുറച്ച് പണമെങ്കിലും സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ലെന്നും ഗംഗുലി വ്യക്തമാക്കി.

ദേശീയ ഗാനം ആലപിക്കുന്നതിനെ തികഞ്ഞ ദേശസ്‌നേഹത്തോടെയാണ് അദ്ദേഹം കണ്ടതെന്നാണ് ഗാംഗുലി പറയുന്നത്. ഇവിടെ പണത്തിന്റെ കാര്യം ഉദിക്കുന്നില്ലെന്നാണ് ബച്ചൻ പറഞ്ഞതെന്നും ഗാംഗുലി പറയുന്നു. ബച്ചൻ ഏറ്റവും ബഹുമാന്യനായ വ്യക്തിത്വമാണെന്നും അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. പ്രോ കബഡി ലീഗിന്റെ ബ്രാൻഡ് അംബാസിഡറായ ബച്ചൻ നാല് കോടി രൂപ ദേശീയ ഗാനം ആലപിച്ചതിന് വാങ്ങിയെന്ന വാർത്ത വന്നിരുന്നു. ഇതോടെയാണ് ബച്ചന്റെ ദേശീയ ഗാനാലാപനവും വിവാദമായത്.