ബ്ദഗാംഭീര്യം കൊണ്ടും അഭിനയത്തികവു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ച ബോളിവുഡിന്റെ സ്വന്തം ബി ഇനി ക്രിക്കറ്റിലും തരംഗമാകും. പക്ഷേ, കളത്തിലല്ല. കമന്ററി ബോക്‌സിലാണ് അമിതാഭ് ബച്ചൻ തന്റെ സാന്നിധ്യമറിയിക്കുക.

ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിലാണ് അമിതാഭ് ബച്ചന്റെ കമന്റേറ്ററായുള്ള അരങ്ങേറ്റം. ഇന്ത്യയുടെ നായകൻ കപിൽ ദേവ്, മുൻ പാക് ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ, ഹർഷ ഭോഗ്‌ലെ എന്നിവരും ബച്ചനൊപ്പം ഇന്ത്യ-പാക് മത്സരത്തിന്റെ കമന്റേറ്റർമാരാകും.

വെള്ളിയാഴ്ച പുറത്തിറങ്ങുന്ന 'ഷമിതാഭ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ബിഗ് ബി കമന്റേറ്ററായി എത്തുന്നത്. ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയ സ്റ്റാർ സ്‌പോർട്‌സും ഷമിതാഭിന്റെ അണിയറ പ്രവർത്തകരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് അമിതാഭ് എത്തുന്നത്.

കമന്റേറ്ററായി ബച്ചൻ എത്തുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. പ്രൊമോയിൽ കപിൽ ദേവും ഷൊയ്ബ് അക്തറും പ്രത്യക്ഷപ്പെടുന്നു. മറ്റെന്തിനേക്കാളും ക്രിക്കറ്റിനോടും സിനിമയോടുമാണ് ഇന്ത്യൻ ജനതയ്ക്ക് അഭിനിവേശമെന്നും കമന്റേറ്ററാകുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്നും ബച്ചൻ പറഞ്ഞു.

ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിക്കാൻ ബച്ചന്റെ ശബ്ദത്തിന് കഴിയുമെന്ന് ഷമിതാഭിന്റെ സംവിധായകൻ ആർ ബാൽകി പറഞ്ഞു. ഷമിതാഭിൽ അക്ഷര ഹാസനും ധനുഷും ബച്ചനൊപ്പം മുഖ്യവേഷത്തിലുണ്ട്.