ട്വിറ്ററിൽ ആരാധകരെ സൃഷ്ടിക്കുന്നതിൽ ഒന്നാം സ്ഥാനത്തായിരുന്നു ബോളിവുഡ് താരം അമിതാഭ് ബച്ചൻ. എന്നാൽ കോടിക്കണക്കിന് ഫോളോവേഴ്‌സുള്ള അമിതാബച്ചന്റെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കുറയുന്നതായി കണ്ടെത്തി.ഏകദേശം 60,000 ഫോളോവേഴ്‌സിനെയാണ് ബച്ചന് നഷ്ടപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവത്തിനെതിരെ അമിതാബച്ചന്റെ ട്വീറ്റ് പുറത്തുവന്നത്. '2599 ഫോളോവഴ്‌സിനെ കാണ്മാനില്ല ട്വിറ്റർ വെട്ടിക്കുറച്ചു. എനിക്ക് ട്വിറ്റർ വിടാൻ സമയമായിരിക്കുന്നു' എന്നാണ് ബച്ചൻ ട്വിറ്ററിലൂടെ പറഞ്ഞത്.

ഇത്തരം വെട്ടിക്കുറയ്ക്കലിന്റെ ശരിയായ കാരണങ്ങൾ അന്വേഷിച്ചു വരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. 3,29,41,837 ഫോളോവേഴ്‌സുള്ള ബച്ചന് ഇപ്പോൾ ഉള്ളത് വെറും 3,29,02,320 ഫോളോവേഴ്‌സ് മാത്രമാണെന്നാണ് എ.എൻ.ഐ റിപ്പോർട്ടുകൾ പറയുന്നത്.രാജ്യത്ത് വ്യാജ ഫോളോവേഴ്‌സുകളെ വിൽക്കുന്ന പല ഏജൻസികളുണ്ടെന്നും, അവർക്കെതിരെ യു.എസ് അന്വേഷണ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബോളിവുഡ് താരമായ ബച്ചൻ സോഷ്യൽ മീഡിയ കൂടുതൽ ഉപയോഗിച്ചിരുന്നത് ഫാൻസുമായി ഇടപഴകാനും തന്റെ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കാനുമാണ്. ഈയടുത്തിടെ സ്വന്തമായി തുടങ്ങിയ ബ്ലോഗിലും ബച്ചനിപ്പോൾ ആക്ടീവായി വരുന്നതെയുള്ളൂ