ഹൈദരാബാദ്: ഹൈദരാബാദിനെയും തെലങ്കാനയേയും രാജവാഴ്ചയിൽ നിന്നും ജനാധിപത്യത്തിലേക്ക് എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ റോഡ്‌ഷോയ്ക്കു ശേഷം ഹൈദരാബാദിൽ പാർട്ടി പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഹൈദരാബാദിനെ നവാബ്‌നൈസാം ഭരണത്തിൽനിന്ന് മോചിപ്പിക്കുകയെന്ന പ്രഖ്യാപനവുമായാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

അഴിമതിയിൽനിന്നു സുതാര്യതയിലേക്കു കൊണ്ടുപോകും. എല്ലാവർക്കും തുല്യ അലസരം ലഭിക്കും. രണ്ടാംകിട പൗരന്മാരായി ആരും ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ക്കെതിരെ രൂക്ഷവിമർശനമുയർത്തിയാണ് ഹൈദരാബാദിൽ അമിത് ഷായുടെ പ്രചാരണം. ഭരണകക്ഷിക്ക് അസദുദ്ദീൻ ഒവൈസിയുമായും അദ്ദേഹത്തിന്റെ എഐഎംഐഎം പാർട്ടിയുമായും 'രഹസ്യ സൗഹൃദം' ഉള്ളതായി അമിത് ഷാ ആരോപിച്ചു.

ഒവൈസിയുമായുള്ള സൗഹൃദം എന്തുകൊണ്ടു രഹസ്യമാക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനോടു ചോദിക്കുക. എഐഎംഐഎമ്മുമായി നിങ്ങൾ കരാറുണ്ടാക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. എന്നാലും എന്തിനാണു 'രഹസ്യ കരാറുകളുണ്ടാക്കുന്നത്?'- അമിത് ഷാ ചോദിച്ചു.

ടിആർഎസും എഐഎംഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ വികസനത്തിനു തടസ്സം. ഈ വർഷം ആദ്യം ഉണ്ടായ പ്രളയത്തിന് ഉത്തരവാദികൾ തെലങ്കാന രാഷ്ട്ര സമിതി പാർട്ടിയാണെന്നും അമിത് ഷാ വാദിച്ചു. പ്രളയമില്ലാത്ത നഗരമായി ഹൈദരാബാദ് മാറും. പ്രളയ ജലം ഏഴു ലക്ഷത്തോളം വീടുകളിലേക്കാണു കയറിയത്. എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?. കാരണം വെള്ളം പോകാൻ കൃത്യമായ വഴികളുണ്ടായിരുന്നില്ല. ബിജെപിക്ക് ഒരു അവസരം തരൂ. ഞങ്ങൾ ഈ പ്രശ്‌നം പരിഹരിക്കാം.

ലോകത്തെ തന്നെ ഐടി ഹബ്ബാകാൻ ഹൈദരാബാദിന് സാധിക്കും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ ഇതു സംഭവിക്കും. ടിആർഎസ് നയിക്കുന്ന മുനിസിപ്പൽ കോർപറേഷൻ പരാജയപ്പെട്ടു. നഗരവികസനത്തിനായി കേന്ദ്രം ഫണ്ട് നൽകിയിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കിയത് എവിടെയാണെന്നും അമിത് ഷാ ചോദിച്ചു. ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.