തിരുവനന്തപുരം: ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് അതീവജാഗ്രത നിർദ്ദേശം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെതുടർന്നാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യാണ് വിജയ യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കർശന സുരക്ഷാ ക്രമീകരണങ്ങൾ.

ഇന്നു രാവിലെ മുതൽ സംസ്ഥാനത്തെ ഓരോമേഖലയും പൊലീസിന്റെ കനത്തനിരീക്ഷണത്തിലായിരിക്കും. ചില മതസംഘടനകളുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എസ്‌ഐ. തലത്തിലുള്ള ഉദ്യോഗസ്ഥരോടടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷണവും കരുതലും ഏർപ്പെടുത്തിയിട്ടുണ്ട്.

5.30ന് ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ തലസ്ഥാനത്ത് എത്തിയ അമിത്ഷാ രാവിലെ കന്യാകുമാരിയിലേക്ക് പോയി. അതുകൊണ്ട് തന്നെ ഈ യാത്രാ വഴിയിലും കർശന നിരീക്ഷണമാണുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കത്തിനു വിജയ് യാത്രയുടെ സമാപന സമ്മേളനം വേദിയാകും. ചെറിയ വിവാദങ്ങൾ മാറ്റി നിർത്തിയാൽ പ്രവർത്തകരെ തെരഞ്ഞെടുപ്പ് ആവേശത്തിലെത്തിക്കാൻ യാത്രയ്ക്ക് കഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പരമാവധി പ്രവർത്തകരെ സമാപന വേദിയിലെത്തിക്കാനും നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓൾ സെയിൻസ് ജംക്ഷനിൽ നിന്നും വൈകിട്ട് 4 ന് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്വീകരിച്ച് വിജയയാത്രയുടെ സമാപനസമ്മേളന വേദിയായ ശംഖുമുഖം കടപ്പുറത്ത് എത്തിക്കും. 4 മണിക്ക് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്ന്യാസി സംഗമത്തിൽ പങ്കെടുത്തശേഷമാകും അമിത്ഷാ വിജയയാത്രയുടെ സമാപനസമ്മേളനം വേദിയിലെത്തുക. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ഈ യാത്രയ്ക്ക് എത്തുന്ന ഓരോരുത്തരേയും നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം.

കേന്ദ്ര ഏജൻസികളുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പഴുതടച്ച അതീവ സുരക്ഷയാണ് അമിത് ഷായ്ക്ക് നൽകുന്നത്.