- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റു പാർട്ടിക്കാർക്ക് സഞ്ചരിക്കാൻ പോലും ധൈര്യമില്ലാതിരുന്ന പാർട്ടി ഗ്രാമങ്ങളിൽ ഉഷാറോടെ നടന്നു അമിത് ഷായും കുമ്മനവും; ചെങ്കൊടി പറന്ന വീഥികളിൽ കാവിക്കൊടി ഏന്തി ആയിരങ്ങൾ; രോഷാകുലരായി നേരിടാൻ തയ്യാറായ ചാവേറുകളെ കർശന ഉത്തരവേടെ വീട്ടിൽ ഇരുത്തി സി.പി.എം: ദിലീപിന്റെ ജാമ്യത്തിൽ ശോഭ മങ്ങിയെങ്കിലും അണികളിൽ ആവേശം വിതറി കുമ്മനത്തിന്റെ യാത്ര തുടരുന്നു
പയ്യന്നൂർ: കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളെ കുറിച്ച് പുറത്തുവന്നിട്ടുള്ള രാഷ്ട്രീയ വാർത്തകൾ അത്രയ്ക്ക് മികച്ചതായിരുന്നില്ല. മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് പ്രവർത്തിക്കാൻ പോലും അനുമതി നൽകാത്ത സാഹചര്യമാണ് കണ്ണൂരിലെ സി.പി.എം ഗ്രാമങ്ങളിൽ എന്നതായിരുന്നു കാലങ്ങളായുള്ള ആക്ഷേപം. അങ്ങനെ ചെങ്കൊടി മാത്രം പിടിച്ചു വളർന്ന ഗ്രാമത്തിലേക്കാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കാവിക്കൊടി പടിച്ചു നടന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ജാഥ കടന്നു പോകുമ്പോൾ ശരിക്കും ചങ്കിടിച്ചത് സി.പി.എം നേതാക്കൾക്കായിരുന്നു. ജാഥയുടെ വീര്യത്തേക്കാൾ സ്വന്തം അണികളെ അടക്കി നിർത്തുക എന്ന കാര്യത്തിലായിരുന്നു നേതാക്കളുടെ ശ്രദ്ധ. അണികൾ ആവേശം കൊണ്ട് എന്തെങ്കിലും അക്രമം കാണിച്ചാൽ അത് ദേശീയ തലത്തിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമായിരുന്നു. അതുകൊണ്ട് അണികളെ നിലയ്ക്കു നിർത്താനായിരുന്നു കോടിയേരി ബാലകൃഷ്ണനും കൂട്ടരും ശ്രമിച്ചത്. കുമ്മനം രാജശേഖരൻ നയിക്കുന്ന ജ
പയ്യന്നൂർ: കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളെ കുറിച്ച് പുറത്തുവന്നിട്ടുള്ള രാഷ്ട്രീയ വാർത്തകൾ അത്രയ്ക്ക് മികച്ചതായിരുന്നില്ല. മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് പ്രവർത്തിക്കാൻ പോലും അനുമതി നൽകാത്ത സാഹചര്യമാണ് കണ്ണൂരിലെ സി.പി.എം ഗ്രാമങ്ങളിൽ എന്നതായിരുന്നു കാലങ്ങളായുള്ള ആക്ഷേപം. അങ്ങനെ ചെങ്കൊടി മാത്രം പിടിച്ചു വളർന്ന ഗ്രാമത്തിലേക്കാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കാവിക്കൊടി പടിച്ചു നടന്നത്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചർച്ചയാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ജാഥ കടന്നു പോകുമ്പോൾ ശരിക്കും ചങ്കിടിച്ചത് സി.പി.എം നേതാക്കൾക്കായിരുന്നു. ജാഥയുടെ വീര്യത്തേക്കാൾ സ്വന്തം അണികളെ അടക്കി നിർത്തുക എന്ന കാര്യത്തിലായിരുന്നു നേതാക്കളുടെ ശ്രദ്ധ. അണികൾ ആവേശം കൊണ്ട് എന്തെങ്കിലും അക്രമം കാണിച്ചാൽ അത് ദേശീയ തലത്തിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമായിരുന്നു. അതുകൊണ്ട് അണികളെ നിലയ്ക്കു നിർത്താനായിരുന്നു കോടിയേരി ബാലകൃഷ്ണനും കൂട്ടരും ശ്രമിച്ചത്.
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു ചുവപ്പു കോട്ടകളിലൂടെ തുടക്കമിട്ടത് അമിത്ഷായുടെ തന്ത്രമായിരുന്നു. തങ്ങൾക്കും ഇവിടെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണമെന്ന ഉദ്‌ഘോഷനമായിരുന്നു ഇത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൂടെ, കാവിക്കൊടിയേന്തിയ ആയിരങ്ങളുടെ അകമ്പടിയോടെ എട്ടു കിലോമീറ്ററോളം കാൽനടയായി ജാഥയിൽ പങ്കെടുത്തു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച അമിത് ഷാ പ്രസംഗത്തിലൂടെ സി.പി.എം അണികളെ പ്രകോപിപ്പിക്കാൻ ഷാ ശരിക്കും ശ്രമങ്ങൾ നടത്തി.
17നു തിരുവനന്തപുരത്തു ജാഥ സമാപിക്കുമ്പോൾ, കേരളത്തിൽ നിന്നു സിപിഎമ്മിനെ എന്നെന്നേക്കുമായി വേരോടെ പിഴുതെറിയുന്ന നാളുകളുടെ തുടക്കം കുറിക്കുമെന്ന് ആദ്യദിന പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. പയ്യന്നൂർ ഗാന്ധിപാർക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അമിത് ഷായുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു ജാഥ പര്യടനം തുടങ്ങിയത്. 'ജിഹാദി ഭീകരതയ്ക്കും ചുവപ്പു ഭീകരതയ്ക്കുമെതിരെ' എന്ന മുദ്രാവാക്യവുമായാണു ജാഥയെങ്കിലും പ്രസംഗത്തിലുടനീളം സിപിഎമ്മിനെതിരെ മാത്രമായിരുന്നു അമിത് ഷായുടെ ആക്രമണം.
രണ്ടര മണിക്കൂറോളം നീണ്ട ആദ്യദിന പര്യടനത്തിൽ അമിത് ഷാ, ബിജെപി സംസ്ഥാന നേതാക്കൾ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാർഡ് ഹേ, ഒ.രാജഗോപാൽ എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മുഴുവൻ സമയം കാൽനടയായി പങ്കെടുത്തു. നാലു ദിവസമാണു കണ്ണൂർ ജില്ലയിൽ പര്യടനം. ഇന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാശ്ശേരി മുതൽ കണ്ണൂർ വരെ ജാഥയിൽ പങ്കെടുക്കും. അതേസമയം, പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ അതിക്രമിച്ചു കയറി പന്തൽ കെട്ടിയെന്നാരോപിച്ചു ബിജെപിക്കെതിരെ നഗരസഭ പൊലീസിൽ പരാതി നൽകി. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാൽ കേസെടുക്കുമെന്നു കാണിച്ചു കുമ്മനം രാജശേഖരനു പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്.
ജാഥയുടെ ഭാഗമായി ഇനിയും സി.പി.എം കേന്ദ്രങ്ങളിലൂടെ അമിത്ഷാ കടന്നുപോകും. മമ്പറത്തു നിന്നും പിണറായി വഴി തലശ്ശേരിയിലേക്കുള്ള ജനരക്ഷാ യാത്രയിലും അമിത്ഷാ നടക്കും. മമ്പറം കഴിഞ്ഞാൽ പിണറായിയിലും തലശ്ശേരിയിലും നിരവധി പാർട്ടി ഗ്രാമങ്ങളാണ്. സിപിഐ.(എം )ന്റെ നെടുങ്കോട്ടയിലൂടെ തന്നെയാണ് അമിത്ഷാ കടന്നു പോവുക. സിപിഐ.(എം )ന്റെ തട്ടകത്തിലൂടെ ദേശീയ പ്രസിഡണ്ടു തന്നെ നടന്നു പോകുന്നത് അണികൾ ആവേശത്തോടെയാണ് കാണുന്നത്.
അതേസമയം ജില്ലയിലെ ജനങ്ങൾ ഉത്കണ്ഠയിലാണ്. യാത്രക്കിടയിലോ അതിനു ശേഷമോ വല്ല അനിഷ്ട സംഭവം ഉണ്ടാവുമോ എന്ന ഭീതിയിലാണ് സാധാരണ ജനത. അങ്ങിനെ സംഭവിച്ചാൽ അത് തടുത്തു നിർത്തുക അസാധ്യമാവും. സാധാരണ ഗതിയിൽ സംസ്ഥാന പദയാത്രകൾ ദേശീയ പാതവഴിയും നഗര പാതകൾ വഴിയുമാണ് കടന്നു പോകാറ്. ബിജെപി.യുടെ ജനരക്ഷാ യാത്ര സിപിഐ.(എം.) പാർട്ടി ഗ്രാമങ്ങളിൽ സന്ദേശമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു പാർട്ടികൾ ജനരക്ഷാ യാത്രയുടെ പേരിൽ വീണ്ടും സ്പർദ്ധ ഉടലെടുക്കുമോ എന്ന ഭയം ജനത്തെ വേട്ടയാടുന്നുണ്ട്.
അക്രമരാഷ്ട്രീയമായിരുന്നു അമിത് ഷായപ്രസംഗത്തിൽ ഉടനീളം ആയുധമാക്കിയത്. അക്രമരാഷ്ട്രീയമാണു ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കിയതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. 'കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ നിങ്ങൾ അക്രമത്തിലൂടെ എത്ര ആഴത്തിൽ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്‌ത്തുന്നുവോ ആ ചെളിക്കുണ്ടിൽ നിന്ന് സുന്ദരമായ താമര അത്രയും വേഗത്തിൽ വിരിയുക തന്നെ ചെയ്യും.
അക്രമത്തിനെതിരെ ജനവികാരമുണർത്താൻ സത്യഗ്രഹം പോലെയാണു ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. 17 വരെയുള്ള ദിവസങ്ങളിലായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സത്യഗ്രഹമുണ്ടാവും. ഡൽഹിയിൽ സി.പി.എം ഓഫിസിലേക്കു 17വരെ ദിവസവും മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം വിട്ടു ബിജെപിയിൽ എത്തിയ സികെ പത്മനാഭൻ പാർട്ടി ഗ്രാമങ്ങളിൽ എത്തിയപ്പോൾ അൽപ്പം സഖാവുമായി. 'പഴയ കമ്യൂണിസ്റ്റുകാരന്റെ വിപ്ലവബോധം ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നതിനാൽ ഒരു വിപ്ലവഗാനത്തോടെയാണ് ഞാൻ പ്രസംഗം അവസാനിപ്പിക്കുന്നത്' -ജനരക്ഷായാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ.പത്മനാഭൻ ഇത്രയും പറഞ്ഞതോടെ നേതാക്കളിലും പ്രവർത്തകരിലും നേരിയ നിരാശ പടർന്നു. പക്ഷേ, പറഞ്ഞതുപോലെതന്നെ സി.കെ.പി. പാടുകയും ചെയ്തു.
'ബലികുടീരങ്ങളേ... ബലികുടീരങ്ങളേ, സ്മരണകളിരമ്പും രണസ്മാരകങ്ങളേ, ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ...' പഴയ കമ്യൂണിസ്റ്റുകാരന്റെ ആവേശം ചോരാതെയെന്നോണം പത്മനാഭൻ തകർത്തുപാടി. പാട്ടു തുടരുന്നതോടെ പ്രവർത്തകരിൽ നിശ്ശബ്ദത പടർന്നു. 'ഹിമഗിരിമുടികൾ കൊടികളുയർത്തി... കടലുകൾ പടഹമുയർത്തി, യുഗങ്ങൾ നീന്തിനടക്കും ഗംഗയിൽ വിരിഞ്ഞു താമരമുകുളങ്ങൾ..!.' ഇത്രയും പാടിയശേഷം അവസാനവരി ഒന്നുകൂടി ഊന്നിപ്പാടിയാണ് അദ്ദേഹം നിർത്തിയത്. ബലികുടീരങ്ങളിൽ താമരവിരിയുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. അതിനുള്ള തുടക്കമാണ് ഈ യാത്രയെന്നും ഓർമ്മിപ്പിച്ച് സി.കെ.പി. പ്രസംഗം അവസാനിപ്പിച്ചപ്പോഴേക്കും പ്രവർത്തകരുടെ നിശ്ശബ്ദത ആവേശത്തിലേക്കു മാറി. വേദിയിലുണ്ടായിരുന്ന നേതാക്കളിൽ ചിരിവിടർന്നു. അവരും നിറഞ്ഞ് കൈയടിച്ചു.
അമിത് ഷാ പങ്കെടുക്കുന്ന ദിവസങ്ങളിൽ പങ്കാളിത്തവും പ്രകടനവും മെച്ചപ്പെട്ടതാക്കാനുള്ള ഒരുക്കവും ബിജെപി. നടത്തിയിട്ടുണ്ട്. യാത്രയുടെ മൂന്നാം ദിവസമാണ് അമിത്ഷാ ഇനി പങ്കെടുക്കുന്നത്. അത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി ഉൾപ്പെടുന്ന പ്രദേശത്താണ്. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള യുവമോർച്ചാ പ്രവർത്തകരാണ് ഈ ദിവസങ്ങളിൽ യാത്രയ്‌ക്കൊപ്പമുണ്ടാകുക.
കർണാടക, തെലുങ്കാന, ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, ഗോവ, ലക്ഷദ്വീപ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവമോർച്ചാ പ്രവർത്തകരാണ് അടുത്തദിവസങ്ങളിൽ കേരളത്തിലെത്തുക. ബിജെപി.യിലും ആർ.എസ്.എസ്സിലും വിശ്വസിച്ചുപോയതിനാൽ ജീവൻ നൽകേണ്ടിവന്നവരുടെ വിലാപം കേരളത്തിന്റേതു മാത്രമായി ഒതുക്കാനാവില്ലെന്നാണ് അമിത്ഷാ പറഞ്ഞത്.
അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലും സമാന പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ എന്നിവരെല്ലാം വിവിധ ദിവസങ്ങളിലായി യാത്രയിൽ പങ്കാളിയാവുന്നുണ്ട്. ഇന്ന് കണ്ണൂരിൽ യാത്രയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പങ്കെടുക്കുന്നത്.
അതേസമയം ഇന്നലെ ദേശീയ മാധ്യമങ്ങളിൽ അമിത്ഷായുടെ ജാഥ ശ്രദ്ധേയമായിരുന്നെങ്കിലും മലയാള മാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ദിലീപിന് ജാമ്യം കിട്ടിയതോടെ എല്ലാ മലയാള മാധ്യമങ്ങളും ആ വാർത്തയുടെ പിന്നാലെ പോയി. ഇന്നലെ യാത്രയുടെ ശോഭ മങ്ങിയെങ്കിലും ബിജെപി അണികളിൽ ആവേശമുണ്ടാക്കാൻ സാധിച്ചുവെന്നാണ് പൊതു വിലയിരുത്തൽ. ജാഥയുടെ ഇനിയുള്ള ദിവസങ്ങളിൽ നേട്ടമുണ്ടാക്കാമെന്ന് കരുതുന്നതായും നേതൃത്വം വിലയിത്തുന്നു.