വിവാദ വിഷയങ്ങളിൽ തനിച്ച് തീരുമാനമെടുക്കാൻ പാകത്തിൽ ഭൂരിപക്ഷം കിട്ടുന്നതുവരെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണമുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. നരോന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് ബന്ധപ്പട്ട് ഹരിയാണയിലെ കർണാലിലെത്തിയ അമിത് ഷാ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്തിയത്. 

രാമക്ഷേത്ര നിർമ്മാണം, ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം തുടങ്ങിയ വിവാദവിഷയങ്ങളിൽ നടപടിയെടുക്കണമെങ്കിൽ ബിജെപിക്ക് 370 സീറ്റെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഡിഎയുടെ ഭാഗമായി കേന്ദ്രം ഭരിക്കുകയാണ് ബിജെപി ഇപ്പോൾ ചെയ്യുന്നത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭൂരിപക്ഷം ഇപ്പോൾ പാർട്ടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എന്തുകൊണ്ടാണ് നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബിജെപി തയ്യാറാകാത്തതെന്ന ചോദ്യത്തിന് മറുപടിയായാണ് അമിത് ഷാ ഇതുപറഞ്ഞത്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റ കാലത്ത് ബിജെപിക്ക് ഭൂരിപക്ഷമില്ല എന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാലിപ്പോൾ, തനിച്ച് കേവലഭൂരിപക്ഷമുണ്ടായിട്ടും എന്തുകൊണ്ട് കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നില്ല എന്നായിരുന്നു ചോദ്യം.

സ്വിസ് ബാങ്കുകളിലും മറ്റും നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള നടപടികളിലാണ് സർക്കാരെന്ന് അമിത് ഷാ പറഞ്ഞു. അന്താരാഷ്ട്രതലത്തിലുള്ള കരാർ അനുസരിച്ച് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പേരുകൾ പുറത്തുവിടാൻ സർക്കാരിന് സാധിക്കില്ല. എന്നാൽ, കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുവർഷത്തെ മോദി ഭരണത്തിനിടെ, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും തികച്ചും സുതാര്യമായ ഭരണമാണ് മോദിയുടേതെന്നും പാർട്ടി അദ്ധ്യക്ഷൻ പറഞ്ഞു. വികസനവും രാജ്യക്ഷേമവും മുൻനിർത്തി ഭരിക്കുന്ന സർക്കാരാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് തിരിച്ചുപിടിക്കാൻ മോദി സർക്കാരിനായെന്നും അമിത് ഷാ പറഞ്ഞു.