ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ടു നേടുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ബിജെപി നേതൃത്വത്തെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അധ്യക്ഷന്മാരായ വി.മുരളീധരൻ, പി.കെ കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എന്നിവർ നാളെ രാവിലെ ഡൽഹിയിലെത്താനാണ് അമിത്ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് അമിത് ഷായുമായി ഈ നേതാക്കൾ കൂടിക്കാഴ്ച നടത്തും.

മലപ്പുറം തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ പാർട്ടി നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് മാത്രമാണ് തിരിച്ചടിയുണ്ടായത്. ഫലം വിലയിരുത്താൻ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കുമ്മനത്തിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

പ്രചാരണം ഏകോപിപ്പിക്കുന്നതിലും മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാതിരുന്നതും തിരിച്ചടിയായെന്ന് ചില അംഗങ്ങൾ കോർ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യമിട്ടാണ് അമിത് ഷാ കേരളത്തിലെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

മലപ്പുറത്തെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേരിട്ടു ചുക്കാൻ പിടിച്ചത് കുമ്മനം രാജശേഖരൻ ആയിരുന്നു. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസാരിച്ച കുമ്മനം ബിജെപി അടിസ്ഥാന വോട്ടുകൾ നിലനിർത്തിയെന്നും പ്രവർത്തകർ ഇതിൽ അഭിനന്ദനം അർഹിക്കുന്നുവെന്നും പറയുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ലീഗ് കോട്ടയാണ് മലപ്പുറം. അവിടെ അവർ നേടിയ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്നും കുമ്മനം പറയുകയുണ്ടായി.