കൊൽക്കത്ത:പശ്ചിമ ബംഗാൾ സർക്കാരിന്റെ അതിഥിയായി കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ബച്ചൻ സഞ്ചരിച്ച് കൊണ്ടിരുന്ന മെർസിഡസ് കാറിന്റെ പിൻച്ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു.

എന്നാൽ ഭാഗ്യത്തിന്റെ അകമ്പടിയിൽ പരിക്കുകളേൽക്കാതെ ബിഗ്-ബി രക്ഷപ്പെടുകയായിരുന്നു, ഉടൻ തന്നെ ബച്ചനെ മറ്റൊരു കാറിൽ വിമാനത്താവളത്തിലെത്തിച്ചു സർക്കാർ തടിയൂരി.

കഴിഞ്ഞയാഴ്‌ച്ചയാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ അതിഥിയായി ചലച്ചിത്രോത്സവത്തിന് അമിതാഭ് ബച്ചൻ എത്തുന്നത്. ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്‌ച്ച സർക്കാർ ഏർപ്പാടാക്കിയ കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം.

ബച്ചന്റെ വാഹനത്തെ അനുഗമിച്ചിരുന്ന മന്ത്രിയുടെ കാറിൽ ഉടൻ തന്നെ ബച്ചനെ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നുകാർ ഏർപ്പാടാക്കിയ ട്രാവൽ ഏജൻസിക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസയച്ചു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം കാറിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തൽ. ട്രാവൽ ഏജൻസിക്കെതിരെ നടപടിയെടുക്കാനാണ് സർക്കാർ തീരൂമാനം.