മുംബൈ: ഇന്ത്യൻ സിനിമയിലെ തിളക്കുന്ന യൗവ്വനമായിരുന്ന അമിതാബ് ബച്ചൻ തന്റെ 72 ാം വയസ്സിലും ബോളിവുഡിന്റെ സൂപ്പർസ്റ്റാറാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവത്വത്തിന്റെ പ്രതീകമാണ് എന്ന് വിശേഷിപ്പിക്കുന്ന അമിതാബ് ബച്ചൻ ശരിക്കും ആ രീതിയിൽ അവതരിപ്പിക്കാൻ പറ്റുന്ന വ്യക്തിത്വമാണോ.

ജർമ്മൻ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കള്ളപ്പണ ഇടപാടുകാരുടെ വിവരങ്ങൾ പുറത്ത് വിട്ടത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിൽ പുറത്ത് വിട്ട പേരുകളിൽ ഒരു പ്രധാനി എന്ന് പറയുന്നത് ഷോലെയിലൂടെയും സാർജീറിലുടേയുമെല്ലാം തെറ്റിനെതിരെ പ്രതികരിക്കുന്ന പ്രതി പുരുഷനായ അമിതാബ് ബച്ചനാണ്.

പല സാമൂഹ്യ വിഷയങ്ങളിലും ട്വിറ്ററിലൂടെയും ബ്ലോഗിലൂടേയും ഇടപെടാറുള്ള അമിതാഭ് ബച്ചന്റെ എല്ലാ പുറംതോലും പറിച്ച് കളയുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നികുതി വെട്ടിച്ച് കള്ളപ്പണം സൂക്ഷിച്ചെന്ന ആരോപണം അമിതാഭ് ബച്ചന്റെ ഊതി വീർപ്പിച്ച ബലൂൺ പോലുള്ള ഇമേജിനുള്ള വലിയ തിരിച്ചടിയാണ്. റിപ്പോർട്ട് വരുന്നതിന് മുമ്പ് അമിതാഭ് എഴുതിയ ബ്ലോഗും ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്.

'എന്റെ ജീവിതത്തിലെ ഈ പ്രായത്തിൽ ഞാൻ പ്രാമുഖ്യം നൽകുന്നത്് സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമാണ്. ഞാൻ ഇപ്പോൾ എന്നിൽ തന്നെ ജീവിക്കുകയാണ്. ഞാൻ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നില്ല, തലക്കെട്ടുകളിൽ വരാൻ ആഗ്രഹിക്കുന്നില്ല ഞാൻ അംഗീകാരം തേടുന്നില്ല, എനിക്ക് അതിന് യോഗ്യതയില്ല. ' എന്നാണ് അമിതാഭ് പറയുന്നത്.

ശരിയാണ് അമിതാഭിന് അതിനുള്ള യോഗ്യത എന്നോ നഷ്ടപ്പെട്ട് പോയിരിക്കുന്നു. ബൊഫേഴ്‌സ് ഇടപാടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷമാണ് കള്ളപ്പണ ഇടപാടിൽ അമിതാഭിന്റെ പേര് പുറത്ത് വന്നത്. നാട്ടുകൾ നിരോധിച്ചതിന്റെ വാർഷികമായ നവംബർ എട്ടിന് സർക്കാർ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെയാണ് താര രാജാവിന്റേതടക്കമുള്ള പേര് വിവരങ്ങൾ പുറത്ത് വന്നത്.

ആഗോള തലത്തിൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം നടത്തുന്ന ഇന്റർനാഷണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് കൂട്ടായ്മയാണ്
ഇത് പുറത്ത് വിട്ടത്. ഇതിന്റെ ആധികാരികത ലോകത്തിന് തന്നെ അറിയാവുന്നതാണ്.നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പർ വിവരങ്ങളും പുറത്തുവിട്ടതും ഐസിഐജെ ആയിരുന്നു.

പാരഡൈസ് പേപ്പഴ്സ് എന്ന പേരിലുള്ള ഈ കണക്കുകളിൽ ബിജെപിയുടേയും കോൺഗ്രസിന്റേയും നേതാക്കളും ബന്ധുക്കളും ലാവ്‌ലിൻ തുടങ്ങിയ കമ്പനികളും പട്ടികയിലുണ്ട്. ബിജെപി എംപി ആർ.കെ. സിൻഹ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിങ്ങനെയുള്ളവരുടെ പേരും അമിതാഭിന് കൂട്ടായുണ്ട്.പട്ടികയിൽ പ്രമുഖരുൾപ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. 180 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയിൽ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്.

കുറച്ച് നാൾ മുമ്പ മുംബൈയിൽ അമിതാഭിന്റെ പേരിൽ അനധികൃത നിർമ്മാണം കണ്ടെത്തിയപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് കൈ കഴുകിയ ബച്ചൻ ഇനിയെന്താണ് ഈ വാർത്തകളോട് പ്രതികരിക്കുക എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.