ന്യൂഡൽഹി: റിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടം ആഘോഷിച്ച ഇന്ത്യക്കാരെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയ പാക് മാദ്ധ്യമപ്രവത്തകന് മറുപടിയുമായി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. സമ ടിവിയിലെ ഒമർ ഖുറേഷി എന്ന മാദ്ധ്യമപ്രവർത്തകനാണ് ഇന്ത്യൻ ജനതയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.

ഗുസ്തി താരം സാക്ഷി മാലിക്ക് വെങ്കലം നേടിയതിന് ശേഷം ഒമർ ചെയ്ത ട്വീറ്റുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. റിയോയിൽ ഇന്ത്യയുെട അഭിമാനമായ സാക്ഷിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സാക്ഷിയുടെ മെഡൽ നേട്ടം നവമാദ്ധ്യമങ്ങളിലെ ഇന്ത്യൻ യൂസർമാരും തകർത്ത് ആഘോഷിച്ചു.ഹരിയാന സർക്കാർ സാക്ഷിക്ക് 2.5 കോടി രൂപയും ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതിനിടയിലാണ് പാക് മാദ്ധ്യമ പ്രവർത്തകന്റെ പരിഹാസ ട്വീറ്റ് വരുന്നത്. ഒന്നിനു പുറകെ ഒന്നായി നാല് ട്വീറ്റുകളാണ് മാദ്ധ്യമപ്രവർത്തകരുടേതായി പുറത്തു വന്നത്. ആദ്യ ട്വീറ്റുകളെ പരിഹസിച്ചു ഇന്ത്യക്കാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയതോടെയാണ് അതിനെതിരെ വീണ്ടും പരിഹാസം ചൊരിഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തത്.

ഒടുവിൽ ഇന്ത്യ റിയോയിലേക്ക് അയച്ച 119 പേരിൽ ഒരാൾ ഒരു മെഡൽ നേടിയിരിക്കുന്നു-വെങ്കല മെഡൽ. കാണൂ 20 സ്വർണ മെഡൽ നേടിയതിന് സമാനമാണ് അവരുടെ ആഘോഷം. 125 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡലേ നേടാനായുള്ളൂ. 50 ലക്ഷം മാത്രം ജനസംഖ്യയുള്ള നോർവേ രണ്ട് മെഡൽ നേടി. ഇതായിരുന്നു ഒമർ ചെയ്ത ആദ്യ ട്വീറ്റ്. അതിനു പിന്നാെല പ്രതിഷേധക്കാർ എത്തിയപ്പോഴാണ് വീണ്ടും പരിഹാസം.

വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ട്വിറ്ററിലെ ഇന്ത്യക്കാർ കാണുന്നത്. 125 കോടി ജനതയെ പ്രതിനിധീകരിക്കുന്ന ഒരു രാജ്യത്തിന് ഒരു വെങ്കല മെഡലേ നേടാനായുള്ളൂ എന്നത് വിമർശനത്തിന് വിധേയമാണ്. ഇപ്പോൾ കിട്ടിയത്: 'നിരായുധരായ സാധാരണക്കാരുടെ കണ്ണിലേക്ക് വെടിയുതിർക്കുക' എന്ന കായിക ഇനത്തിലൂടെ ഇന്ത്യൻ സൈന്യം റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയിരിക്കുന്നു. ഇങ്ങനെ പോകുന്നു പരിഹാസങ്ങൾ.


തുടരെ ഇന്ത്യൻ ജനതയെ പരിഹസിച്ചുള്ള ട്വീറ്റുകൾക്ക് പിന്നാലെ ഒമറിനെതിരെ ബോളിവുഡ് നടൻ അമിതാഭ് ബച്ചനും രംഗത്തെത്തി. തന്നെ സംബന്ധിച്ച് ഒരു മെഡൽ എന്നത് ആയിരം സ്വർണ മെഡലുകൾക്ക് തുല്യമാണെന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.