2018ൽ മോഹൻലാൽ ആരാധകരുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കേ ചിത്രത്തിൽ ബിഗ് ബിയുണ്ടെന്ന വാർത്തകൾ വീണ്ടും ചർച്ചയാവുകയാണ്. ചിത്രത്തിൽ അമിതാഭ് ബച്ചൻ ണ്ടാകുമെന്ന് ആദ്യം വാർത്തകൾ വന്നെങ്കിലും പിന്നീട് അണിയറ പ്രവർത്തകർ അത് നിഷേധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ബിഗ് ബിയുടെ സാന്നിധ്യം ഉണ്ടെന്ന സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഒടിയന് പശ്ചാത്തല സംഗീതം ഒരുക്കുന്ന സാം സി.എസ് ആണ് ബിഗ് ബിയുമുണ്ടെന്ന സൂചന ഇപ്പോൾ നൽകിയിരിക്കുന്നത്. സാം കഴിഞ്ഞ ദിവസം ഒടിയനെക്കുറിച്ച് ഒരു ട്വിറ്റർ പോസ്റ്റ് ഇട്ടിരുന്നു. ഒടിയൻ മാണിക്യന് പശ്ചാത്തല സംഗീതം ഒരുക്കാനുള്ള സമയം അടുത്തു വരികയാണ്. സ്ഥിരം ചെയ്യുന്നതു പോലെ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഭാഗങ്ങൾക്ക് സംഗീതം നൽകുന്നതിനു പകരം വിക്രം വേദയിലേതു പോലെ തിരക്കഥ നോക്കി പശ്ചാത്തല സംഗീതം ഒരുക്കുകയാണഎന്നാണ് സാം കുറിച്ചത്.

ആ കുറിപ്പ് മോഹൻലാൽ, വി.എ ശ്രീകുമാർ, പ്രകാശ് രാജ് എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും ടാഗ് ചെയ്തിരുന്നു. അതോടു കൂടിയാണ് ചിത്രത്തിൽ ബിഗ് ബിയുണ്ടെന്ന അഭ്യൂഹത്തിന് ആക്കം കൂടിയത്. കാണ്ടഹാർ, ആഗ് എന്നീ ചിത്രങ്ങളിൽ മോഹൻലാലും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒപ്പം മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ്, കൈലാഷ്, സന അൽതാഫ്, തുടങ്ങി നിരവധി താരങ്ങളുണ്ട്.