- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ മൂന്നാം നമ്പർ ലൈഫ് മെമ്പർഷിപ്പുകാരനെന്ന് മണിയൻപിള്ള; കൈനീട്ടം എന്ന പ്രത്യേക ആനുകൂല്യം സ്വീകരിക്കുന്നവർ എന്ന ഒറ്റക്കാരണം കൊണ്ട് ആ അംഗങ്ങളെ മാറ്റി നിർത്തുന്ന ജനാധിപത്യ വിരുദ്ധതയെന്ന് നാസർ ലത്തീഫ്; വോട്ടിന്റെ മൂല്യം തിരിച്ചറിയുന്നുവെന്ന് ലാലും; 'അമ്മ'യിലെ മക്കൾക്കിടയിൽ പോര് ശക്തം; അട്ടിമറി ചെറുക്കാൻ മോഹൻലാലും മമ്മൂട്ടിയും ദിലീപും ഒരുമിക്കുമ്പോൾ
കൊച്ചി: 'അമ്മ'യിൽ ജയമുറപ്പിക്കാൻ നോട്ടീസ് പ്രചരണവുമായി മണിയൻ പിള്ളരാജുവും. കഴിഞ്ഞ ദിവസം ഔദ്യോഗിക പക്ഷത്തിന് വേണ്ടി നടൻ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രചരണ നോട്ടീസ് പുറത്തിറക്കിയിരുന്നു. എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന നസർ ലത്തീഫും പ്രചരണത്തിന് നോട്ടീസ് ഇറക്കിയിട്ടുണ്ട്. 'എന്റെ അമ്മയുടെ മക്കൾക്ക് ഒരു കത്ത്' എന്നാണ് നാസർ ലത്തീഫിന്റെ നോട്ടീസിന്റെ തലക്കെട്ടു തന്നെ.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയാണ് മണിയൻപിള്ളയുടെ മത്സരം. സിദ്ദിഖിന്റെ നോട്ടീസിലെ പരാമർശങ്ങളോട് ഈ ഘട്ടത്തിൽ പ്രതികരിക്കുന്നില്ലെന്ന് മറുനാടനോട് മണിയൻപിള്ള പറഞ്ഞു. അമ്മയുടെ രൂപീകരണത്തിൽ എളിയ പങ്കു വഹിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് ഞാൻ. ലൈഫ് മെമ്പർഷിപ്പ് നമ്പർ മൂന്നും. അമ്മ സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നും ഇതുവരെ ഞാൻ മാറി നിന്നിട്ടില്ല-ഇതാണ് മണിയൻ പിള്ളയുടെ പ്രചരണത്തിലെ പ്രധാന പോയിന്റ്. ആരേയും വ്യക്തിപരമായി മണിയൻ പിള്ള ആക്ഷേപിക്കുന്നില്ല. മത്സരത്തിലെ മാന്യത അവസാന വട്ടം വരെ നിലനിർത്താനാണ് വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് പോലും മണിയൻ പിള്ള മറുപടി പറയാൻ ഈ ഘട്ടത്തിൽ വിമുഖത കാട്ടുന്നത്.
അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള കർമ പരിപാടികളിൽ ഭാവിയിലും ഞാൻ മുന്നിലുണ്ടാകും. ചില ആശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാൻ എനിക്ക് അതിയായ ആഗ്രമുണ്ട്. ആ സ്വപ്‌ന സാക്ഷാത്കാരത്തിനും അമ്മയുടെ കെട്ടുറപ്പിനും വേണ്ടിയുള്ളതാണ് എന്റെ സ്ഥാനാർത്ഥിത്വം. വൈസ് പ്രസിഡന്റായി എന്നെ ജയിപ്പിക്കണം-ഇതാണ് മണിയൻപിള്ളയുടെ നിലപാട് വിശദീകരണം. മണിയൻപിള്ളയുടെ സാന്നിധ്യം അമ്മയിലെ പോരാട്ടം അതിശക്തമാക്കുകയാണ്. മണിയൻ പിള്ളയ്‌ക്കൊപ്പം എക്‌സിക്യൂട്ടീവിലേക്ക് ഔദ്യോഗിക പാനലിനെതിരെ നാസർ ലത്തീഫും മത്സരിക്കുന്നു. നടനും സംവിധായകനുമായ ലാലും പ്രചരണത്തിലുണ്ട്. ലാലും മണിയൻപിള്ള രാജുവും ഔദ്യോഗിക പക്ഷത്തിന് ശക്തമായ വെല്ലുവിളിയാണ്.
രണ്ടുപേരും ജയിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ സജീവമാണ്. ഈ സാഹചര്യത്തിൽ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്ത മോഹൻലാലിന്റെ നേതൃത്വത്തിൽ ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാനും നീക്കം സജീവമാണ്. മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ഔദ്യോഗിക പാനലിന് വേണ്ടി പരോക്ഷ വോട്ടു പിടിത്തം നടത്തുന്നുണ്ട്. എന്നാൽ മണിയൻ പിള്ളയുടേയും ലാലിന്റേയും ജനകീയത 'അമ്മ'യിലെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമായി മാറും. മണിയൻ പിള്ളയുടെ മത്സര സാന്നിധ്യമാണ് ഔദ്യോഗിക പക്ഷത്തിന് ഏറ്റവും വലിയ തലവേദന. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ സ്ഥാനാർത്ഥിത്വം.
പത്രിക പിൻവലിക്കാൻ വിജയ് ബാബു നൽകിയ അപേക്ഷയിൽ ഒപ്പില്ലായിരുന്നു. അതുകൊണ്ട് സാങ്കേതികത്വത്തിൽ വിജയ് ബാബു മത്സരിക്കുകയാണെന്നായിരുന്നു ഔദ്യോഗിക പക്ഷം പറഞ്ഞിരുന്നത്. എന്നാൽ വിജയ് ബാബുവും വോട്ട് അഭ്യർത്ഥിച്ച് വീഡിയോ ഇറക്കിയിട്ടുണ്ട്. അങ്ങനെ അതിശക്തമായ മത്സര ചൂടാണ് അമ്മയിലുള്ളത്. കൈനീട്ടം എന്ന പ്രത്യേക ആനുകൂല്യം സ്വീകരിക്കുന്നവർ എന്ന ഒറ്റക്കാരണം കൊണ്ട് ആ അംഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനോ അവരെ പിന്തുണയ്ക്കാനോ അവകാശം ഇല്ലാത്ത ലജ്ജാകരവും ജനാധിപത്യ വിരുദ്ധവുമായ സാഹചര്യത്തിന് മാറ്റം വരുത്തി അക്കൂ്ടടർക്കും അവകാശങ്ങൾ നേടിക്കൊടുക്കുമെന്നാണ് നോട്ടീസിൽ നാസർ ലത്തീഫ് പറയുന്നത്. അമ്മയിലെ മക്കൾക്കിടയിലെ മത്സര ചൂടിനെ കുറിച്ചും നാസർ ലത്തീഫ് വിശദീകരിക്കുന്നുണ്ട്.
ആരേയും ഇതുവരെ നേരിട്ട് ബന്ധപ്പെട്ട് 'വോട്ട്' അഭ്യർത്ഥന നടത്താത്തത് തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാത്തതു കൊണ്ടോ താങ്കളുടെ വിലയേറിയ വോട്ട് ആവശ്യമില്ലാത്തതു കൊണ്ടോ അല്ല. അത് യോഗ്യതയുള്ളവർക്ക് മാത്രം താങ്കൾ അറിഞ്ഞ് നൽകുമ്പോഴാണ് മൂല്യമേറുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നതു കൊണ്ട് മാത്രമാണ്. എനിക്ക് കിട്ടുന്ന വോട്ടുകൾ എണ്ണത്തിൽ കുടിയാലും കുറഞ്ഞാലും വിജയിച്ചാലും ഇല്ലെങ്കിലും എല്ലാം അമ്മയുടെ നന്മക്കാണെന്ന് വിശ്വസിച്ചു കൊണ്ട് ഇതുവരെ നമ്മളൊരിച്ചു നിന്ന് ചെയ്തിട്ടുള്ള എല്ലാ സത്പ്രവർത്തികളിലും നിങ്ങളോരോരുത്തരെപ്പോലെ അഭിമാനിച്ചു കൊണ്ട്- ഇങ്ങനെ പറഞ്ഞാണ് ലാൽ വോട്ടഭ്യർത്ഥന അവസാനിപ്പിക്കുന്നത്.
മോഹൻലാലിന്റെ പാനലിൽ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. ലാലിന്റെ പിന്തുണയും ഇവർക്ക് വിജയമുറപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട്. മണിയൻപിള്ള രാജുവിന്റെ ജനകീയ പരിവേഷമാണ് ഇതിന് കാരണം. അമ്മയുടെ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്കുവഹിച്ച മണിയൻപിള്ളയ്ക്ക് എല്ലാ നടീ നടന്മാരുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം മണിയൻപിള്ളയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറിയ മുൻതൂക്കം നൽകുന്നുണ്ട്. ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാൻ മോഹൻലാൽ അടക്കമുള്ളവർ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാൽ ശ്വേതാ മേനോന് പ്രചരണത്തിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവർക്ക് പോലുമുണ്ട്.
ഔദ്യോഗിക പാനലിനെ മണിയൻപിള്ള രാജു തോൽപ്പിച്ചാൽ അത് മോഹൻലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങൾ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മണിയൻപിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോൽപ്പിക്കുമെന്ന ആശങ്ക ലാൽ ക്യാമ്പിലുണ്ട്. എക്‌സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതിൽ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാർത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി. ലാലും നസാർ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവർ.
ഇതിൽ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാൻ മുകേഷും ജഗദീഷും പത്രിക നൽകിയിരുന്നു. ഇവർ രണ്ടു പേരും പത്രിക പിൻവലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താൻ പത്രിക നൽകിയതെന്നായിരുന്നു ജഗദീഷും മണിയൻപിള്ളയും തുടക്കത്തിൽ പറഞ്ഞിരുന്നത്. മുകേഷ് പിൻവലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാൽ മണിയൻപിള്ള ഏവരേയും ഞെട്ടിച്ച് മത്സര രംഗത്ത് തുടരുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ