തിരുവനന്തപുരം: നടൻ സിദ്ദിഖ് പറഞ്ഞിട്ടാണ് താൻ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷൻ നൽകിയതെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. തന്റെ കോർപ്പറേറ്റ് അനുഭവങ്ങൾ അമ്മയുടെ വളർച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു മറുനാടനോട് പറഞ്ഞു. കലാകാരന്മാരുടെ കൂട്ടായ്മയാണ് അമ്മ. അവിടെ എല്ലാ അംഗങ്ങൾക്കും ഒരേ സ്ഥാനമാണ്. അക്കൂട്ടത്തിൽ കുറച്ചു സുഹൃത്തുക്കൾ ഒന്നിച്ചു മൽസരിക്കുന്നു എന്നല്ലാതെ ഔദ്യോഗിക പാനൽ എന്നൊന്നും ഇല്ലെന്നും വിജയബാബു കൂട്ടിച്ചേർത്തു. എല്ലാവരും വ്യക്തികളായാണ് മൽസരിക്കുന്നത്. അതിൽ കൂടുതൽ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങൾ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൻ നോമിനേഷൻ പിൻവലിക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മൽസരിക്കാൻ തന്നെയാണ് തീരുമാനം. പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സിദ്ദിഖ് ഇറക്കിയ നോട്ടീസ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവാണ് ട്രഷററായ സിദ്ദിഖ്. മോഹൻലാലിന്റെ പാനലിന് വോട്ട് അഭ്യർത്ഥിച്ച് എതിർസ്ഥാനാർത്ഥികളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് സിദ്ദിഖ് നോട്ടീസും ഇറക്കിയിരുന്നു. എന്നാൽ ആ നോട്ടീസിലും സിദ്ദിഖ് വിജയ് ബാബുവിനെ പരിഹസിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. അതിനുപുറമെയാണ് തന്നെ സ്ഥാനാർത്ഥിയാക്കിയത് സിദ്ദിഖാണെന്ന വെളിപ്പെടുത്തലുമായി വിജയ് ബാബു രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബർ 19 നാണ് അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയൻപിള്ള രാജുവും 11 അംഗ എക്സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവരുമാണ് മൽസരിക്കുന്നത്. മോഹൻലാൽ നേതൃത്വം നൽകുന്ന പാനലിന് ശക്തമായ മൽസരമാണ് ഇവർ നൽകുന്നത്. എന്നാൽ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനും ധൃതിപിടിച്ച ചർച്ചകൾ നടന്നിരുന്നു. പത്രിക പിൻവലിക്കാൻ വിജയ് ബാബു നൽകിയ അപേക്ഷയിൽ ഒപ്പില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് സാങ്കേതികത്വത്തിൽ വിജയ് ബാബു മത്സരിക്കുകയാണെന്നായിരുന്നു ഔദ്യോഗിക പക്ഷം പറഞ്ഞിരുന്നത്.

എന്നാൽ വിജയ് ബാബുവും വോട്ട് അഭ്യർത്ഥിച്ച് നോട്ടീസ് ഇറക്കിയിട്ടുണ്ട്. അങ്ങനെ അതിശക്തമായ മത്സര ചൂടാണ് അമ്മയിലുള്ളത്. നചന്ഡ എന്നതിൽ ഉപരി മലയാളത്തിലെ പ്രധാന നിർമ്മതാവ് കൂടിയാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. കൈനീട്ടം എന്ന പ്രത്യേക ആനുകൂല്യം സ്വീകരിക്കുന്നവർ എന്ന ഒറ്റക്കാരണം കൊണ്ട് ആ അംഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനോ അവരെ പിന്തുണയ്ക്കാനോ അവകാശം ഇല്ലാത്ത ലജ്ജാകരവും ജനാധിപത്യ വിരുദ്ധവുമായ സാഹചര്യത്തിന് മാറ്റം വരുത്തി അക്കൂ്ടടർക്കും അവകാശങ്ങൾ നേടിക്കൊടുക്കുമെന്നാണ് നോട്ടീസിൽ നാസർ ലത്തീഫ് പറയുന്നത്. അമ്മയിലെ മക്കൾക്കിടയിലെ മത്സര ചൂടിനെ കുറിച്ചും നാസർ ലത്തീഫ് വിശദീകരിക്കുന്നുണ്ട്.

ആരേയും ഇതുവരെ നേരിട്ട് ബന്ധപ്പെട്ട് 'വോട്ട്' അഭ്യർത്ഥന നടത്താത്തത് തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാത്തതു കൊണ്ടോ താങ്കളുടെ വിലയേറിയ വോട്ട് ആവശ്യമില്ലാത്തതു കൊണ്ടോ അല്ല. അത് യോഗ്യതയുള്ളവർക്ക് മാത്രം താങ്കൾ അറിഞ്ഞ് നൽകുമ്പോഴാണ് മൂല്യമേറുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നതു കൊണ്ട് മാത്രമാണ്. എനിക്ക് കിട്ടുന്ന വോട്ടുകൾ എണ്ണത്തിൽ കുടിയാലും കുറഞ്ഞാലും വിജയിച്ചാലും ഇല്ലെങ്കിലും എല്ലാം അമ്മയുടെ നന്മക്കാണെന്ന് വിശ്വസിച്ചു കൊണ്ട് ഇതുവരെ നമ്മളൊരിച്ചു നിന്ന് ചെയ്തിട്ടുള്ള എല്ലാ സത്പ്രവർത്തികളിലും നിങ്ങളോരോരുത്തരെപ്പോലെ അഭിമാനിച്ചു കൊണ്ട്- ഇങ്ങനെ പറഞ്ഞാണ് ലാൽ വോട്ടഭ്യർത്ഥന അവസാനിപ്പിക്കുന്നത്.

മോഹൻലാലിന്റെ പാനലിൽ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. ലാലിന്റെ പിന്തുണയിലും ഇവർക്ക് വിജയമുറപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട്. മണിയൻപിള്ള രാജുവിന്റെ ജനകീയ പരിവേഷമാണ് ഇതിന് കാരണം. അമ്മയുടെ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്കുവഹിച്ച മണിയൻപിള്ളയ്ക്ക് എല്ലാ നടീ നടന്മാരുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം മണിയൻപിള്ളയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറിയ മുൻതൂക്കം നൽകുന്നുണ്ട്. ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാൻ മോഹൻലാൽ അടക്കമുള്ളവർ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാൽ ശ്വേതാ മേനോന് പ്രചരണത്തിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവർക്ക് പോലുമുണ്ട്.

ഔദ്യോഗിക പാനലിനെ മണിയൻപിള്ള രാജു തോൽപ്പിച്ചാൽ അത് മോഹൻലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങൾ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മണിയൻപിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോൽപ്പിക്കുമെന്ന ആശങ്ക ലാൽ ക്യാമ്പിലുണ്ട്. എക്‌സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതിൽ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാർത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി. ലാലും നസാർ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവർ.

ഇതിൽ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാൻ മുകേഷും ജഗദീഷും പത്രിക നൽകിയിരുന്നു. ഇവർ രണ്ടു പേരും പത്രിക പിൻവലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താൻ പത്രിക നൽകിയതെന്നായിരുന്നു ജഗദീഷും മണിയൻപിള്ളയും തുടക്കത്തിൽ പറഞ്ഞിരുന്നത്. മുകേഷ് പിൻവലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാൽ മണിയൻപിള്ള ഏവരേയും ഞെട്ടിച്ച് മത്സര രംഗത്ത് തുടരുകയായിരുന്നു.