- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശാ ശരത്ത് വോട്ടിങ് ദിനത്തിൽ നേരിട്ട് കണ്ടവരോട് പോലും വോട്ട് ചോദിച്ചില്ല; നിവിൻ പോളിയും വോട്ട് ചെയ്യുന്നിടത്തേക്ക് തിരിഞ്ഞു നോക്കി പോലുമില്ല; മോഹൻലാലും സിദ്ദിഖും നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും ഔദ്യോഗിക പാനലിന് തിരിച്ചടി ഉണ്ടായതിന് പിന്നിൽ മത്സരിച്ച താരങ്ങളുടെ പിടിപ്പുകേട്; 'അമ്മ'യിൽ ജനാധിപത്യം ജയിക്കുമ്പോൾ
കൊച്ചി: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അമ്മയിലെ തെരഞ്ഞെടുപ്പിൽ മണിയൻപിള്ള രാജു ജയിക്കുമെന്ന് ഏവരും കരുതിയതാണ്. എന്നാൽ ആശാ ശരത് തോൽക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എല്ലാവരും ശ്വേതാ മേനോൻ തോൽക്കുമെന്നാണ് കണക്കു കൂട്ടിയത്. പക്ഷേ അന്തിമ ഫലത്തിൽ തോൽവി ആശാ ശരത്തിനൊപ്പമായിരുന്നു. എക്‌സിക്യൂട്ടീവിൽ നിവിൻ പോളി തോൽക്കുമെന്നും ആരും പ്രതീക്ഷിച്ചില്ല. അതും സംഭവിച്ചു. വോട്ട് ചോദിച്ചതിലെ പിശുക്കാണ് ഈ തോൽവികളിലേക്ക് കാര്യങ്ങളെത്തിയത്.
മണിയൻപിള്ള രാജു ജനകീയ മുഖവുമായി ജയിച്ചു. ആശാ ശരത്തിന് വിനയായത് വോട്ട് ചോദിച്ചതിലെ പിഴവാണ്. ആശാ ശരത്ത് വോട്ടിങ് ദിനത്തിൽ നേരിട്ട് കണ്ടവരോട് പോലും വോട്ട് ചോദിച്ചില്ല. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചു. അങ്ങനെ ചെറിയ മാർജിനിൽ ആശാ ശരത്തിനെ ശ്വേതാ മേനോൻ പിന്തള്ളി. നിവിൻ പോളി വോട്ടെടുപ്പ് സ്ഥലത്ത് പോലും വന്നില്ല. അസുഖമാണ് കാരണമായി പറഞ്ഞത്. ഇതോടെ നിവിനും പ്രചരണത്തിൽ പിന്നോക്കം പോയി. അങ്ങനെ ആ രണ്ടു പേരും തോറ്റു. മോഹൻലാലിനും ഔദ്യോഗിക പക്ഷത്തിനും വമ്പൻ തിരിച്ചടിയായി ഈ തോൽവികൾ. സൂപ്പർതാര പ്രഭാവത്തിന് മുന്നിലും അമ്മയിലെ ജനാധിപത്യമാണ് ജയിച്ചത്.
മോഹൻലാലിന്റെ പാനലിനൊപ്പം മമ്മൂട്ടിയും ദിലീപും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ പാനൽ വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഏവരും കരുതി. ഇവിടെയാണ് അട്ടിമറി. സൂപ്പർതാരങ്ങൾ പറഞ്ഞാലും കേൾക്കില്ലെന്ന പക്ഷത്ത് നടീ നടന്മാരിൽ ഭൂരിഭാഗമെത്തി. രഹസ്യ ബാലറ്റിൽ ഭൂരിപക്ഷവും അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്തു. മണിയൻപിള്ളയുടെ വിജയത്തിൽ ഇതാണ് പ്രതിഫലിക്കുന്നത്. വിജയ് ബാബുവും ലാലും ഔദ്യോഗിക പാനലിന് പുറത്തു നിന്ന് അമ്മയുടെ എക്‌സിക്യൂട്ടീവിലെത്തി. നേരിട്ട് വോട്ട് ചോദിക്കുന്നതിലൂടെയാണ് ഈ മൂന്ന് പേരും ജയിച്ചു കയറിയത്. ഇതോടെ ഔദ്യോഗിക പാനലിന് നഷ്ടവുമായി.
അമ്മയുടെ വൈസ് പ്രസിഡന്റുമാരായി മണിയൻ പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരത്ത് പരാജയപ്പെട്ടു.11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ വിജയിച്ചു. ഹണി റോസ്, നാസർ ലത്തീഫ്, നിവിൻ പോളി എന്നിവർ പരാജപ്പെട്ടു.
വൈസ് പ്രസിഡന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. മണിയൻപിള്ള രാജുവിന് എതിരെ ഔദ്യോഗിക പാനലിൽ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്.11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാണ്.സംഘടനയെ സജീവമാക്കാനാണ് മത്സരിച്ചതെന്ന് മണിയൻപിള്ള രാജുവും സിദ്ദിഖും പറഞ്ഞു. മത്സരവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത് പ്രചാരണത്തിന്റെ ഭാഗമായാണെന്ന് സിദ്ദിഖ് പറഞ്ഞു. ആരെയും വ്യക്തിപരമായി മോശമായി ചിത്രീകരിക്കാനല്ല.അമ്മയിൽ അംഗമായി 27 വർഷത്തിന് ശേഷമാണ് മത്സരിച്ചതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. പ്രവർത്തിക്കാൻ കൂടുതൽ സമയം ഇപ്പോൾ ലഭിക്കുന്നതിനാലാണ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംഘടന ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ