- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
500 അംഗങ്ങളിൽ വോട്ട് ചെയ്യാനെത്തിയത് 310 പേർ; 224 വോട്ടുമായി മൂന്നിൽ രണ്ട് നേടി ക്രൗൺ പ്ലാസയിലെ അത്ഭുതമായി മണിയൻപിള്ള; നിർവാഹകസമിതിയിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് സുധീർ കരമനയ്ക്ക്; ഔദ്യോഗിക പാനലിനെ വെല്ലുവിളിച്ച വിജയ് ബാബുവിന് അഞ്ചാം സ്ഥാനം; അമ്മയിൽ ഹണി റോസിനും നിവിൻ പോളിക്ക് സംഭവിച്ചത് എന്തെന്ന് ആർക്കും അറിയില്ല
കൊച്ചി: അമ്മ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത്ഭുതകുട്ടിയായത് ഔദ്യോഗിക പാനലിന് പുറത്തുനിന്ന് മൽസരിച്ച മണിയൻപിള്ള രാജു. ആശാ ശരത്തിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയ അദ്ദേഹം മൂന്നിൽ രണ്ട് വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. അഞ്ഞൂറോളം അംഗങ്ങളുള്ള അമ്മ സംഘടനയിൽ 310 പേരാണ് ഇന്നലെ വോട്ട് ചെയ്യാനായി കൊച്ചി ക്രൗൺപ്ലാസ ഹോട്ടലിലെത്തിയത്. ഇതിൽ 224 വോട്ടുകൾ മണിയൻ പിള്ളയ്ക്ക് അനുകൂലമായത് ഔദ്യോഗിക വിഭാഗത്തെ ഞെട്ടിച്ചു.
നിർവാഹക സമിതിയിലേയ്ക്ക് മൽസരിച്ച 14 പേരിൽ നാസർ ലത്തീഫ്, നിവിൻപോളി, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടു. ജയിച്ചവരുടെ കൂട്ടത്തിൽ ഏറ്റവുമധികം വോട്ടുകൾ നേടിയത് സുധീർ കരമനയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിച്ച ശ്വേത മേനോൻ 176 വോട്ടുകൾ നേടി വിജയമുറപ്പിച്ചപ്പോൾ ആശാ ശരത്തിന് 153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. നിർവാഹകസമിതിയിലേയ്ക്ക് ഔദ്യോഗിക പാനലിന് പുറത്ത് നിന്നും മൽസരിച്ച വിജയ് ബാബു, ലാൽ എന്നിവർ വിജയിച്ചു കയറിയപ്പോൾ നാസർ ലത്തീഫിന് 100 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്.
കുഞ്ചനും പൂജപ്പുര രാധാകൃഷ്ണനും ആയിരുന്നു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഹണി റോസിന്റെ തോൽവിയും ഔദ്യോഗിക പക്ഷത്തിന് വിനയായി. മോഹൻലാൽ നേരിട്ട് ഇടപെട്ടിട്ടും ഹണി റോസും ആശാ ശരത്തും ജയിച്ചില്ല. മമ്മൂട്ടിയും ദിലീപുമെല്ലാം ഔദ്യോഗിക പക്ഷത്തിന് വേണ്ടി നില കൊണ്ടിട്ടും മണിയൻ പിള്ള രാജുവും കൂട്ടരും അട്ടിമറി നേടുകയായിരുന്നു. മണിയൻ പിള്ളയുടെ വിജയം എല്ലാവരും ഉറപ്പിച്ചിരുന്നു. തോൽക്കുന്നത് അശാ ശരത്താണോ ശ്വേതാ മേനോനാണോ എന്നതായിരുന്നു ഉയർന്ന ചോദ്യം. എന്നാൽ നിവിൻ പോളി ജയിക്കുമെന്ന് ഏവരും കരുതി. പക്ഷേ അതുണ്ടായില്ല.
വോട്ട് ചോദിച്ചവരാണ് അമ്മയിൽ ജയിച്ചത്. ഹണി റോസും നിവിൻ പോളും വോട്ട് ചോദിക്കുന്നതിൽ പിശക്കു കാട്ടി. വിജയ് ബാബു പലരേയും രണ്ടും മൂന്നും തവണ വിളിച്ചു. മണിയൻ പിള്ള രാജു മെസേജിലൂടെ പോലും വോട്ട് അഭ്യർത്ഥിച്ചു. ദുബായിൽ താമസിക്കുന്ന ആശാ ശരത്തിനേക്കൾ വോട്ട് പിടിത്തത്തിൽ മുന്നിൽ നിന്നത് ശ്വേതാ മേനോനാണ്. മോഹൻലാലിന്റെ വോട്ടഭ്യർത്ഥനയ്ക്ക് അപ്പുറം സ്ഥാനാർത്ഥികളുടെ വിളിക്കാണ് അമ്മയിലെ അംഗങ്ങൾ പ്രാധാന്യം നൽകിയത്. നിവിൻ പോളി യോഗത്തിന് പോലും വന്നില്ലെന്നതാണ് വസ്തുത.
പരാതികൾ ഒന്നുമില്ലെന്നും 'അമ്മ'യിലെ അംഗങ്ങൾ ഒറ്റക്കെട്ടാണെന്നും നിയുക്ത വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചു. 'അമ്മ'യുടെ പ്രസിഡന്റ് ആയ മോഹൻലാലിനൊപ്പം സഹായിയായി ഈ സംഘടനയിൽ നിൽക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഇതുവരെ 'അമ്മ'യുടെ ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. ഇപ്പോൾ എനിക്കു തോന്നി കുറച്ചു കൂടുതൽ സമയമുള്ളതുകൊണ്ട് ജോലി കൂടുതൽ ചെയ്യാൻ കഴിയും എന്ന്. രണ്ടുമൂന്നു തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ഇനി കമ്മിറ്റിയിൽ ഒന്നും ഇല്ലെങ്കിൽ തന്നെ തിരുവനന്തപുരത്ത് എന്ത് ആവശ്യമുണ്ടെങ്കിലും, ആരെങ്കിലും മരിച്ചാലോ, മന്ത്രിയെ കാണാനാണെങ്കിലോ ഇടവേള ബാബു എന്നെ ഓരോ ആവശ്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ ഒരു സ്ഥാനം ഇല്ലെങ്കിലും ഇതൊക്കെ ഞാൻ എപ്പോഴും ചെയ്യുന്നതാണ്.
ഇപ്പോൾ എനിക്ക് വൈസ് പ്രസിഡന്റ് ആയിട നിൽക്കണം എന്ന് തോന്നി. സ്ത്രീകൾക്കാണ് ഈ സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിൽക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്. ഇലക്ഷൻ കഴിഞ്ഞതോടെ ഇനി ഞങ്ങൾ എല്ലാം ഒന്നിച്ചു തന്നെ നിൽക്കും. 'അമ്മ' സംഘടന കുറേക്കൂടി ഉന്നതങ്ങളിൽ എത്തേണ്ടതുണ്ട്. പ്രത്യേകിച്ച് സാമ്പത്തികമായി. നമ്മുടെ എല്ലാം ധൈര്യം ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ മോഹൻലാലാണ്. അദ്ദേഹത്തെ സഹായിക്കാൻ ഒരു അസിറ്റന്റായി നിൽക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഇനി അങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടായി നിൽക്കും.
ഇലക്ഷനു മുൻപ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം. അച്ഛനും മകനും തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അവർ തമ്മിലുള്ള രീതികൾ വ്യത്യസ്തമായിരിക്കും. ഞാൻ ഒരാളോടും നെഗറ്റീവ് ആയി സമീപിച്ചിട്ടില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരത്തും ശ്വേതാ മേനോനും ഞാനും നിൽക്കുന്നു, എനിക്കൊരു വോട്ട് തരണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇന്നയാൾക്ക് വോട്ട് ചെയ്യരുതെന്ന് ഞാൻ പറഞ്ഞിട്ടേ ഇല്ല. അതുപോലെ തന്നെ മോഹൻലാലിന്റെ ഒരു കത്തുണ്ടായിരുന്നു, അതിലും ഇന്ന ആളിന് വോട്ട് ചെയ്യണം ഇയാൾക്ക് വോട്ട് ചെയ്യരുത് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളവരെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം അതല്ലേ ജനാധിപത്യ രീതി. ഇതിൽ ആരും ശത്രുക്കളുമില്ല ആർക്കും വൈരാഗ്യവുമില്ല. ഞങ്ങളെല്ലാം ഒന്നാണ്.
ഇടവേള ബാബുവിന്റെ ജോലിക്കായി പത്ത് ലക്ഷം തരാം എന്ന് പറഞ്ഞാലും എനിക്ക് ചെയ്യാൻ കഴിയില്ല. കാരണം അത്തരത്തിൽ ജീവിതം ഇതിനായി ഹോമിച്ച് നിൽക്കുന്ന ആളാണ് ബാബു. ഇവരുടെ രണ്ടുപേരുടെയും കൂടെ ഞങ്ങളെല്ലാം ഉണ്ടാകും. അമ്മയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പരാതികൾ ഒന്നുമില്ല. പാനൽ എന്നൊരു പരിപാടി ഒന്നും ആരും പറഞ്ഞിരുന്നില്ല. ആർക്ക് വേണമെങ്കിലും സ്വന്തമായി നിൽക്കാം. സിദ്ദീക്ക് പറഞ്ഞതുപോലെ ഇലക്ഷൻ വരുമ്പോൾ ജയിക്കാൻ വേണ്ടി ഓരോരുത്തരും ഓരോ ടാക്റ്റിക്‌സും തന്ത്രങ്ങളും ഉപയോഗിക്കും. അത്രേയുള്ളൂ സംഭവം. ആരും പാക്കിസ്ഥാനിൽ നിന്ന് വന്നതൊന്നുമല്ലല്ലോ.
ബാബുവിന് സഖ്യം ചെയ്തത് ഞാനാണ്, ഞങ്ങൾ തമ്മിൽ വല്ല വൈരാഗ്യവുമുണ്ടോ? എനിക്ക് ആരുടെയെങ്കിലും ഫോൺ നമ്പർ വേണമെങ്കിൽ ഞാൻ ബാബുവിനെയാണ് വിളിച്ചു ചോദിക്കുന്നത്. സംഘടനയുടെ പേര് തന്നെ ''അമ്മ' എന്നല്ലേ അച്ഛൻ എന്നല്ലല്ലോ. സ്ത്രീകൾ നിൽക്കുന്നെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഞാൻ മുകേഷ്ജഗദീഷ് പിന്നെ രണ്ടു സ്ത്രീകളും നോമിനേഷൻ ഇട്ടു, പിന്നെ മുകേഷും ജഗദീഷും പിന്മാറി. നമ്മൾ കോളജിൽ ആണെങ്കിലും ഇലക്ഷന് ഒരു ഹരമുണ്ട്. ഇതും ഒരു ആവേശമാണ്. എല്ലാവരും ഇന്ന് വന്നു. ഏറ്റവും കൂടുതൽ ആളുകൾ 'അമ്മ'യിൽ വന്ന ഒരു ദിവസമാണ് ഇന്ന് എല്ലാവരും സന്തോഷത്തിലാണ് എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. മൂന്നുവർഷത്തിലൊരിക്കൽ ഉറപ്പായും ഇലക്ഷൻ വേണം തിരഞ്ഞെടുപ്പ് വേണം എന്നതാണ് എന്റെ അഭിപ്രായം.'മണിയൻ പിള്ള രാജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ