തിരുവനന്തപുരം: നടൻ ഷമ്മി തിലകനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ താര സംഘടനയായ അമ്മയുടെ തീരുമാനം. എന്നാൽ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചു മാത്രമേ നടപടികളെടുക്കൂ. അല്ലാത്ത പക്ഷം പ്രശ്‌നം കോടതിക്ക് മുമ്പിലെത്തുമെന്ന തിരിച്ചറിവിലാണ് ഇത്. വിവാദങ്ങൾക്ക് ഇട നൽകുന്നതൊന്നും പൊതു സമൂഹത്തിൽ ചർച്ചയാക്കരുതെന്നാണ് അമ്മയുടെ നിലപാട്. നടിയെ ആക്രമിച്ച കേസിൽ ഇരയെ അപമാനിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.

ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദവും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്തു. ജനറൽ ബോഡിയിലെ ദ്യശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചതിൽ ഷമ്മി തിലകനോട് വിശദീകരണം തേടാനും അമ്മ എക്‌സിക്യൂട്ടീവിൽ തീരുമാനാമായി. ഇതിനായി പ്രത്യേക കമ്മിറ്റിയെ തന്നെ രൂപീച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു പറഞ്ഞു. ഷമ്മി തിലകൻ അച്ചടക്ക ലംഘനം നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊതു സമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാകാത്ത രീതിയിലാകും വിഷയത്തിൽ ഇടപെടുക.

തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അതുകൊണ്ട് തന്നെ തിലകന്റെ മകനെതിരായ നടപടി കരുതലോടെ മതിയെന്നാണ് തീരുമാനം. വിഷയത്തിൽ ഷമ്മി തിലകൻ മാപ്പ് അപേക്ഷിച്ചാൽ അത് അംഗീകരിച്ച് നടപടി വേണ്ടെന്ന് വയ്ക്കുകയും ചെയ്യും. ഏതായാലും അച്ചടക്ക നടപടിയുമായി മുമ്പോട്ടു പോകാനാണ് തീരുമാനം. ഷമ്മി തിലകനെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്‌പെന്റ് ചെയ്യും. അടുത്ത വർഷത്തെ ജനറൽ ബോഡിയിൽ ഇക്കാര്യം അവതരിപ്പിക്കും. ജനറൽ ബോഡിയുടെ അനുമതിയോടെ പുറത്താക്കുകയും ചെയ്യും.

നടിയെ ആക്രമിച്ച കേസിൽ ഇരയ്‌ക്കൊപ്പമാകും സംഘടന നിൽക്കുക. സ്ത്രീകളുടെ പ്രശ്‌ന പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണൽ കമ്മിറ്റി സംഘടനയിൽ ഉണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹൻ ലാൽ അറിയിച്ചു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്‌ള്യൂസിസി അംഗങ്ങൾ സംഘടനയിൽ ഇന്റേണൽ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് മോഹൻലാൽ ഇന്റേണൽ കമ്മിറ്റി ഉണ്ടെന്ന് അറിയിച്ചത്. അതോടൊപ്പം

എല്ലാ പ്രശ്‌നങ്ങളും മീറ്റിംഗിൽ ചർച്ച ചെയ്യും എന്നും അതിനെല്ലാം പ്രത്യേകം കമ്മിറ്റികളെ രൂപീകരിക്കും എന്നും മണിയൻ പിള്ള രാജു പറഞ്ഞു. കഴിഞ്ഞ ജനറൽ ബോഡിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നായിരുന്നു ഷമ്മി തിലകൻ കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകൾ മൊബൈൽ ക്യാമെറയിൽ പകർത്തിയത്. വിവാദത്തെ തുടർന്ന് ഷമ്മി തിലകനെ പുറത്താകണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും മമ്മൂട്ടിയടക്കമുള്ളവർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

വളരെ നിർണായകമായ ഒരു യോഗമായിരുന്നു ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് നടന്നത്. വളരെ നീണ്ടു നിന്ന എക്‌സിക്യൂട്ടീവ് യോഗം 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്നായിരുന്നു കമ്മിറ്റയുടെ തീരുമാനം. പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് 'അമ്മ' സംഘടന കൂടിയത്.