കൊച്ചി: ഓണത്തിന് ചാനലുകളിലേക്ക് സിനിമാത്താരങ്ങൾ ആരും തന്നെ എത്തുകയില്ലെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് സിനിമാ സംഘടനകൾ. ദിലീപ് വിഷയം മത്സരിച്ച് റിപ്പോർട്ട് ചെയ്ത് ജനങ്ങളിലേക്ക് എത്തിച്ച ചാനലുകൾക്കെതിരെ അത്രയ്ക്കുണ്ട് സിനിമാക്കാരുടെ ദേഷ്യവും പിണക്കവും. ഇതിനാൽ ഓണത്തിന് ചാനലുകളിലേക്ക് താരങ്ങളോ മറ്റ് അണിയറ പ്രവർത്തകരോ ആരും തന്നെ എത്തേണ്ട എന്ന് കൂട്ടായി തീരുമാനിക്കുക ആയിരുന്നു സിനിമാ സംഘടനകൾ.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരെ ചാനലുകൾ മോശമായി ചിത്രീകരിച്ചെന്നാണ് സംഘടനകൾ പറയുന്നത്. ഇതോടെ ഇന്നലെ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം. അതേസമയം, പുതിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സിനിമാ മേഖലയിലെ ചില സംഘടനകൾക്കുള്ളത്.

അമ്മയും ഫെഫ്കയുമാണ് ചാനൽ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അമ്മ സംഘടനയിൽ നിന്നും ഇടവേള ബാബു, ഫെഫ്കയിലെ ബി. ഉണ്ണികൃഷ്ണൻ, പ്രൊഡ്യൂസർ അസോസിയേഷനിലെ ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചാനലുകൾ മത്സര ബുദ്ധിയോടെയാണ് പെരുമാറിയതെന്നും ഇത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയെന്നും അംഗങ്ങൾ യോഗത്തിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടീനടന്മാർക്ക് നിർദ്ദേശം നൽകുമെന്നും ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി.