- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയൻ പിള്ള അഥവാ മണിയൻ പിള്ള; 'അമ്മ'യുടെ മക്കൾ തമ്മിലെ പോരിൽ അവസാന വട്ടം വരെ മാന്യത നിലനിർത്തി; അട്ടിമറി ചെറുക്കാൻ മോഹൻലാലും മമ്മൂട്ടിയും ദിലീപും ഒന്നിച്ചിറങ്ങിയിട്ടും ഫലമുണ്ടായില്ല; മണിയൻ പിള്ളയ്ക്കും ലാലിനും തുണയായത് ജനകീയത തന്നെ
കൊച്ചി: ഔദ്യോഗിക പാനലിനെ മറികടന്ന് സ്വന്തം നിലയിൽ മണിയൻ പിള്ള രാജു ജയിച്ച് കയറിയത് മോഹൻലാലിന് വലിയ തിരിച്ചടിയായി.'അമ്മ'യിൽ ജയമുറപ്പിക്കാൻ നോട്ടീസ് പ്രചാരണവുമായി മണിയൻ പിള്ള രാജു രംഗത്തെത്തിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയായിരുന്നു മണിയൻപിള്ളയുടെ മത്സരം. ' അമ്മയുടെ രൂപീകരണത്തിൽ എളിയ പങ്കു വഹിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് ഞാൻ. ലൈഫ് മെമ്പർഷിപ്പ് നമ്പർ മൂന്നും. അമ്മ സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നും ഇതുവരെ ഞാൻ മാറി നിന്നിട്ടില്ല-ഇതായിരുന്നു മണിയൻ പിള്ളയുടെ പ്രചരണത്തിലെ പ്രധാന പോയിന്റ്. ആരേയും വ്യക്തിപരമായി മണിയൻ പിള്ള ആക്ഷേപിച്ചില്ല. മത്സരത്തിലെ മാന്യത അവസാന വട്ടം വരെ നിലനിർത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് പോലും മണിയൻ പിള്ള മറുപടി പറയാൻ തയ്യാറായില്ല. എന്നാൽ, നടൻ സിദ്ദിഖ് ഇട്ട പോസ്റ്റിന്റെ അവസാന വരികൾ ഇങ്ങനെയായിരുന്നു:
'ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല...''
ഇന്ന് രാവിലെ ജനറൽ ബോഡിക്ക് മുൻപ് മണിയൻപിള്ള രാജു പറഞ്ഞത് -
എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ല. ഞാൻ മത്സരിക്കുന്നുണ്ട്.
അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള കർമ പരിപാടികളിൽ ഭാവിയിലും ഞാൻ മുന്നിലുണ്ടാകും. ചില ആശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാൻ എനിക്ക് അതിയായ ആഗ്രമുണ്ട്. ആ സ്വപ്ന സാക്ഷാത്കാരത്തിനും അമ്മയുടെ കെട്ടുറപ്പിനും വേണ്ടിയുള്ളതാണ് എന്റെ സ്ഥാനാർത്ഥിത്വം. വൈസ് പ്രസിഡന്റായി എന്നെ ജയിപ്പിക്കണം-ഇതായിരുന്നു മണിയൻപിള്ളയുടെ നിലപാട് വിശദീകരണം. മണിയൻപിള്ളയുടെ സാന്നിധ്യമാണ് അമ്മയിലെ പോരാട്ടം അതിശക്തമാക്കിയത്. നടനും സംവിധായകനുമായ ലാലും ശക്തമായ പ്രചാരണത്തിലുണ്ടായിരുന്നു. ലാലും മണിയൻപിള്ള രാജുവും ഔദ്യോഗിക പക്ഷത്തിന് ശക്തമായ വെല്ലുവിളിയാണെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ഇരുവരും ജയിച്ചുകയറുകയും ചെയ്തു.
മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ഔദ്യോഗിക പാനലിന് വേണ്ടി പരോക്ഷ വോട്ടു പിടിത്തം നടത്തിയിരുന്നു. എന്നാൽ മണിയൻ പിള്ളയുടേയും ലാലിന്റേയും ജനകീയത 'അമ്മ'യിലെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമായി മാറി. മണിയൻ പിള്ളയുടെ മത്സര സാന്നിധ്യമായിരുന്നു ഔദ്യോഗിക പക്ഷത്തിന് ഏറ്റവും വലിയ തലവേദന. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ സ്ഥാനാർത്ഥിത്വം.
പത്രിക പിൻവലിക്കാൻ വിജയ് ബാബു നൽകിയ അപേക്ഷയിൽ ഒപ്പില്ലായിരുന്നു. അതുകൊണ്ട് സാങ്കേതികത്വത്തിൽ വിജയ് ബാബു മത്സരിക്കുകയാണെന്നായിരുന്നു ഔദ്യോഗിക പക്ഷം പറഞ്ഞിരുന്നത്. എന്നാൽ വിജയ് ബാബുവും വോട്ട് അഭ്യർത്ഥിച്ച് വീഡിയോ ഇറക്കി. അങ്ങനെ അതിശക്തമായ മത്സര ചൂടിൽ വിജയ ബാബുവും ജയിച്ചുകയറി.
ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ചാണ്് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചത്. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.
ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ള രാജുവും എത്തും.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ