- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മക്കൾ ചാനലിൽ കേറുകയും ചെയ്യും അവാർഡും വാങ്ങും; ചാനൽ ഷോകളിൽ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള ഫിലിം ചേമ്പറിന്റെ നീക്കം തുടക്കത്തിലേ പൊളിഞ്ഞു; ചർച്ച പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോയി ഇന്നസെന്റും ഗണേശ് കുമാറും; ദിലീപിനെതിരെ വാർത്തകൾ നൽകിയതിന് പ്രതികാരമായി ചാനലുകൾക്ക് പണികൊടുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പൊളിഞ്ഞത് ഇങ്ങനെ
കൊച്ചി: അമ്മയുടെ മക്കൾ ചാനലിൽ കയറരുത് എന്ന് ആരു പറഞ്ഞാലും നടക്കില്ലെന്ന് നിലപാടെടുത്തതോടെ ചാനൽ അവാർഡ് നിശകളിലുൾപ്പെടെ താരങ്ങളെ വിലക്കാനായി വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അവാർഡ് നിശകളിൽ താരങ്ങൾ പങ്കെടുക്കരുതെന്ന് ഫിലിം ചേംബർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനാണ് വിവിധ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചത്. എന്നാൽ താരങ്ങളുടെ വരുമാന മാർഗം കൂടിയായ ചാനൽ അവാർഡ് നിശകളും പരിപാടികളും വിലക്കുന്നതിന് നടത്തിയ നീക്കം തുടക്കത്തിലേ പൊളിയുകയായിരുന്നു. ഫിലിം ചേമ്പർ മുന്നോട്ട് വെച്ച നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികൾ നിലപാടെടുത്തതോടെയാണ് ചർച്ച അലസിയത്. ഒടുവിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിൽ യോഗം പിരിയുകയായിരുന്നു. കേരള ഫിലീം ചേംബറും താരസംഘടന അമ്മയും ഉൾപ്പെടെ ആറ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. കേരള ഫിലീം പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലീം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, കേരള ഫിലീം എക്സിബിറ്റേഴ്സ
കൊച്ചി: അമ്മയുടെ മക്കൾ ചാനലിൽ കയറരുത് എന്ന് ആരു പറഞ്ഞാലും നടക്കില്ലെന്ന് നിലപാടെടുത്തതോടെ ചാനൽ അവാർഡ് നിശകളിലുൾപ്പെടെ താരങ്ങളെ വിലക്കാനായി വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അവാർഡ് നിശകളിൽ താരങ്ങൾ പങ്കെടുക്കരുതെന്ന് ഫിലിം ചേംബർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനാണ് വിവിധ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചത്. എന്നാൽ താരങ്ങളുടെ വരുമാന മാർഗം കൂടിയായ ചാനൽ അവാർഡ് നിശകളും പരിപാടികളും വിലക്കുന്നതിന് നടത്തിയ നീക്കം തുടക്കത്തിലേ പൊളിയുകയായിരുന്നു.
ഫിലിം ചേമ്പർ മുന്നോട്ട് വെച്ച നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികൾ നിലപാടെടുത്തതോടെയാണ് ചർച്ച അലസിയത്. ഒടുവിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിൽ യോഗം പിരിയുകയായിരുന്നു. കേരള ഫിലീം ചേംബറും താരസംഘടന അമ്മയും ഉൾപ്പെടെ ആറ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
കേരള ഫിലീം പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലീം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, കേരള ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, ഫിലീം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്നീ സംഘടനകളുടെ പ്രതിനിധികളും എത്തി. എല്ലാ സംഘടനകളുടേയും മുഖ്യ ഭാരവാഹികളോടും സഹഭാരവാഹികളോടുമാണ് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്
രാവിലെ തന്നെ ചർച്ച ആരംഭിച്ചിരുന്നു. പത്തോടെ ആരംഭിച്ച ചർച്ച തുടക്കം മുതൽ കലുഷിതമായിരുന്നു. അടുത്ത മൂന്ന് വർഷത്തേക്ക് ചാനലുകൾ നടത്തുന്ന താരനിശകളിൽ അമ്മ അംഗങ്ങൾ പങ്കെടുക്കരുതെന്നായിരുന്നു ഫിലിം ചേംബർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യത്തെ അമ്മ പ്രതിനിധികളായെത്തിയ ഇന്നസെന്റ്, ഗണേശ്കുമാർ, ഇടവേള ബാബു തുടങ്ങിയവർ എതിർത്തതോടെ ചർച്ച ബഹളത്തിലേക്ക് നീങ്ങി. ഇന്നസെന്റും ഗണേശ്കുമാറും നിലപാടറിയിച്ച ശേഷം ചർച്ച പൂർത്തിയാകുന്നതിന് മുമ്പുതന്നെ മടങ്ങി. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ വാർത്തകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ചില താരങ്ങൾ ടെലിവിഷൻ പരിപാടികളിൽ നിന്ന് മാറി നിന്നിരുന്നു. സിനിമ മേഖലയെ അപകർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുകയാണെന്നായിരുന്നു ഒരു കൂട്ടം താരങ്ങളുടെ ആക്ഷേപം. പിന്നാലെ, അമ്മയുടെ ജനറൽ ബോഡി മീറ്റിംങ്ങിന് ശേഷമുള്ള വാർത്ത സമ്മേളനത്തിനിടെ താരങ്ങൾ കൂവിളിച്ച് മാധ്യമപ്രവർത്തകരെ അപമാനിക്കാനും ശ്രമം നടന്നിരുന്നു. ഇതിന് ദിലീപ് അനുകൂലികളുടെ പിന്തുണയും ഉണ്ടായി. എന്നാൽ താരങ്ങളുടെ വരുമാനമാർഗം കൂടിയാണ് ചാനൽ ഷോകൾ എന്നിരിക്കെ അതിൽ നിന്ന് വിട്ടുനിൽക്കുന്നതിനോട് ഭുരിഭാഗം താരങ്ങളും അനുകൂലിക്കുന്നില്ല.
എന്നാൽ ഫിലിം ചേംബറിന്റെ ഇപ്പോഴത്തെ ഭാരവാഹികളെല്ലാം പുതുമുഖങ്ങളായതിനാൽ മറ്റ് സംഘടനകളിലെ അംഗങ്ങളെ പരിചയപ്പെടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചതെന്നായിരുന്നു ചേംബർ പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും സിനിമാ മേഖലയ്ക്ക് ഗുണകരമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നും വിജയകുമാർ പറഞ്ഞു
താരങ്ങളെ പങ്കെടുപ്പിച്ച് ചാനലുകൾ നടത്തുന്ന ഷോകൾക്ക് യാതൊരുവിധ സത്യവുമില്ലെന്നാണ് ചേമ്പറിന്റെ വിലയിരുത്തൽ. അവാർഡ് നിശകളുടെ മറവിൽ ചാനലുകളെ തിന്ന് കൊഴുക്കാൻ സമ്മതിക്കില്ലെന്നാണ് ചേമ്പർ പറയുന്നത്. മാസങ്ങൾക്ക് മുമ്പേ ചേമ്പർ ഇക്കാര്യം ആലോചിച്ചിരുന്നുവെങ്കിലും, എല്ലാവരുമായും ധാരണയിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു എന്നും ചേമ്പർ പ്രതിനിധികൾ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ താരങ്ങൾക്ക് ചാനൽ ഷോകളിൽ വിലക്ക് ഏർപ്പെടുത്താൻ നീക്കം ഉണ്ടായതോടെ വിഷയത്തിൽ വൻ എതിർപ്പുമായി നല്ലൊരു വിഭാഗം താരങ്ങളും എത്തി. ദിലീപ് അനുകൂല നിലപാട് എടുക്കാത്ത ചാനലുകളുടെ പരിപാടികളിൽ പങ്കെടുക്കരുത് എന്ന നീക്കമാണ് ഒരു വിഭാഗം നടത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. എന്നാൽ ഇതിന്റ പേരിൽ ചാനൽ വിലക്ക് ഏർപ്പെടുത്താനുള്ള നീക്കം തുടക്കത്തിലേ പൊളിയുകയായിരുന്നു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് മിക്ക മാധ്യമങ്ങളിൽ നിന്നും താരങ്ങൾ വിട്ടുനിന്നത് ഏറെ ചർച്ചകൾകൾക്കും വഴിവെച്ചിരുന്നു. സാറ്റ്‌ലെറ്റ് അവകാശം വിറ്റ് പോകുന്നതാണ് സിനിമ നിർമ്മാതാക്കളുടെ പ്രധാന വരുമാന മാർഗ്ഗം. നേരത്തെ ഷൂട്ടിംങ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ചാനലുകൾ സാറ്റ്‌ലെറ്റ് റൈറ്റ് വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനം വർഷങ്ങളായി, തീയ്യറ്ററുകളിലെ പെർഫോമൻസ് അനുസരിച്ചാണ് ചാനലുകൾ സിനിമകൾ വാങ്ങാറ്. ഇതോടെ മിക്ക നിർമ്മാതാക്കളും പ്രതിസന്ധിയിായി. ഈ വർഷം ആകെ നാൽപത് സിനിമകളാണ് ചാനലുകൾ വാങ്ങിയത്.
അറസ്റ്റിനെത്തുടർന്ന് അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്നടക്കം മറ്റെല്ലാ ഭാരവാഹിത്വത്തിൽ നിന്നും വിവിധ സംഘടനകൾ ദിലീപിനെ നീക്കിയിരുന്നു. എന്നാൽ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ദിലീപിനെ വീണ്ടും പ്രസിഡന്റാക്കണമെന്ന തീരുമാനമെടുത്തു. പിന്നാലെ ദിലീപ് സംഘടന ഭാരവാഹികൾക്ക് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് കാണിച്ച് കത്ത് നൽകുകയായിരുന്നു. എന്നാൽ ദിലീപിന്റെ അറസ്റ്റും അവാർഡ് ഷോകൾ ബഹിഷ്‌കരിക്കാനുള്ള ചർച്ചകളും തമ്മിൽ ബന്ധമില്ലെന്നാണ് ഫിലീം ചേമ്പർ ഭാരവാഹികൾ വാദിക്കുന്നത്.