കൊച്ചി: തുടക്കം മുതൽ നടൻ ഇന്നസെന്റ് ദിലീപിനൊപ്പമാണ്. അതു തന്നെയായിരുന്നു അമ്മയുടെ യോഗത്തിലും കണ്ടത്. നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന വാദം ആരേയും യോഗത്തിൽ ഉയർത്താൻ സമ്മതിച്ചില്ല. ഇതിനെ ദിലീപിനെ പിന്തുണയ്ക്കുന്ന കൊച്ചി ലോബി അടിച്ചൊതുക്കി. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് കാട്ടിയ അസഹിഷ്ണുതയിലും വലുതായിരുന്നു ഹാളിൽ സംഭവിച്ചത്. അവിടേയും കൂക്കുവിളികൾ ഉയർന്നു. വിഷയം ഉന്നയിച്ചവർ അപമാനിതരായി. അതുകൊണ്ടാണ് റീമാ കല്ലിങ്കലും രമ്യാനമ്പീശനും പ്രശ്‌നം ഉന്നയിക്കാതിരുന്നത്.

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആർക്കും സംശയം ഉണ്ടായിരുന്നില്ലെന്ന സംഘടനയുടെ വാദം തീർത്തും അടിസ്ഥാന രഹിതമാണ്. വിഷയം ചർച്ച ചെയ്യണമെന്നവിമെൻ ഇൻ കളക്ടീവ് സിനിമ'യിലെ അംഗമായ രമ്യാ നമ്പീശൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളിൽ നടിമാർക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ രമ്യ തുടർന്ന് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന കാര്യം ഉന്നയിക്കുന്നതിനു മുമ്പ് ബഹളം തുടങ്ങി. പറഞ്ഞത് പൂർത്തിയാക്കാൻ അനുവദിച്ചതുമില്ല.

ഇടയ്ക്ക് കയറി ഇന്നസെന്റ് എണീറ്റു മറുപടി പറയുകയായിരുന്നുവത്രേ. കേസ് പൊലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. കൂടുതലൊന്നും പറയാൻ രമ്യയെ ഇന്നസെന്റ് അനുവദിച്ചില്ല. ഇതോടെ ഈ വിഷയം അവസാനിച്ചു. കൂക്ക് വിളികളും ഉയർന്നു. കൊച്ചി ലോബിക്കൊപ്പമുള്ള  നടിമാരാണ് ഇത് ചെയ്തത്. ഈ യോഗത്തിലും നിശബ്ദ സാന്നിധ്യമായിരുന്നു മോഹൻലാലും മമ്മൂട്ടിയും. ഇതോടെ റീമാ കല്ലിങ്കൽ അപമാനിതയാകേണ്ടെന്ന് കരുതി പിന്മാറി. അതിന് ശേഷവും ബോധപൂർവ്വം വിമൻ ഇൻ കളക്ടീവിനെ അപമാനിക്കാൻ ശ്രമിച്ചു. മൈഥിലിയെ ചോദ്യം ചെയ്തത് റീമയുടെ പേരിലേക്ക് തിരിച്ചു വിടാനുള്ള ശ്രമവും അതിന്റെ ഭാഗമായിരുന്നു.

അമ്മയുടെ യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചില്ലെന്നായിരുന്നു സംഘടനാ നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ ഈ വിഷയം അവതരിപ്പിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു താരങ്ങൾ പ്രതികരിച്ചത്. ഇതാണ് വിമൻ ഇൻ കളക്ടീവിലെ അംഗങ്ങളെ പ്രകോപിതയാക്കിയത്. അതുകൊണ്ടാണ് നടിയെ ആക്രമിച്ച കേസിൽ വനിതാ കമ്മീഷനിൽ പരാതി നൽകാൻ അവർ തീരുമാനിച്ചതും. അമ്മയിലെ സംഭവങ്ങളെ ഗൗരവത്തോടെയാണ് ഇവർ കാണുന്നത്. ഇനിയൊരു യോഗം ചേർന്നാൽ ഗൗരവത്തോടെ തന്നെ പ്രശ്‌നം ഉന്നയിക്കും.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ഏതെങ്കിലും നടനെ അറസ്റ്റ് ചെയ്താൽ അടിയന്തര യോഗം വിളക്കാൻ അമ്മയോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്താൽ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെടും.