അമൃതപുരി: ആഘോഷങ്ങളില്ലെങ്കിലും നിരവധി സേവന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായ ധനവിതരണത്തിനും അമ്മയുടെ ജന്മദിനാചരണ ചടങ്ങ് വേദിയാകും. ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശമനുസരിച്ച് ആഘോഷങ്ങളൊഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ ജന്മദിനാചരണം സംഘടിപ്പിക്കുന്നത്.

ലോകമെങ്ങും വേദനയനുഭവിക്കുന്ന ജീവിതങ്ങൾക്ക് ആശ്വാസവും സ്വാന്ത്വനവും കൈത്താങ്ങുമാവുന്ന അമ്മയുടെ 65 ാം ജന്മദിനാചരണവേളയിലും എണ്ണമറ്റ സേവന പ്രവർത്തനങ്ങൾക്കാണ് മാതാ അമൃതാനന്ദമയി മഠം തുടക്കം കുറിക്കുന്നത്. നിസ്വാർഥ സേവനം ജീവിതവ്രതമാക്കിയ അമ്മയുടെ ഭക്തരും സന്യാസശിഷ്യരുമടക്കമുള്ള പതിനായിരങ്ങൾ 65 ാം ജന്മവാർഷിക ദിനാചരണം സേവന മഹോത്സവമാക്കാൻ അമൃതപുരിയിലേയ്ക്ക് എത്തിച്ചേർന്നു കഴിഞ്ഞു.ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് പിറന്നാൾ ദിനത്തിൽ അമ്മയുടെ ദർശനം തേടിയെത്തുന്നവർക്കായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്ബസിൽ ഒരുക്കിയിട്ടുള്ളത്.ഇത്തവണ ആഘോഷങ്ങളും വിശിഷ്ടാതിഥികളും ഇല്ലെങ്കിലും പതിവുപോലെ നിരവധി ക്ഷേമ പദ്ധതികളുടെ തുടക്കവും സഹായ നിധിവിതരണവും ജന്മവാർഷിക ദിനാചരണ വേദിയിൽ വെച്ച് നടക്കും.

സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട മഹത്വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. വ്യാഴാഴ്ച പുലർച്ചെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിന വാർഷികാചരണം തുടങ്ങുക തുടർന്ന് സത്സംഗം നടക്കും. സത്സംഗത്തെത്തുടർന്ന് പ്രധാന ചടങ്ങായ ഗുരുപാദുകപൂജ നടക്കും. അമ്മയുടെ പ്രഥമ സന്യാസിശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ അമ്മയുടെ സന്യാസിശിഷ്യരാണ് പാദുകപൂജ നടത്തുക.

തുടർന്ന് അമ്മ ജന്മദിനസന്ദേശം നൽകും. കേരളത്തിലെ മഹാപ്രളയത്തിൽ രക്ഷാദൗത്യത്തിനി ടെ ജീവത്യാഗം ചെയ്തവരുടെ ആശ്രിതർ ക്കുള്ള സഹായധനവിതരണം വേദിയിൽ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അമൃതകീർത്തി പുരസ്‌കാരപ്രഖ്യാപനം ഇത്തവണ മാറ്റിവെച്ചിരിക്കുകയാണ്.

മഠം നല്കുന്ന വിവിധ ക്ഷേമ പെൻഷനുകൾ വേദിയിൽ വിതരണം ചെയ്യും. സമൂഹവിവാഹം, വിദ്യാമൃത സ്‌കോളർഷിപ്പ് വിതരണം, നിർധനരോഗികൾക്കുള്ള ചികിത്സാ സഹായവിതരണം എന്നിവയും വേദിയിൽ നടക്കും ഉച്ചയോടെ അമ്മയുടെ ദർശനം ആരംഭിക്കും. കേരളത്തിന്റെ തീരമേഖലയെ തകർത്ത ഓഖി ദുരന്തത്തിലും അടുത്തിടെ നടന്ന പ്രളയദുരന്തത്തിലും മാതാ അമൃതാനന്ദമയി മഠം സഹായഹസ്തവുമായി എത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടു കോടി രൂപയും പ്രളയദുരിതാ ശ്വാസ നിധിയിലേയ്ക്ക് 10 കോടി രൂപയും മഠം സംഭാവന ചെയ്തിരുന്നു. പ്രളയ മേഖലകളിൽ ദുരിതാശ്വാസ പുനർനിർമ്മാണ ശുചീകരണ പ്രവർത്തനങ്ങൾക്ക് മഠവും ഭക്തരും അമൃത സ്ഥാപങ്ങളും മുന്നണിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു.

പ്രളയനാളുകളിൽ അമൃതാനന്ദമയി മഠം യുവജനസംഘടയായ അയുദ്ധിന്റെ ആഭിമുഖ്യത്തിൽ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്ബസിൽ സംഘടിപ്പിച്ച അമൃത ഹെല്‌പ്ലൈൻ ലക്ഷക്കണക്കിനു മനുഷ്യജീവനുകൾ യഥാസമയം രക്ഷിക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും വലിയ സഹായമാണ് ചെയ്തത്.

ജന്മദിന തലേന്ന് ബുധനാഴ്ച വൈകിട്ട് നാലു വരെ അമ്മ അമൃതപുരിയിൽ ഭക്തർക്ക് ദർശനം നൽകി. തുടർന്ന് സന്ധ്യയ്ക്ക് അമൃതവിശ്വവിദ്യാപീഠം കാമ്ബസിലെ വേദിയിൽ ഭജനയ്ക്കും അമ്മ നേതൃത്വം നൽകി. രാത്രി വൈകിയും വേദിയിൽ അമ്മയുടെ ദർശനം തുടരുകയാണ്.

ആർഭാടങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടായിരിക്കും പിറന്നാൾ ചടങ്ങുകളെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ്‌ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. വേദിയിൽ പുഷ്പാലങ്കാരങ്ങളും, കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. എല്ലാവർഷവും നടത്താറുള്ള ജന്മദിനസമ്മേളനം ഉപേക്ഷിച്ചു.

വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടില്ലെങ്കിലും ജന്മദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരാൻ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട പ്രമുഖർ എത്തും. ആതുര സേവന രംഗത്ത് രണ്ടു ദശകം പിന്നിട്ട അമൃത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തേയും പോലെ ഈ വർഷവും നിർധനരോഗികൾക്ക് സമ്ബൂർണ്ണ സൗജന്യ ശസ്ത്രക്രിയയും വിവിധ വിഭാഗങ്ങളിലായി സൗജന്യചികിത്സയും നൽകുന്നുണ്ട്.

1998 മുതൽ തുടർ ന്നു വരുന്ന സമ്ബൂർണ്ണ സൗജന്യ ചികിത്സപദ്ധതിയിൽ ഈ വർഷം 800 ഓളം പേർക്കാണ് സഹായം നൽകുക. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃത സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മ 10 ലക്ഷം രൂപ സംഭാവന നൽകും.