കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ കുറച്ചുദിവസമായി വീണ്ടും സജീവ ചർച്ചയാവുകയും ഇതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സംഘടനാ ട്രഷറർ കൂടിയായ ദിലീപിനെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്യുന്നതിനിടെ താരസംഘടന അമ്മയുടെ നിർണായക യോഗജീവ ചർച്ചയായി.

വൈകീട്ട് ഏഴരയ്ക്കാണ് യോഗം തുടങ്ങാൻ നേരത്തേ തീരുമാനിച്ചത്. ആലുവ പൊലീസ് ക്‌ളബ്ബിൽ ദിലീപിന്റെ മൊഴിയെടുക്കൽ മണിക്കൂറുകൾ നീണ്ടിട്ടും അവസാനിക്കാത്ത സാഹചര്യത്തിൽ എക്‌സിക്യൂട്ടീവ് അംഗംകൂടിയായ ദിലീപ് എത്താതെയാണ് യോഗം എട്ടുമണിയോടെ തുടങ്ങിയത്. ഹോട്ടൽ ക്രൗൺ പ്‌ളാസയിലായിരുന്നു യോഗം.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവവും അതിനുശേഷം സിനിമാപ്രവർത്തകർക്കിടയിൽ ഉണ്ടായ വാദപ്രതിവാദങ്ങളും ഇന്നത്തെ എക്‌സിക്യുട്ടീവിലും ചൂടേറിയ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും വിഷയം അജണ്ടയിൽ ഇല്ലെന്ന് നടൻ ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ നടിക്കൊപ്പം നിലകൊള്ളുന്ന എക്‌സിക്യുട്ടീവിലെ വനിതാ അംഗം രമ്യാ നമ്പീശൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

എന്നാൽ യോഗത്തിൽ പങ്കെടുത്ത മറ്റ് മുതിർന്ന അംഗങ്ങൾ വിഷയം ഉന്നയിച്ചുവെന്നാണ് വിവരം. ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും അനുകൂലമായി രണ്ടുചേരി സിനിമാ ലോകത്ത് ഇപ്പോൾ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യം ചർച്ചചെയ്യാതെ ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഉണ്ടായത്. ഇതോടെ നാളെ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യം സജീവ ചർച്ചാ വിഷയമാകുമെന്നും ഉറപ്പായിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട സംഭവം, നടിക്കെതിരെ ദിലീപ് ഉൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ, ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ തുടങ്ങിയവയൊന്നും ചർച്ചചെയ്യില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കിയത്. ഇതോടെയാണ് വിഷയം യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തൽ ഉണ്ടായത്.

ഇതോടെ വിഷയം എക്‌സിക്യുട്ടീവിൽ പറയുമെന്ന് കരുതിയിരുന്ന നടി രമ്യാ നമ്പീശൻ ഇന്നത്തെ എക്‌സിക്യുട്ടീവിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്നാണ് സൂചന. എന്തായാലും സംഘടന ഈ വിഷയത്തിലെ അഭിപ്രായം നാളെ ജനറൽ ബോഡിക്കിടെ തന്നെ വൈകീട്ട് മൂന്നുമണിക്ക് പത്രസമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

നാളെ നടക്കാൻ പോകുന്ന അമ്മയുടെ ജനറൽബോഡി യോഗത്തിന് മുന്നോടിയായാണ് ഇന്ന് എക്‌സിക്യുട്ടീവ് യോഗം ചേർന്നത്. നാളെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ നടക്കുന്ന ജനറൽ ബോഡി യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനുള്ള യോഗമാണ് ഇന്ന് നടന്നന്നത്. നാളത്തെ യോഗത്തിൽ നടിയെ ആക്രമിച്ച സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും ചർച്ചയാകുമെന്ന് ഉറപ്പായിരിക്കെ ഇന്നത്തെ എക്‌സിക്യൂട്ടീവിലാണു ജനറൽ ബോഡി യോഗത്തിൽ അത് അജണ്ടയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയർന്നിരുന്നു.

എന്നാൽ മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെ പങ്കെടുത്തെ എക്‌സിക്യുട്ടീവിൽ, നാളെ ഈ വിഷയം ജനറൽ ബോഡിയിൽ ഉന്നയിക്കപ്പെട്ടാൽ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുകയും ചെയ്തുവെന്നാണ് വിവരം. നാളെയും ഇക്കാര്യം അംഗങ്ങൾ ഉന്നയിച്ചാൽ വിശദമായി തന്നെ ചർച്ച ചെയ്യുമെന്ന് ഇടവേള ബാബുവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാളത്തെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല.

നടി മഞ്ജു വാര്യർ അടക്കമുള്ളവർ നാളത്തെ ജനറൽ ബോഡിയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ മഞ്ജു പങ്കെടുത്തിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവവും ഷൂട്ടിങ് ലൊക്കേഷനിൽ മറ്റ് ചില നടിമാർക്കെതിരെ ആക്രമണ ശ്രമമുണ്ടായ സംഭവങ്ങളും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ചയാക്കാനാണു വനിതാ സംഘടനയുടെ തലപ്പത്തുള്ള നടിമാരുടെ തീരുമാനം. അതേസമയം, താരസംഘടനയുടെ പിന്തുണയില്ലാതെ നടിമാർ സംഘടന രൂപീകരിച്ചതും അമ്മ യോഗത്തിൽ ചർച്ചയായേക്കും.

അമ്മയുടെ അനുവാദമില്ലാതെ വനിതാ സംഘടന രൂപീകരിച്ചതിനെതിരായ നിലപാടുള്ള താരങ്ങൾ ഇക്കാര്യം ഉന്നയിച്ചാൽ അത് അഭിപ്രായ ഭിന്നതയിലേക്കു നയിക്കും. ഇന്നസെന്റ്, ഗണേശ്, മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ്, നെടുമുടി വേണു, ദേവൻ, ലാലു അലക്‌സ്, മുകേഷ്, സിദ്ദിഖ്, മണിയൻപിള്ള രാജു, കലാഭവൻ ഷാജോണ്, പൃഥ്വിരാജ്, നിവിൻപോളി, ആസിഫ് അലി, രമ്യ നന്പീശൻ, കുക്കു പരമേശ്വരൻ എന്നിവരാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ജനറൽബോഡി യോഗത്തിനുശേഷം വിവാദവിഷയത്തിൽ സംഘടനയുടെ നിലപാട് അറിയിക്കുമെന്നാണു വിവരം.