- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ ഉണ്ടാക്കിയെന്ന് അവകാശവാദം ഉന്നയിക്കുന്നവരല്ല ഔദ്യോഗിക പാനലിലെ ഇവരാരും; അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല; മണിയൻപിള്ളയെ തോൽപ്പിക്കാൻ കച്ചമുറുക്കി മോഹൻലാൽ; സിദ്ദിഖിന്റെ വോട്ടഭ്യർത്ഥനയും പോരാട്ട ചൂടിന് തെളിവ്
കൊച്ചി: അമ്മയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നത് പൊരിഞ്ഞ മത്സരം. മണിയൻപിള്ള രാജുവിന്റെ സാന്നിധ്യമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ പോരിനെ പ്രവചനാതീതമാക്കിയത്. ഇതോടെ ഔദ്യോഗിക പക്ഷം വോട്ട് അഭ്യർത്ഥനയും തുടങ്ങി. ഏത് സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റായി വനിതകൾ എത്തണമെന്ന് നിശ്ചയിച്ചതെന്ന് ഉൾപ്പെടെ വിവരിച്ചാണ് പ്രചരണ കുറിപ്പ്. അമ്മയുടെ ട്രഷററായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നടൻ സിദ്ദിഖിന്റെ പേരിലാണ് ഈ കുറിപ്പ് എത്തുന്നത്.
ഔദ്യോഗിക പാനലിലെ ആരെയൊക്കെ തെരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം ഉന്നയിക്കുന്നവരല്ല ഔദ്യോഗിക പാനിലിലെ ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കും എന്ന വീരവാദം മഴക്കിയവരുമല്ല. അമ്മയുടെ തലപ്പത്ത് ഇരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിന് വേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് മോഹന വാഗ്ദാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല. ഏറ്റെടുത്ത ജോലി ഭംഗിയായി നിർവ്വഹിച്ച് പരിചയമുള്ളവർ. ഞങ്ങളൊരുമിച്ച് കൈകോർത്താൽ ഇനിയും ഒരുപാട് നന്മകൾ അമ്മയിലെ അംഗങ്ങൾക്ക് ചെയ്യാനാവും എന്ന് പ്രതീക്ഷയുണ്ട്. തീരുമാനം നിങ്ങൾക്ക്-ഇതാണ് സിദ്ദിഖിന്റെ വോട്ട് അഭ്യർത്ഥനാ കുറിപ്പിലുള്ളത്.
1991ൽ രൂപപ്പെട്ട 'അമ്മ എന്ന സംഘട 27 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മൾ ഓർക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് സിദ്ദിഖ് ഈ കുറിപ്പിൽ ആമുഖമായി പറയുന്നുണ്ട്. മധുവിനേയും ഇന്നസെന്റിനേയും മമ്മൂട്ടിയേയും മോഹൻലാലിനേയും ഇടവേള ബാബുവിനേയും പ്രത്യേകം പേരു പറഞ്ഞുയർത്തിക്കാട്ടിയാണ് വോട്ടഭ്യർത്ഥന. അമ്മ ഈ നിലയിൽ മുമ്പോട്ട് പോകണമെങ്കിൽ അമ്മയുടെ ഭരണം സുരക്ഷിത കരങ്ങളിൽ ആയിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് സിദ്ദിഖ് നടത്തുന്നത്. 19ന് വോട്ട് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ഓർക്കണമെന്ന ആമുഖത്തോടെയാണ് ഈ നോട്ടീസ് സിദ്ദിഖ് തയ്യാറാക്കിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഇരുപതിനായിരവും എന്റേയും ഗണേശിന്റേയും അയ്യായിരവും കൊണ്ടാണ് അമ്മ തുടങ്ങിയത് എന്ന് മറുനാടന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞിരുന്നു. താൻ വസ്തു കൊടുക്കാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ലെന്ന് എക്സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന നാസർ ലത്തീഫും പറഞ്ഞു. ഇതിനെല്ലാം പ്രത്യക്ഷത്തിൽ തന്നെ ഔദ്യോഗിക പക്ഷം മറുപടി നൽകുകയാണ് സിദ്ദഖിന്റെ നോട്ടീസിലൂടെ. ഓദ്യോഗിക പക്ഷത്തെ ജയിപ്പിച്ചേ മതിയാകൂവെന്ന സന്ദേശമാണ് ഇതിലുള്ളത്.
താരസംഘടനയായ 'അമ്മ'യിൽ മത്സരത്തിന് ഇറങ്ങിയ മണിയൻപിള്ള രാജു അപ്രതീക്ഷിത വിജയം നേടുമെന്ന ചർച്ച സജീവമാണ്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പാനലിന് വേണ്ടിയുള്ള വോട്ട് അഭ്യർത്ഥന. സീനിയറായ മണിയൻപിള്ളയ്ക്ക് ഔദ്യോഗിക പാനലിനെ അട്ടിമറിച്ച് ജയിക്കാനുള്ള കരുത്തുണ്ടെന്ന വിലയിരുത്തൽ സിനിമാക്കാർക്കിടയിൽ തന്നെയുണ്ട്. മോഹൻലാലിനെ വീണ്ടും പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറി ഇടവേളബാബുവും ട്രഷറർ സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും മത്സരമില്ലാതെ ഭാരവാഹികളായി. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻ പിള്ള മത്സരിക്കാൻ എത്തിയത്.
മോഹൻലാലിന്റെ പാനലിൽ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. ലാലിന്റെ പിന്തുണയും ഇവർക്ക് വിജയമുറപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട്. മണിയൻപിള്ള രാജുവിന്റെ ജനകീയ പരിവേഷമാണ് ഇതിന് കാരണം. അമ്മയുടെ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്കുവഹിച്ച മണിയൻപിള്ളയ്ക്ക് എല്ലാ നടീ നടന്മാരുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം മണിയൻപിള്ളയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറിയ മുൻതൂക്കം നൽകുന്നുണ്ട്. ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാൻ മോഹൻലാൽ അടക്കമുള്ളവർ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാൽ ശ്വേതാ മേനോന് പ്രചരണത്തിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവർക്ക് പോലുമുണ്ട്.
ഔദ്യോഗിക പാനലിനെ മണിയൻപിള്ള രാജു തോൽപ്പിച്ചാൽ അത് മോഹൻലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങൾ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മണിയൻപിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോൽപ്പിക്കുമെന്ന ആശങ്ക ലാൽ ക്യാമ്പിലുണ്ട്. എക്സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതിൽ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാർത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി.
ലാലും നസാർ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവർ. ഇതിൽ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. മണിയൻപിള്ളയെ പോലെ ലാലിനും സിനിമാക്കാർക്കിടയിൽ നല്ല സ്വാധീനമുണ്ട്. വിജയ് ബാബു വോട്ട് പിടിക്കാൻ ശ്രമിക്കുന്നില്ല. വിജയ് ബാബു പിന്മാറാനുള്ള പത്രിക ഒപ്പിട്ടു നൽകിയെങ്കിലും അതിൽ പേര് രേഖപ്പെടുത്താതിരുന്നതിനാൽ സാങ്കേതിക കാരണങ്ങളാൽ മത്സര രംഗത്ത് തുടരേണ്ടി വരികയായിരുന്നു. നാസർ ലത്തീഫിനും അട്ടിമറിക്കരുത്തില്ല. എന്നാൽ ലാൽ ശക്തനായ സ്ഥാനാർത്ഥിയാണ്.
സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാൻ മുകേഷും ജഗദീഷും പത്രിക നൽകിയിരുന്നു. ഇവർ രണ്ടു പേരും പത്രിക പിൻവലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താൻ പത്രിക നൽകിയതെന്നായിരുന്നു ജഗദീഷും മണിയൻപിള്ളയും തുടക്കത്തിൽ പറഞ്ഞിരുന്നത്. മുകേഷ് പിൻവലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാൽ മണിയൻപിള്ള ഏവരേയും ഞെട്ടിച്ച് മത്സര രംഗത്ത് തുടരുകയായിരുന്നു.
അങ്ങനെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹൻലാലിന്റെ നീക്കത്തെ മണിയൻപിള്ള രാജു അട്ടിമറിച്ചു. എക്സ്കൂട്ടീവിലേക്ക് ലാലും നാസർ ലത്തീഫും മത്സരം ഉറപ്പാക്കി. താര സംഘടനയിലെ ഇലക്ഷനിൽ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹൻലാലിന് താൽപ്പര്യം. ഇത്തവണ ഈ പദവികളിൽ വനിതകൾ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിന്റെ നിർദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. എന്നാൽ മുകേഷ് കടുംപിടിത്തം തുടർന്നു. സിപിഎം നിർദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങൾക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല.
സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎൽഎ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. ഇതെല്ലാം മനസ്സിലാക്കി മുകേഷ് പിന്മാറി. മത്സരിച്ച് തോൽക്കുന്നത് നാണക്കേടാകുമെന്ന തിരിച്ചറിവിൽ കൂടിയാണ് ഇത്. മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനൽ എത്തണമെന്നതായിരുന്നു മോഹൻലാലിന്റെ ആഗ്രഹം. ഇതാണ് നടക്കാതെ പോകുന്നത്. മമ്മട്ടിയും ഇന്നസെന്റും ഇതിനെ പിന്തുണച്ച് മുമ്പിലുണ്ടായിരുന്നു. ഷമ്മി തിലകൻ മത്സരിക്കുമെന്ന ആശങ്ക ഇവർക്കുണ്ടായിരുന്നു. എന്നാൽ പത്രികയിൽ ഒപ്പിടാത്തതു കൊണ്ട് ഷമ്മിയുടെ നാമനിർശം തള്ളി. ഈ സാഹചര്യത്തിൽ ഭീഷണി പകുതി ഒഴിയുകയും ചെയ്തു. എന്നാൽ മണിയൻപിള്ള വെല്ലുവിളിയുമായി.
മറുനാടന് മലയാളി ബ്യൂറോ