തിരുവനന്തപുരം: അമ്മയിലെ ലൈഫ് മെമ്പർഷിപ്പിൽ ആദ്യ പേരുകാരൻ സുരേഷ് ഗോപിയാണ്. രണ്ടാമൻ കെബി ഗണേശ് കുമാറും. മൂന്നാമത് മണിയൻ പിള്ളരാജുവും. അതായത് ആദ്യ രണ്ട് അംഗങ്ങളും നിയമനിർമ്മാണ സഭകളിലെ അംഗങ്ങൾ. സുരേഷ് ഗോപി രാജ്യസഭയിലും ഗണേശ് കുമാർ നിയമസഭയിലും. ഇതിനൊപ്പം മറ്റൊരു എംഎൽഎയും അമ്മയ്ക്കുണ്ട്. മുകേഷ്. ആദ്യ പേരുകാരനായ സുരേഷ് ഗോപി അമ്മയുടെ കാര്യങ്ങളിൽ ഇടപെടാറില്ല. എന്നാൽ നിയമസഭാ അംഗങ്ങളായ ഗണേശും മുകേഷും സംഘടനയിൽ സജീവമായിരുന്നു. മിക്കവാറും ടേമിൽ ഭാരവാഹി ആകുന്നവർ. ഈ രണ്ടു പേരേയും ഇത്തവണ അമ്മയുടെ ഭരണ സമിതിയിൽ നിന്ന് തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു മോഹൻലാൽ. 

പതിനൊന്ന് എക്‌സിക്യൂട്ടീവ് സമിതിയിൽ നാലുപേർ വനിതകളാണ്. വൈസ് പ്രസിഡന്റായി ഒരു വനിതയും. അതായത് ആറു ഭാരവാഹികളും പതിനൊന്ന് എക്‌സിക്യൂട്ടീവ് സമിതിയും കൂടെ കൂട്ടിയാൽ വരുന്ന 17 പേരിൽ ആഞ്ചു പേർ വനിതകളായി. വനിതകളിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് സുരഭി ലക്ഷ്മിക്കാണ്. 236 വോട്ടുമായി സുരഭി ലക്ഷ്മി എക്‌സിക്യൂട്ടീവിലെ മൂന്നാം സ്ഥാനക്കാരിയായി. ഈ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയക്കാരെ ഭരണ സമിതിയിൽ നിന്നും മോഹൻലാൽ ഒഴിവാക്കിയെന്നതാണ് ഏറ്റവും ശ്രദ്ധേയം.

വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് വേണ്ടി അനൗദ്യോഗികമായി സംവരണം ചെയ്യുകയായിരുന്നു ഇതിനായി ആദ്യം ചെയ്തത്. സംഘടനയിൽ അനാവശ്യമായി രാഷ്ട്രീയം കൊണ്ടു വരാൻ ചില ശ്രമങ്ങൾ നടക്കുന്നുവെന്ന സംശയം പലർക്കുമുണ്ടായിരുന്നു. ബിനീഷ് കോടിയേരിയുടെ വിഷയം നേരത്തെ അമ്മ ചർച്ച ചെയ്തപ്പോൾ അതിശക്തമായ എതിർപ്പാണ് മുകേഷ് ഉന്നയിച്ചത്. ഇതിന് പിന്നാൽ രാഷ്ട്രീയമുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിൽ ഗണേശ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും സമൂഹം ഏറ്റെടുത്തു. ജോജു വിഷയത്തിൽ അടക്കം അമ്മയെ ഗണേസ് വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് എംഎൽഎമാരേയും ഒഴിവാക്കാനായി വനിതാ സംവരണമെന്ന നിർദ്ദേശം അവതരിപ്പിക്കുകയായിരുന്നു ഔദ്യോഗിക നേതൃത്വം. മോഹൻലാലിന്റെ പാനലിനെ അട്ടിമറിക്കാൻ കഴിയില്ലെന്ന പൊതു ധാരണയും ഉണ്ടാക്കിയെടുത്തു. ഇതാണ് മുകേഷിനെ മത്സര രംഗത്തു നിന്ന് പിന്മാറ്റിച്ചത്.

എന്തുവന്നാലും മത്സര രംഗത്ത് തുടരുമെന്ന നിലപാടിലായിരുന്നു മുകേഷ്. ഇതോടെ മണിയൻപിള്ള രാജുവും ജഗദീഷും അടക്കം മത്സരത്തിന് എത്തി. മുകേഷ് മത്സരിച്ചാൽ തങ്ങളും മത്സരിക്കുമെന്നായിരുന്നു മണിയൻപിള്ള രാജുവിന്റേയും ജഗദീഷിന്റേയും നിലപാട്. സിപിഎം നിർദ്ദേശ പ്രകാരമാണ് താൻ മത്സരിക്കുന്നതെന്ന് മുകേഷും പറഞ്ഞു. എന്നാൽ വനിതാ സംവരണത്തെ അട്ടിമറിക്കാൻ കൊല്ലം എംഎൽഎ ശ്രമിക്കുന്നുവെന്ന തരത്തിലെ ചർച്ചകൾ മുകേഷിന് പ്രതിസന്ധിയായി. മുകേഷ് മത്സരത്തിൽ നിന്ന് പിന്മാറി. തോൽവി കൂടി ഭയന്നായിരുന്നു ഇത്. എന്നാൽ അമ്മയിൽ വിമതന്മാർക്കും ജയിച്ചു കയറാമെന്ന സ്ഥിതി മണിയൻപിള്ള രാജു സാധ്യമാക്കി. ഇതിനൊപ്പം എക്‌സിക്യൂട്ടീവിലേക്ക് വിജയ് ബാബുവും ലാലും ജയിച്ചു. ഫലത്തിൽ നിരാശനാകുന്നത് മുകേഷ് മാത്രമാണ്.

മത്സരിച്ചിരുന്നുവെങ്കിൽ ജയിക്കാമായിരുന്നു എന്ന ചിന്ത ഇപ്പോൾ മുകേഷിനുമുണ്ട്. അമ്മയിലെ ഭാരവാഹിത്വം വെറുതെ കളഞ്ഞുവെന്ന ചിന്ത. മണിയൻപിള്ള രാജുവിന് കിട്ടിയ വമ്പൻ ഭൂരിപക്ഷം ഔദ്യോഗിക പാനലിലെ രഹസ്യ പിന്തുണയുടെ കൂടെ ഫലമാണെന്ന് ചിലരെങ്കിലും വിലയിരുത്തുന്നുണ്ട്. എന്നാൽ ആരു ജയിച്ചാലും അമ്മയിലെ രാഷ്ട്രീയക്കാർ ഒഴിവായതിന്റെ ആശ്വാസത്തിലാണ് മോഹൻലാൽ. തീരുമാനങ്ങളിൽ ആരുടേയും രാഷ്ട്രീയം ഇനി കടന്നു വരില്ല. വിമതരായി ജയിച്ചവർ ലാലിനെ അംഗീകരിക്കുന്നു. ഇടവേള ബാബുവിനോടും ഇവർക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. അതുകൊണ്ട് തന്നെ മുമ്പോട്ടുള്ള പ്രവർത്തനത്തിന് തടസ്സമുണ്ടാകില്ലെന്ന് അവർ വിലയിരുത്തുന്നു.

മുകേഷും ഗണേശും യോഗത്തിന് എത്തിയിരുന്നു. സുരേഷ് ഗോപി പതിവു പോലെ പങ്കെടുത്തതുമില്ല. എന്നാൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ അമ്മാ യോഗത്തിന് എത്തുകയും ചെയ്തു. താര സംഘടനയിലെ ഇലക്ഷനിൽ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെയാണ് മത്സരത്തിൽ നിന്ന് പിന്മാറാൻ മുകേഷ് സമ്മതം പ്രകടിപ്പിച്ചത്.

വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനായിരുന്നു് മോഹൻലാലിന് താൽപ്പര്യം. ഔദ്യോഗിക പാനലിൽ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജയസൂര്യയ്ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ലായിരുന്നു. വൈസ് പ്രസിഡന്റായി രണ്ടു പേർക്ക് കടന്നുവരാം. ഇത്തവണ ഈ പദവികളിൽ വനിതകൾ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിന്റെ നിർദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു.

എന്നാൽ മുകേഷ് കടുംപിടിത്തം തുടർന്നു. സിപിഎം നിർദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങൾക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎൽഎ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ സിപിഎം നേതൃത്വം മുകേഷിനോട് പാർട്ടിക്കു വേണ്ടി മത്സരിക്കേണ്ടതില്ലെന്ന് അറിയിച്ചു. അപ്പോഴും മണിയൻപിള്ള മത്സരത്തിൽ ഉറച്ചു നിന്നു. ഒടുവിൽ താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്ന് രണ്ട് പേർക്കും വിമത പാനലിൽ ഉണ്ടായിരുന്ന ഒരാൾക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നിവിൻ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലിൽ നിന്ന് തോറ്റത്. നിവിൻ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായിരുന്ന നാസർ ലത്തീഫിന് 100 വോട്ടുകൾ മാത്രമാണ് നേടാനായത്.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മണിയൻ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു. ഔദ്യോഗിക പാനലിൽ നിന്ന് സ്ഥാനാർത്ഥിയായ ആശ ശരത് പരാജയപ്പെട്ടു. 224 വോട്ടാണ് മണിയൻ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോൾ ആശ ശരത്തിന് 153 വോട്ടുകൾ മാത്രമാണ് നേടാനായത്. 11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിൻ പോളി, നാസർ ലത്തീഫ് എന്നിവരാണ് ഈ വിഭാഗത്തിൽ പരാജയപ്പെട്ടത്.

വൈസ് പ്രസിഡന്റ് മത്സരാർഥികളും വോട്ടുകളും

മണിയൻപിള്ള രാജു (224)
ശ്വേത മേനോൻ (176)
ആശ ശരത് (153)

എക്സിക്യൂട്ടീവ് കമ്മറ്റി മത്സരാർഥികളും വോട്ടുകളും

സുധീർ കരമന261
ബാബുരാജ് -242
സുരഭി-236
ലെന-234
വിജയ് ബാബു-225
ടൊവിനോ തോമസ്-220
ടിനി ടോം-222
മഞ്ജു പിള്ള-215
ലാൽ-212
ഉണ്ണി മുകുന്ദൻ-198
രചന നാരായണൻകുട്ടി-180
നിവിൻ പോളി-158
ഹണി റോസ്-145
നാസർ ലത്തീഫ്-100