തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ടെലിവിഷൻ അവാർഡ് നിശയിൽ എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി സീരിയൽ താരങ്ങളെ അവഹേളിച്ച് സംസാരിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മികച്ച സീരിയലുകൾക്ക് അവാർഡ് നൽകുന്ന രീതി എങ്ങനെയെന്ന് ചോദിച്ച് വിമർശിച്ച മമ്മൂട്ടിക്ക് മറുപടിയുമായി സീരിയൽ സംവിധായകർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, സീരിയലുകാരോടുള്ള മമ്മൂട്ടിയുടെ കലിപ്പു തീർന്നോ എന്നാണ് ഇപ്പോൾ ഇപ്പോൾ പലരും ചോദിക്കുന്നത്. അതിന് കാരണവുമുണ്ട്, താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുക്കപ്പെട്ട ശേഷം സംഘടന ആദ്യമായി പ്രഖ്യാപിച്ചത് സീരിയലുകൾ നിർമ്മിക്കുമെന്നതാണ്. സീരിയൽ രംഗത്ത് കൂടുതൽ സിനിമാ താരങ്ങളെ എത്തിക്കാനാണ് സംഘടനയുടെ ഈ നീക്കം.

സീരിയൽ നിർമ്മിക്കാനാണ് സംഘടന ഒരുങ്ങുന്നത്. 480 അംഗങ്ങളുള്ള സംഘടനയിലെ മുതിർന്നവരുൾപ്പെടുന്ന നല്ലൊരു വിഭാഗം താരങ്ങൾക്ക് വരുമാനമൊരുക്കാമെന്ന ചിന്തയിലാണ് അമ്മ സീരിയൽ നിർമ്മാണത്തിലേക്ക് പ്രവേശിക്കുന്നത്. സിനിമയിൽ തിരക്ക് കുറഞ്ഞവർക്ക് സീരിയലിലൂടെ ജീവിതോപാധി ഒരുക്കുകയാണ് സീരിയൽ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇടവേള ബാബു പറഞ്ഞു.

ഈ മാസം 28ന് കൊച്ചിയിൽ നടക്കുന്ന സംഘടനയുടെ ജനറൽ ബോഡിയിൽ ഇക്കാര്യം ചർച്ച ചെയ്യും. ചലച്ചിത്രതാരങ്ങൾ ടെലിവിഷൻ ഷോകളിൽ വിധികർത്താക്കളായും അവതാരകരായും പങ്കെടുക്കുന്നതിനും അഭിനയിക്കുന്നതിനുമെതിരെ നിർമ്മാതാക്കളുടെ സംഘടനയുടെ എതിർപ്പ് നിലനിൽക്കെയാണ് താരസംഘടന ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇന്നസെന്റ് പ്രസിഡന്റായും മമ്മൂട്ടി ജനറൽ സെക്രട്ടറിയായുമുള്ള അമ്മയുടെ പുതിയ നേതൃത്വമാണ് സംഘടനയിലെ സഹതാരങ്ങൾക്ക് കൈത്താങ്ങുക എന്ന ലക്ഷ്യവുമായി പുതിയ ആശയത്തിലെത്തിയിരിക്കുന്നത്.

മലയാളത്തിലെ മുൻ നിരതാരങ്ങളെല്ലാം അണിനിരന്ന ട്വന്റി ട്വന്റി നിർമ്മിച്ചത് അമ്മയായിരുന്നു. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ പിന്തുണയോടെയാണ് താരസംഘടന ഈ ചിത്രം നിർമ്മിച്ചത്.