കോട്ടയം: ആമി സിനിമയെക്കുറിച്ച് എഴുതിയ വിമർശനം ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന് പേരിൽ നീക്കം ചെയ്ത നടപടിയിൽ ഫേസ്‌ബുക്ക് മാപ്പുപറഞ്ഞു. നീക്കം ചെയ്ത കുറിപ്പ് പുനഃ സ്ഥാപിക്കുകയും ചെയ്തു.

ചലച്ചിത്രസംവിധായകനായ വിനോദ് മങ്കരയും മറ്റുചിലരും സിനിമയെക്കുറിച്ച് എഴുതിയ വിമർശനം പരാതിയെത്തുടർന്നു ഫേസ്‌ബുക്ക് നീക്കം ചെയ്തിരുന്നു. സിനിമയോടുള്ള വിമർശനത്തിൽ അസ്വസ്ഥരായ അണിയറക്കാർ ബൗദ്ധികസ്വത്തവകാശ ലംഘനമെന്ന വ്യാജപരാതിയിലാണ് ഇത്തരം കുറിപ്പുകൾ നീക്കിയത്. ഈ തെറ്റ് ഏറ്റുപറഞ്ഞ് ഫെയ്‌സ് ബുക്ക് മാപ്പു പറയുമ്പോൾ കമലിന്റെ ആമി പരാജയത്തിലേക്ക് കൂപ്പു കുത്തുകയാണ്.

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സിനിമയെ വിമർശിച്ച് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പാണ് സിനിമാനിർമ്മാതാക്കളായ റിയൽ ആൻഡ് റിയൽ കമ്പനി ബൗദ്ധിക സ്വത്തവകാശ ലംഘനമെന്ന പരാതി നൽകി നീക്കിയത്.
എന്നാൽ മൂന്നാംകക്ഷി തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇത്തരത്തിൽ നീക്കിയതെന്നും കുറിപ്പ് പുനഃസ്ഥാപിക്കുകയാണെന്നും അറിയിച്ചുകൊണ്ട് വിവിദ ആളുകൾക്ക് ഇ-മെയിലിൽ ഫേസ്‌ബുക്ക് വ്യക്തമാക്കി. സംഭവത്തിൽ ഫേസ്‌ബുക്ക് ഇ മെയിലിലൂടെ മാപ്പ് പറഞ്ഞിട്ടുമുണ്ട്. വിമർശനങ്ങളോടുള്ള അസഹിഷ്ണുതയ്ക്കെതിരേ വ്യാപകപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉണ്ടായത്. ഇതേത്തുടർന്നാണ് ഫേസ്‌ബുക്കിന്റെ തെറ്റുതിരുത്തൽ.

ആമിക്കെതിരേയും തുറന്നെഴുത്തലിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ് ബുക്കിന്റെ നടപടി. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ആവിഷ്‌കാര സ്വതന്ത്രത്തിന് കാര്യമായ കോട്ടം സംഭവിച്ചെന്ന് ശക്തമായി വാദിച്ച സംവിധായകനാണ് കമൽ. കിട്ടിയ അവസരത്തിലൊക്കെ മോദിയെ തെറിവിളിച്ചതിന്റെ ഉപകാരമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം കമലിന് നൽകിയതെന്നാണ് സംഘപരിവാർ അനുകൂലികൾ അദ്ദേഹത്തെ കുറിച്ച് പരാതി പറയാറ്.

അങ്ങനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന കമലും ഒടുവിൽ തനി സ്വരൂപം കാട്ടിയെന്ന വിമർശനവും ഇതിലൂടെ ഉടർന്നു. വിമർശനങ്ങളെ അംഗീകരിക്കാതെ നെഗറ്റീവ് റിവ്യൂകൾ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്യിക്കാൻ കച്ചകെട്ടിയിറങ്ങി ആമിയുടെ അണിയറ പ്രവർത്തകർക്കെതിരെ രൂക്ഷമായ വിമർശനവും ഉടർന്നു. .

കമൽ എന്ന സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കണ്ണുകളിലൂടെ കണ്ട ആമീ പുസ്തകങ്ങളിലൂടെ ഞാൻ കണ്ട കമല ആയിരുന്നില്ല.ബാല്യകാലത്തിലെ ആമി മധുരനൊമ്പരങ്ങൾ പകർന്നുവെങ്കിലും മഞ്ജു എന്ന കലാകാരി തന്റെ പരിമിതികളും കുറവുകളും മാത്രം പ്രതിഫലിപ്പിച്ച്‌കൊണ്ടാണ് ആമിയെ നമുക്കുമുന്നിൽ സമർപ്പിച്ചത്. കമലിന്റെ ആമിയും എന്റെ മാധവിക്കുട്ടിയും വ്യത്യസ്ഥരാണ്!-ഇത്തരത്തിലെ റിവ്യൂവാണ് ആമിയുമായി ബന്ധപ്പെട്ട് എഫ് ബിയിൽ ഉയർന്നത്. പോസ്റ്റുകൾ നീക്കം ചെയ്തത് കമലിന് പ്രതിച്ഛായ നഷ്ടവും ഉണ്ടാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. ഇതോടെ എല്ലാ അർത്ഥത്തിലും ആമിക്ക് പിന്നിൽ പ്രവർത്തിച്ചവർ വെട്ടിലായി.

സംവിധായകൻ വിനോദ് മങ്കര തന്റെ ഫേയ്‌സ്ബുക്കിൽ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്. തുടർന്നാണ് കൂടുതൽ ഫേയ്‌സ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് റിവ്യൂകൾ നീക്കം ചെയ്തതായുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മംഗളത്തിലെ സിനിമ നിരൂപകൻ ഇ.വി ഷിബു എഴുതിയ റിവ്യൂവും ഫേയ്‌സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായതായി അദ്ദേഹം പറഞ്ഞു.

കമൽ ചിത്രമായ ആമിക്ക് കൂടുതലും മോശം പതികരണമാണ് ലഭിക്കുന്നത്. തിയേറ്ററിലും സിനിമ വീണു. വിവാദം കൊണ്ട് സിനിമ വിജയിപ്പിക്കാനാകില്ലെന്ന പാഠമാണ് അമി മലയാള സിനിമയ്ക്ക് നൽകിയത്.