റിയാദ്: വരുന്ന റമദാൻ വിദേശികൾ ഉൾപ്പെട്ട നിരവധി പേർക്ക് ഗുണകരമാകും. ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാരെ മോചിപ്പിക്കാനും വിവിധ കുറ്റങ്ങളിൽ പിഴയടക്കാനുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കുമെന്ന് സൂചന. വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഈ പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഗവർണറേറ്റ്, നിയമ മന്ത്രാലയം തുടങ്ങിയ വകുപ്പുകളാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. അർഹരായ തടവ് പുള്ളികളെ റമദാനിൽ മോചിപ്പിക്കും. ചാട്ടയടി വിധിക്കപ്പെട്ടവർക്കും, കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങൾ ചോർത്തൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളിൽ തടവ്ശിക്ഷ അനുഭവിക്കുന്നവർക്കും പൊതുമാപ്പ് ലഭിക്കില്ല. തടവ് ശിക്ഷയുടെ പകുതി അനുഭവിച്ചവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

നഷ്ടപരിഹാരത്തുക നൽകാൻ കഴിയാതെ തടവിൽ കഴിയുന്ന സൗദികളുടെ സാമ്പത്തിക ബാധ്യത ഗവണ്മെന്റ് ഏറ്റെടുത്ത് പെട്ടെന്ന് മോചിപ്പിക്കും. ജയിലിൽ കഴിയുന്ന വിദേശികളുടെ അഞ്ച് ലക്ഷത്തിൽ താഴെ സൗദി റിയാലിന്റെ ബാധ്യത മാത്രമേ സർക്കാർ ഏറ്റെടുക്കുകയുള്ളൂ. അഞ്ച് ലക്ഷത്തിൽ കൂടുതൽ ബാധ്യത ഉള്ളവരും, അത് അടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരുമായ വിദേശികളുടെ കേസ് വീണ്ടും കോടതി പരിഗണിക്കും. നഷ്ടപരിഹാര തുകയ്ക്ക് പകരം തടവ് ശിക്ഷ നൽകി ഇവരെ നാടു കടത്താനാണ് നീക്കമെന്നും റിപ്പോർട്ട് പറയുന്നു.

സ്വദേശികളും വിദേശികളുമായി പതിനായിരങ്ങൾക്ക് സ്വന്തം കുടുംബത്തോടൊപ്പം നോമ്പും പെരുന്നാളും ചെലവഴിക്കാൻ ഇളവുകാലം ഉപകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.